അഴീക്കോട് സാമൂഹികാരോഗ്യകേന്ദ്രം കെട്ടിടം പൊളിതുടങ്ങി

--ഡന്റൽ വിഭാഗം നിർത്തലാക്കി --ഫിസിയോ തെറപ്പി സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റും അഴീക്കോട്: അഴീക്കോട് സാമൂഹികാരോഗ്യകേന്ദ്രം കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി പ്രാഥമിക സൗകര്യം ഒരുക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചു. പൊളിച്ചുമാറ്റേണ്ട കെട്ടിടത്തിലെ മേൽക്കൂരയും അതിന് ഉപയോഗിച്ച ഷീറ്റ് എന്നിവ നീക്കംചെയ്യാൻ തുടങ്ങി. മുൻവശത്തുള്ള ഷീറ്റുകളും നീക്കി. ഇവ ഉപയോഗിച്ച് ആശുപത്രിയുടെ മുന്നിൽ താൽക്കാലിക ഷെഡ് നിർമിക്കും. അതിൽ ആശുപത്രി പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കും. ദന്തരോഗ വിഭാഗം നിർത്തലാക്കാനും ഫിസിയോ തെറപ്പി സമീപത്തെ കെട്ടിടത്തിലേക്ക് മാറാനും ധാരണയായി. പഴയകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒ.പി ടിക്കറ്റ് വിതരണം, ഡോക്ടർമാരുടെ പരിശോധനമുറി, നഴ്സിങ് സംവിധാനം എന്നിവ താൽക്കാലിക ഷെഡിലേക്ക് മാറ്റും. കൂടാതെ, പഴയകെട്ടിടത്തിലെ ഉപകരണങ്ങളും എക്സ്റേ യൂനിറ്റ്, ഫർണിച്ചറുകൾ എന്നിവയെല്ലാം നീക്കുന്ന പ്രവൃത്തിയുമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി ഏകദേശം രണ്ടാഴ്ചത്തെ സമയം വേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചത്. ആശുപത്രിപ്രവർത്തനം എളുപ്പമാക്കുന്നതിനാണ് ഇങ്ങനെ സൗകര്യങ്ങൾ ഒരുക്കുന്നത്. ഫിസിയോ തെറപ്പി വിഭാഗം സമീപത്തെ സ്റ്റേഡിയത്തിലേക്കാണ് മാറ്റിസ്ഥാപിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.