പഞ്ചായത്ത്‌ ഭരണസമിതിയുടെ അനാസ്ഥ; മടവൂരിന് നീർത്തടപദ്ധതി നഷ്ടമായി

മടവൂർ: മടവൂർ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ അനാസ്ഥ മൂലം ഗ്രാമപഞ്ചായത്തിലേക്ക് അനുവദിച്ചുകിട്ടിയ സമഗ്ര നീർത്തട പദ്ധതി നഷ്ടമായതായി എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കൃഷി, മണ്ണ്, ജല സംരക്ഷണ പ്രവൃത്തികളും ദരിദ്ര കുടുംബങ്ങൾക്ക് സാമ്പത്തിക വരുമാനം ആർജിക്കാനുള്ള പദ്ധതികളുമാണ് സമഗ്ര നീർത്തട പദ്ധതിയുടെ ഭാഗമായി നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ പങ്കെടുത്തുകൊണ്ട് ഗ്രാമപഞ്ചായത്ത് ഹാളിൽവെച്ച് ക്ലാസ് സംഘടിപ്പിച്ചിരുന്നു. എന്നാൽ പഞ്ചായത്ത്‌ നിസ്സഹകരിച്ചതിനാൽ ഇതിന്റെ തുടർപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ട് പോകാനായില്ല. കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിൽ പഞ്ചായത്ത്‌ അംഗം പി.കെ.ഇ. ചന്ദ്രൻ ഈ വിഷയം ഉന്നയിച്ചെങ്കിലും പ്രസിഡൻറിന് തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞില്ല. തുടർന്ന് ഭരണസമിതി യോഗത്തിൽ അംഗങ്ങളുടെ ശക്തമായ പ്രതിഷേധമുണ്ടായി. സമഗ്ര നീർത്തട പദ്ധതി വിഷയം പ്രത്യേക അജണ്ടവെച്ച് ചർച്ചചെയ്ത് തീരുമാനമെടുക്കുന്നതിന് യോഗം ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തിലെ എൽ.ഡി.എഫ് അംഗങ്ങൾ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.