മോഷണം പോയ രേഖകൾക്ക് ഈടാക്കിയ തുക തിരികെ നൽകണം -മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: സ്കൂളിൽ കള്ളൻ കയറിയപ്പോൾ നഷ്​ടപ്പെട്ട ഒറിജിനൽ രസീതുകളുടെ ബാധ്യതയായി പ്രധാനാധ്യാപികയുടെ വിരമിക്കൽ ആനുകൂല്യത്തിൽനിന്ന്​ ഈടാക്കിയ 60,000 രൂപ മടക്കിനൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ധനവകുപ്പ് സെക്രട്ടറിക്കും ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർക്കുമാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. താമരശ്ശേരി ഉപ വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള മലപ​ുറം ജി.എം.എൽ.പി സ്കൂളിൽനിന്ന്​ 2018ൽ വിരമിച്ച പ്രധാനാധ്യാപിക സമർപ്പിച്ച പരാതിയിലാണ് നടപടി. കമീഷൻ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറിൽനിന്ന്​ റിപ്പോർട്ട് വാങ്ങി. 2018ൽ സ്കൂളിൽ നടന്ന ഓഡിറ്റിലാണ് 60,000 രൂപയുടെ വൗച്ചർ നഷ്​ടമായതായി കണ്ടെത്തിയത്. സ്കൂളിൽ നടന്ന മോഷണത്തിലാണ് രേഖകൾ നഷ്​ടമായത്. 60,000 രൂപയുടെ ബാധ്യത എഴുതിത്തള്ളാൻ അധ്യാപിക സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. തുക തിരികെ നൽകാൻ തീരുമാനിച്ചെങ്കിലും ട്രഷറി ഓഫിസർ തടസ്സം നിന്നു. ഇക്കാര്യത്തിൽ ധനവകുപ്പ് സെക്രട്ടറിക്ക് മാത്രമേ ഇനി തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ​െവന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി ഗുരുതര രോഗത്തിനുള്ള ചികിത്സയിലാണ്. രോഗാവസ്ഥ കണക്കിലെടുത്ത് വിരമിക്കൽ ആനുകൂല്യത്തിൽനിന്ന്​ ഈടാക്കിയ തുക തിരികെ നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.