പയ്യോളി സപ്ലിമെൻ്റ്

തീരത്തി​ൻെറ ദാഹമകറ്റാൻ ജപ്പാൻ കുടിവെള്ള പദ്ധതി നഗരസഭയിലെ 17 തീരദേശ വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ജപ്പാൻ കുടിവെള്ള പദ്ധതി ആരംഭിക്കുന്നു. ഇതി​ൻെറ ഭാഗമായി 33 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. സംസ്ഥാന ജലവിഭവ വകുപ്പ് 2019-20 വർഷത്തെ അർബൻ വാട്ടർ സപ്ലൈ സ്കീമിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കൂടാതെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടു കോടി രൂപകൂടി പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ഇതോടെ, നഗരസഭയിലെ പകുതിയോളം വാർഡുകളിൽ വർഷങ്ങളായി അനുഭവപ്പെടുന്ന മഞ്ഞനിറം കലർന്ന വെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയാണ്. നഗരസഭയിലെ 22 മുതൽ 36 വരെയുള്ള ഡിവിഷനുകളിലും ഒന്ന്, രണ്ട് ഡിവിഷനുകളിലുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പെരുവണ്ണാമുഴിയിലെ 174 ദശലക്ഷം ലിറ്റർ ഉൽപാദനശേഷിയുള്ള ശുദ്ധീകരണശാലയിൽനിന്ന് തുറയൂർ കടുവാഞ്ചേരി കുന്നിൽ സ്ഥാപിക്കുന്ന ജലസംഭരണിയിലെത്തിച്ചാണ് പയ്യോളിയിലേക്ക് വെള്ളമെത്തുക. തുറയൂരിൽനിന്ന് കണക്​ഷൻ ലൈൻ ആറു കിലോമീറ്റർ ദൈർഘ്യത്തിൽ പേരാമ്പ്ര റോഡ്, കീഴൂർ, തേവർമഠം വഴി അയനിക്കാട് ഇരുപത്തിനാലാം മൈൽസ് ദേശീയപാതയും റെയിൽപാതയും കടന്ന് ജെ.ടി.എസ് സ്കൂൾ പരിസരത്ത് എത്തും. ഇതിനുസമീപം വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15 സൻെറ്​ സ്ഥലം ലഭ്യമാകുന്ന മുറക്ക് പതിനാലര ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി അവിടെ സ്ഥാപിച്ചാണ് ശുദ്ധജല വിതരണം യാഥാർഥ്യമാക്കുക. ആളോഹരി പ്രതിദിനം നൂറ്റിയമ്പത് ലിറ്റർ തോതിൽ 30,636 പേർക്ക് 4.35 ദശലക്ഷം ലിറ്റർ കുടിവെള്ളം നിത്യേന ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ. ഒരു വർഷത്തിനുള്ളിൽതന്നെ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞ മാർച്ചിൽ തീരുമാനിച്ചെങ്കിലും കോവിഡ് തിരിച്ചടിയായി. പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അതോറിറ്റി, റെയിൽവേ തുടങ്ങിയ വകുപ്പുകളിൽനിന്ന് അനുമതിയും ലഭിക്കേണ്ടതുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.