എരുമേലി: വനാതിർത്തിയിൽ മാത്രം ശല്യമായി മാറിയിരുന്ന കാട്ടുപന്നികൾ ജനവാസ മേഖലകളിലും പെരുകിയതോടെ കർഷകരും കണ്ണീരിൽ. കാട്ടുമൃഗങ്ങളുടെ ശല്യം പേടിച്ച് വനാതിർത്തി മേഖലകൾ ഉപേക്ഷിച്ച് ദൂരേക്ക് മാറി കൃഷിയിറക്കിയിട്ടും കർഷകർക്ക് രക്ഷയില്ല. ജനങ്ങൾക്കുപോലും ഭീഷണിയായി കാട്ടുപന്നികൾ ജനവാസമേഖലകളിൽ വിഹരിക്കുകയാണ്. എരുമേലി മണിപ്പുഴ വട്ടാംകുഴിയിൽ കണയങ്കൽ മോൻസിമോന്റെ വാഴകൃഷി കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നികൾ നശിപ്പിച്ചു. 65ഓളം ഏത്തവാഴകളാണ് നശിപ്പിച്ചത്.
പ്രദേശം വനാതിർത്തി അല്ലാതിരുന്നിട്ടും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചത് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് കാട്ടുപന്നികൾ പകൽ ടൗണിന് സമീപത്ത് ജനങ്ങൾക്കിടയിലൂടെ ഓടിയത് പരിഭ്രാന്തി പടർത്തിയിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിന്റെ ചില്ല് തകർത്താണ് കാട്ടുപന്നി ഓടിയത്. ഈ സമയം എ.ടി.എമ്മിലുണ്ടായിരുന്നയാൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തോട്ടങ്ങളിൽ കാടുകൾ തെളിക്കാത്തത് കാട്ടുപന്നികൾ പെരുകാൻ കാരണമായെന്നാണ് ആക്ഷേപം. കാട്ടുപന്നികളെ തുരത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.