കോട്ടയം: നഗരത്തിലെ ഗതാഗത പരിഷ്കാരം കുമരകം റോഡിലെ തിരക്ക് കുറക്കുന്നുണ്ടെന്ന് ട്രാഫിക് പൊലീസ്. കുമരകം, ചുങ്കം ഭാഗത്തുനിന്ന് വരുന്ന ബസുകൾ സിഗ്നൽ വഴി പോകാൻ തുടങ്ങിയതോടെ എം.സി റോഡിലേക്കുള്ള ഇടുങ്ങിയ വഴിയിൽ വാഹനങ്ങൾ കാത്തുനിൽക്കേണ്ടി വരുന്നില്ല. ഇത് കുമരകം റോഡിലെ തിരക്കൊഴിവാക്കുന്നു. അതേസമയം കുമരകം, ചുങ്കം ഭാഗത്തുനിന്ന് വരുന്ന ബസുകൾ കൂടി സിഗ്നലിലേക്ക് വന്നതിന്റെ തിരക്കുണ്ട്. തിങ്കളാഴ്ച സ്കൂളുകൾ അവധിയായതിനാൽ ഗതാഗത പരിഷ്കാരം വലിയ ബുദ്ധിമുട്ടുണ്ടാക്കിയില്ല.
കുമരകം റോഡിൽനിന്ന് വരുന്ന ബസുകള്‍ തിങ്കളാഴ്ച മുതൽ നേരെ ബേക്കര്‍ ജങ്ഷനില്‍ എത്തി ട്രാഫിക് സിഗ്നൽ കടന്ന് ആകാശപ്പാത വഴി ശാസ്ത്രി റോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ ഇറക്കുന്നത്. നേരത്തേ സിഗ്നലിലേക്കു കടക്കാതെ ബേക്കര്‍ ജങ്ഷന് സമീപത്തെ ഇടുങ്ങിയ റോഡിലൂടെ എം.സി റോഡില്‍ പ്രവേശിച്ച് യാത്രക്കാരെ ഇറക്കി നാഗമ്പടം സ്റ്റാൻഡിലേക്ക് പോവുകയായിരുന്നു ചെയ്തിരുന്നത്. ഇത് കുമരകം റോഡിൽ വാഹനക്കുരുക്കുണ്ടാക്കിയിരുന്നു. പരിഹാരമായാണ് ബസുകളുടെ സ്റ്റോപ് മാറ്റം. അതേസമയം, ബസുകാർക്കും യാത്രക്കാർക്കും ഓട്ടോറിക്ഷ ഡ്രൈവർമാർക്കും പരാതികളുമുണ്ട്.
• ശാസ്ത്രി റോഡ് വഴി സർവിസ് നടത്തുമ്പോൾ രണ്ടിടത്ത് കാത്തുകിടക്കേണ്ടിവരുന്നു എന്നതാണ് ബസ് ജീവനക്കാരുടെ പ്രധാന പ്രശ്നം. ബേക്കർ ജങ്ഷനിലെ സിഗ്നലിലും ആകാശപ്പാതക്ക് സമീപവും. അതിന്റെ സമയനഷ്ടമുണ്ട്. ഇത് ഓടി ശരിയായേക്കും എന്നാണ് പ്രതീക്ഷ.
• മറ്റൊരു പ്രശ്നം ശാസ്ത്രി റോഡിലെ ബസ് ബേയിൽ മുന്നിൽ നിർത്തേണ്ടി വരുന്നതാണ്. അത്രയും ദൂരം യാത്രക്കാർ പിറകോട്ട് നടക്കണം. ബസ്ബേയിൽ പിറകിൽ നിർത്താൻ അനുവദിച്ചാൽ ആ പ്രശ്നം പരിഹരിക്കാനാവും.
• ബേക്കർ ജങ്ഷനിൽ നിർത്താത്തതിന് യാത്രക്കാരുടെ ചീത്തവിളി.
• ശാസ്ത്രി റോഡിൽ നിർത്തുന്നതിനാൽ ഏറ്റുമാനൂർ, മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകുന്നവർക്കാണ് ബുദ്ധിമുട്ട്. അവിടെനിന്ന് തിരിച്ച് ബേക്കർ ജങ്ഷനിലേക്കോ തിരുനക്കര സ്റ്റാൻഡിലേക്കോ വന്നാലേ ബസ് കയറാനാവൂ.
• വാഹനങ്ങളെ കടത്തിവിടുന്ന പൊലീസുകാർ കാൽനടക്കാരെ പരിഗണിക്കുന്നില്ല. തിരുനക്കര ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിലെത്താൻ രണ്ടുറോഡ് മുറിച്ചുകടക്കണം.
• പ്രായമുള്ളവർക്ക് രാവിലെ വാഹനത്തിരക്കിനിടെ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടാണ്. രാവിലെ എട്ടുവരെയെങ്കിലും പഴയ പോലെ ആളെ ഇറക്കണം.
• കുമരകം റോഡിൽനിന്നുള്ള ബസുകൾ ബേക്കർ ജങ്ഷൻ വഴി എം.സി റോഡിൽ വരാത്തതിനാൽ യാത്രക്കാരെ കിട്ടുന്നില്ല. നേരത്തേ, ബസിറങ്ങുന്നവർ സ്റ്റാൻഡിൽനിന്ന് ഓട്ടോറിക്ഷ വിളിക്കുന്നവരായിരുന്നു.
പല ഭാഗത്തുനിന്നു പരാതികൾ വരുന്നുണ്ടെങ്കിലും പരീക്ഷണാർഥമാണ് ബസുകൾ ശാസ്ത്രി റോഡ് വഴി വിട്ടത്. മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസുകളടക്കം കടന്നുപോകുന്നത് കുമരകം റോഡിലൂടെയാണ്. ഈ റോഡിലെ വാഹനത്തിരക്ക് ഒഴിവാക്കാനാണ് ശ്രമം. താൽക്കാലിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ബസുകളുടെയും പൊതുജനങ്ങളുടെയും സഹകരണം വേണം. വിജയിച്ചാൽ മാത്രമേ തുടരൂ- കെ. രാജേഷ്, ട്രാഫിക് എസ്.എച്ച്.ഒ
ബസ് ജീവനക്കാരും യാത്രക്കാരും പരാതികൾ പറയുന്നുണ്ടെങ്കിലും ട്രാഫിക് പൊലീസിന്റെ നിർദേശങ്ങളുമായി സഹകരിക്കാനാണ് ബസുടമകളുടെ തീരുമാനം. പരീക്ഷണാർഥമെന്നാണ് ട്രാഫിക് പൊലീസ് അറിയിച്ചിട്ടുള്ളത്. 15 ദിവസം പുതിയ രീതി നോക്കാമെന്ന് കരുതുന്നു- കെ.എസ്. സുരേഷ്, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.