കുമരകം: ജലഗതാഗത വകുപ്പിന്റെ ബോട്ടും വള്ളവും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് മണിയാപറമ്പ് ബോട്ട് സര്‍വിസ് നടത്താത്തതുമൂലം കരീമഠം നിവാസികൾ യാത്രാദുരിതത്തിൽ. മണിയാപറമ്പ്-ചീപ്പുങ്കൽ റൂട്ടിൽ സര്‍വിസ് നടത്തിയിരുന്ന എസ് 49 ബോട്ട് സര്‍വിസ് നിര്‍ത്തിയതാണ് കരീമഠം, കോലടിച്ചിറ ഭാഗത്തുള്ളവരുടെ യാത്ര ദുഷ്കരമായത്.
പുറംലോകവുമായി ബന്ധപ്പെടാൻ പാലങ്ങളും വഴികളും ഇല്ലാത്തതിനാൽ വള്ളവും ബോട്ടുമായിരുന്നു ആശ്രയം. കോട്ടയം, വൈക്കം, വെച്ചൂർ, കുമരകം സ്കൂളുകളിൽ പഠിക്കുന്ന വിദ്യാര്‍ഥികൾ ബോട്ടിലാണ് ദിവസവും സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. ഇപ്പോൾ സ്വന്തമായി വള്ളമില്ലാത്തവർ മറ്റുള്ളവരുടെ വള്ളങ്ങളെ ആശ്രയിച്ചാണ് സ്കൂളിൽ പോകുന്നത്.
കോട്ടയം മെഡിക്കൽ കോളജിലും ജില്ല ആശുപത്രിയിലും ചികിത്സയുള്ള വയോധികർക്ക് പോകാൻ നിവൃത്തിയില്ലാതായി. പാടശേഖരങ്ങളുടെ പുറം തോടുകളിലൂടെയുള്ള യാത്ര ദുഷ്കരവും ഒറ്റത്തടി മാത്രമുള്ള പാലങ്ങളിലൂടെയുള്ള അപകടം പിടിച്ചതുമായതിനാൽ രക്ഷിതാക്കൾ ജോലി വരെ ഉപേക്ഷിച്ചാണ് വള്ളങ്ങളിൽ കുട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നത്. ദിവസവും രാവിലെ 6.30ന് കണ്ണങ്കര-മണിയാപറമ്പ് സര്‍വിസ് നടത്തുന്ന ബോട്ടായിരുന്നു കോലടിച്ചിറക്കാരുടെ ഏക ആശ്രയം.
ബോട്ട് ദുരന്തത്തിനു ശേഷം എസ് 49 ബോട്ട് തുറമുഖ വകുപ്പിന്റെ മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം മെക്കാനിക്കൽ എൻജിനീയറുടെ കൈവശം അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുകയാണ്. ആലപ്പുഴ യാര്‍ഡിലെ അറ്റകുറ്റപ്പണിക്കു ശേഷമേ ബോട്ട് സര്‍വിസ് നടത്താനാകൂ. അതുവരെ കരീമഠം നിവാസികൾ വള്ളത്തെ ആശ്രയിക്കണം.ഈ ഭാഗത്തേക്ക് മികച്ച റോഡുകൾ പണിത് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.