കോട്ടയം: ശനിയാഴ്ച നടക്കുന്ന താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരക്കും. നെഹ്റുട്രോഫി ജലോത്സവത്തിൽ ആദ്യലീഡ് നേടിയ ചുണ്ടനുകളാണ് മത്സരിക്കുക. നടുഭാഗം (ബോട്ട് ക്ലബ്: യു.ബി.സി കൈനകരി), സെന്റ് പയസ് ടെൻത് (നിരണം ബോട്ട് ക്ലബ്), വീയപുരം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), മഹാദേവികാട്ടിൽ തെക്കേതിൽ (പൊലീസ് ബോട്ട് ക്ലബ്), നിരണം (കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ്), ചമ്പക്കുളം (കുമരകം ടൗൺ ബോട്ട് ക്ലബ്), പായിപ്പാടൻ (കുമരകം ബോട്ട് ക്ലബ് ആൻഡ് എസ്.എഫ്.ബി.സി), കാരിച്ചാൽ (പുന്നമട ബോട്ട് ക്ലബ്), ആയാപറമ്പ് പാണ്ടി (വേമ്പനാട് ബോട്ട് ക്ലബ്) എന്നീ ചുണ്ടനുകളാണ് താഴത്തങ്ങാടി സി.ബി.എല്ലിൽ മാറ്റുരക്കുക.
ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതലാണ് മത്സരങ്ങൾ. ഒന്നാംസ്ഥാനത്തെത്തുന്നവർക്ക് അഞ്ച് ലക്ഷവും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം മൂന്ന്, ഒരുലക്ഷം രൂപയുമാണ് സമ്മാനം. മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻവള്ളങ്ങൾക്ക് നാലുലക്ഷം രൂപ വീതം ബോണസ് ലഭിക്കും.
സി.ബി.എല്ലിനൊപ്പം താഴത്തങ്ങാടി വള്ളംകളിയുടെ ഭാഗമായി കോട്ടയം വെസ്റ്റ് ക്ലബിൽ രജിസ്റ്റർ ചെയ്ത 19 ചെറുവള്ളങ്ങളുടെ മത്സരവും നടക്കും.
ആദ്യ മൂന്ന് ഹീറ്റ്സ് മത്സരങ്ങൾക്ക് ശേഷമാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം. ഇടവേളക്ക് ശേഷം ചെറുവള്ളങ്ങളുടെ ലൂസേഴ്സ്, ഫൈനൽ മത്സരങ്ങൾ നടക്കും. തുടർന്നാണ് സി.ബി.എൽ ഫൈനൽ മത്സരം. മന്ത്രി വി.എൻ. വാസവൻ സി.ബി.എൽ ഉദ്ഘാടനം ചെയ്യും.
വള്ളംകളിയുടെ തുടക്കത്തിലും ഇടവേളകളിലും ചങ്ങാടങ്ങളിൽ കലാപരിപാടികളും അരങ്ങേറും. വള്ളംകളിക്കുള്ള ഒരുക്കം അന്തിമഘട്ടത്തിലാണെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.