ആവിക്കൽത്തോട് സമരക്കാർ തീവ്രവാദികൾ തന്നെ -പി. മോഹനൻ

കോഴിക്കോട്: ആവിക്കൽത്തോട് മാലിന്യപ്ലാന്റിനെതിരെ സമരംചെയ്യുന്നവ​രെ വീണ്ടും തീവ്രവാദികളെന്ന് വിശേഷിപ്പിച്ച് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ. സമരക്കാർക്കും മാവോയിസ്റ്റുകൾക്കുമിടയിൽ അന്തർധാരയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവിക്കൽത്തോട് മാലിന്യപ്ലാന്റിനെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ എൽ.ഡി.എഫ് വെള്ളയിൽ പുതിയകടവിൽ നടത്തിയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവിക്കൽത്തോട്ടിൽ സ്ഥാപിക്കാൻപോകുന്ന മലിനജല പ്ലാന്റിനെതിരെ തീവ്രവാദികളെ കൂട്ടുപിടിച്ച് യു.ഡി.എഫുകാർ നടത്തുന്ന പ്രചാരണങ്ങൾ രാഷ്ട്രീയലക്ഷ്യമുള്ളതാണ്. അത്തരം പ്രചാരണങ്ങളെ അതിജീവിച്ചവരാണ് ഇടതുപക്ഷം. ആവിക്കൽത്തോട്ടിൽ സ്ഥാപിക്കുന്ന മാലിന്യപ്ലാന്റ് നാട്ടുകാർക്ക് ദോഷമുണ്ടാക്കുന്നതാ​ണെന്ന നുണയാണ് പ്രചരിപ്പിക്കുന്നത്. ആവിക്കൽത്തോട്ടുകാരുടെ മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് അവരുടെ കിണറുകളും ജലസ്രോതസ്സുകളും കോളീഫോം ബാക്ടീരിയ വിമുക്തമാക്കാനുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പ്രദേശത്തുകാർക്ക് ഒരത്യാപത്തും വരില്ല. ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായതിനാൽ ആവിക്കൽത്തോട്ടിൽ തന്നെയാണ് പദ്ധതി വരേണ്ടത്. വീടുകളിൽനിന്നടക്കമുള്ള എല്ലാത്തരം മാലിന്യങ്ങളും പൈപ്പുകളിലൂടെ മലിനജല പ്ലാന്റിൽ എത്തിച്ച് ശുചീകരിച്ച് കടലിൽ ഒഴുക്കുന്നതാണ് പദ്ധതി. പുനരുപയോഗത്തിനും ഈ ജലം ഉപയോഗിക്കാം. മാലിന്യത്തിൽനിന്നും മാറാരോഗങ്ങളിൽനിന്നും നാട്ടുകാരെ രക്ഷിക്കാനാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. യു.ഡി.എഫുകാരും എസ്.ഡി.പി.ഐപോലുള്ള തീവ്രവാദികളും ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബി.ജെ.പിക്കാർ പോലും ഈ സമരത്തിനെതിരാണ്. സമരത്തിൽ തീവ്രവാദികളുണ്ടെന്നും അവരുടെ ലക്ഷ്യമെന്താണെന്നും അറിയാവുന്നതുകൊണ്ടാണ് ബി.ജെ.പി എതിർക്കുന്നതെന്നും അൽപംപോലും മലിനീകരണമുണ്ടാക്കാത്തതും ദേശസ്നേഹപരവുമായ പദ്ധതിയാണിതെന്നും മോഹനൻ പറഞ്ഞു. കേന്ദ്രസർക്കാറും സംസ്ഥാനസർക്കാറും ചേർന്ന് നടപ്പാക്കുന്ന അമൃത് പദ്ധതിയാണിത്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ ഫണ്ട് നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ വി. മുസാഫർ അഹമ്മദ്, മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, അഡ്വ. സൂര്യനാരായണൻ (എൻ.സി.പി), ഷാജു ജോർജ് (കേരള കോൺഗ്രസ് ജെ) തുടങ്ങിയവർ പ​ങ്കെടുത്തു. box റോഡടച്ച് വിശദീകരണം; കടകളടച്ച് നാട്ടുകാർ കോഴിക്കോട്: ആവിക്കൽത്തോട് സമരത്തിനെതിരെ വെള്ളയിൽ പുതിയകടവിൽ എൽ.ഡി.എഫ് വിശദീകരണ യോഗം നടത്തുമ്പോൾ നാട്ടുകാർ കടകളടച്ച് പ്രതിഷേധിച്ചു. വൈകീട്ട് അഞ്ച് മണിക്കാണ് പൊതുയോഗം നടക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, ആറു​ മണിക്കാണ് യോഗം ആരംഭിച്ചത്. അഞ്ചു മണി മുതൽ ചില കടകൾ അടച്ചെങ്കിലും യോഗം തുടങ്ങിയപ്പോഴേക്കും കടകളെല്ലാം അടച്ചുകഴിഞ്ഞിരുന്നു. യോഗപരിപാടിയിൽ പ​ങ്കെടുക്കാൻ നിരവധിപേർ എത്തിയെങ്കിലും നാട്ടുകാർ വ​ളരെ കുറവായിരുന്നുവെന്നും വെള്ളയിൽ വാർഡിന് പുറത്തുനിന്ന് ആളുകളെ എത്തിച്ചാണ് പരിപാടി നടത്തിയതെന്നും സമരസമിതിക്കാർ പറഞ്ഞു. കനത്ത പൊലീസ് കാവലിലാണ് പരിപാടി നടന്നത്. അതേസമയം, പടിഞ്ഞാറുവശത്തെ റോഡ് ഗാന്ധിറോഡ് ജങ്ഷൻ മുതൽ പൊലീസ് സഹായത്തോടെ പൂർണമായി അടച്ച് റോഡിന് നടുവിലാണ് പരിപാടി നടത്തിയത്. പ്ലാന്റിനെതിരെ പ്രതിഷേധിച്ച് ജാഥ നടത്തിയവർക്കെതിരെ പോലും ഗതാഗതം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുത്ത പൊലീസ് എൽ.ഡി.എഫുകാർക്ക് പരിപാടി നടത്താൻ റോഡ് തന്നെ അടച്ച് സൗകര്യം ചെയ്തുകൊടുത്തതായി സമരക്കാർ ആരോപിച്ചു. റോഡ് തടസ്സപ്പെടുത്തിയതിന് സി.പി.എം ജില്ല സെക്രട്ടറിക്കും എൽ.ഡി.എഫ് നേതാക്കൾക്കുമെതിരെ കേസെടുക്കാൻ പൊലീസ് ധൈര്യം കാണിക്കുമോ എന്നും സമരസമിതിക്കാർ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.