പെരുമണ്ണയിൽ ബസുകളിൽനിന്ന് ബാറ്ററി മോഷ്ടിച്ചു

പന്തീരാങ്കാവ്: രാത്രി ഓട്ടം അവസാനിപ്പിച്ച് നിർത്തിയിടുന്ന ബസുകളിൽനിന്ന് ബാറ്ററി മോഷണം പോവുന്നു. കഴിഞ്ഞ ദിവസം ഒളവണ്ണ ജങ്ഷൻ, നല്ലളം എന്നിവിടങ്ങളിൽ രാത്രി റോഡരികിൽ നിർത്തിയിട്ട അഞ്ച് ബസുകളിൽനിന്ന് ബാറ്ററി മോഷ്ടിച്ചിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതിയും നൽകി. ഇതിനിടയിലാണ് ഞായറാഴ്ച രാത്രി പെരുമണ്ണ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട നാല് ബസുകളിലെ ബാറ്ററി ഒറ്റദിവസം നഷ്ടപ്പെട്ടത്. രാവിലെ ട്രിപ് എടുക്കാനെത്തുമ്പോഴാണ് ബാറ്ററി മോഷണംപോയ വിവരമറിയുന്നത്. പൊലീസ് പട്രോളിങ്ങും അന്വേഷണവും ശക്തമാക്കാത്തതു കൊണ്ടാണ് മോഷണം തുടർക്കഥയാവുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പന്തീരാങ്കാവ് യൂനിറ്റ് ആരോപിച്ചു. മോഷ്ടാക്കൾക്കെതിരെ ശക്തമായ പൊലീസ് നടപടികൾ ഉണ്ടായില്ലെങ്കിൽ ബസ് സർവിസ് നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. മൈ ബസ് പന്തീരാങ്കാവ് കൂട്ടായ്മ പ്രസിഡന്റ് എൻ.വി. അബ്ദുൽ സത്താർ, അസോസിയേഷൻ ഭാരവാഹികളായ എം.കെ.പി. മുഹമ്മദ്, സി.കെ. അബ്ദുറഹിമാൻ, റനിൽ കുമാർ മണ്ണൊടി, എം.ടി. സക്കീർ, സാദിഖ് രാഗം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.