നാദാപുരം: വളയം ഗ്രാമ പഞ്ചായത്തിലെ ആയോട് മലയിൽ ഭൂമിയുടെ സ്വാഭാവിക ഘടനക്ക് മാറ്റം വരുന്നതായി കണ്ടെത്തൽ. ഭൂമിയിലെ പല ഭാഗത്തും വൻവിള്ളലുകളെന്ന് സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം. അപകടകരമായ രീതിയിൽ രൂപപ്പെടുന്ന വിള്ളൽ പ്രദേശത്ത് പ്രകൃതി ദുരന്തത്തിനിടയാക്കുമെന്ന് സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് ശാസ്ത്രജ്ഞൻ ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു. അസാധാരണമായ നിലയിൽ മഴവെള്ളം ഭൂമിക്കുള്ളിലേക്കിറങ്ങുന്നതിന്റെ പ്രത്യാഘാതം വലുതായിരിക്കും. പ്രകൃതി ദുരന്ത മുന്നറിയിപ്പായി നൽകാറുള്ള ഓറഞ്ച്, യെല്ലോ അലർട്ട് സമയങ്ങളിൽ ഈ മേഖല പ്രത്യേക നിരീക്ഷണത്തിലാക്കണം. ഈ സമയങ്ങളിൽ ഇവിടത്തെ താമസക്കാരെ പൂർണമായും മാറ്റിപ്പാർപ്പിക്കണമെന്നാണ് ഭൗമ ശാസ്ത്ര വിദഗ്ധർ നിർദേശിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 650 മീറ്റർ ഉയരത്തിലുള്ള വളയം ഗ്രാമ പഞ്ചായത്തിലെ ആയോട്, ചിറ്റാരി എടപ്പക്കാവിൽ പ്രദേശങ്ങളിലാണ് നൂതന പ്രതിഭാസം രൂപപ്പെട്ടിരിക്കുന്നത്. നാൽപത് ഡിഗ്രിയിലധികം ചരിവും ചെങ്കുത്തായ ഭൂഘടനയും അപകടത്തിന്റെ തോത് ഉയർത്തുന്നതിന് കാരണമാകുമെന്നാണ് ശാസ്ത്രസംഘത്തിന്റെ അഭിപ്രായം. സമുദ്രനിരപ്പിൽ നിന്നും 650 അടി ഉയരത്തിൽ നിൽക്കുന്ന കണ്ണവം റിസർവ് വനത്തിനുള്ളിലുൾപ്പെടെയാണ് സംഘം പരിശോധന നടത്തിയത്. പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യം വന്നു ചേർന്നാൽ ഉരുൾ പൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തത്തിനുള്ള സാധ്യതകൾ ഏറും. അത്തരം ഘട്ടങ്ങളിൽ മലയുടെ താഴ്വാരത്ത് അപകട സാധ്യതയുള്ള പ്രദേശത്തെ വീട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കണമെന്നും സംഘം നിർദേശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, സെക്രട്ടറി കെ. വിനോദ് കൃഷ്ണൻ, ജനപ്രതിനിധികളായ കെ. വിനോദൻ, വി.കെ. രവി എൻ. നസീമ, ഫയർ ആൻഡ് റസ്ക്യു ബീറ്റ് ഓഫിസർ മനോജ് കിഴക്കെകര, വില്ലേജ് അസിസ്റ്റന്റുമാരായ കെ. പി. രാജൻ (വാണിമേൽ ) സുരേന്ദ്രൻ, വിനോദൻ (വളയം ) ഗ്രാമപഞ്ചായത്ത് ജീവനക്കാരായ സജിത്ത് കുമാർ, വി.സി. സുരേന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.