ആദിവാസി വയോധികയുടെ മൃതദേഹം എട്ടുമണിക്കൂർ ആശുപത്രിയിൽ: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കോഴിക്കോട്: ഇൻക്വസ്റ്റിന് പൊലീസെത്താൻ വൈകിയതു കാരണം ആദിവാസി വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിക്കാൻ എട്ടു മണിക്കൂറെടുത്തെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവിയും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടും ഒരാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കൂരാച്ചുണ്ട് പൊലീസ് ഉദ്യോഗസ്ഥരും ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും യഥാസമയം ആശുപത്രിയിൽ എത്തിയിരുന്നില്ല. കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാർഡിൽ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവിയാണ് (90) ശനിയാഴ്ച വൈകീട്ട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രയിൽ മരിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയില്ലാത്തത് കാരണമാണ് മെഡിക്കൽ കോളജിൽ രാത്രിതന്നെ മൃതദേഹം എത്തിക്കേണ്ടിയിരുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.