തെരഞ്ഞെടുപ്പ് റോഡ് ഷോ മണർകാട്ട് എത്തിയപ്പോൾ പുതുപ്പള്ളി, ഏറ്റുമാനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥികളായ ഉമ്മൻ ചാണ്ടിക്കും അഡ്വ. പ്രിൻസ് ലൂക്കോസിനുമൊപ്പം രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കോട്ടയം: യു.ഡി.എഫ് അനുഭാവികളെ ആവേശത്തിലാഴ്ത്തി കോട്ടയത്ത് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. ശുഭ്ര വസ്ത്രധാരിയായി വെളുത്ത കിയ കാർണിവലിൽ യാത്ര ചെയ്ത രാഹുൽ സൺ റൂഫിനുള്ളിലൂടെ റോഡിനിരുവശവും നിന്ന അനുയായികളെ അഭിവാദ്യം ചെയ്തു. പ്രസംഗിച്ചിടത്തെല്ലാം കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്കും കർഷകർക്കും 72,000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന് രാഹുൽ വിശദീകരിച്ചു.
ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഇന്ധനമില്ലാത്ത കാറിലിരുന്ന് ചാവി തിരിക്കുകയാണ് കേരള മുഖ്യമന്ത്രി. രാജ്യത്ത് തൊഴിലില്ലായ്മ കൂടുന്നതിെൻറ കാരണം പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും മനസ്സിലായിട്ടില്ല.
സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കണമെങ്കില്‍ പാവങ്ങളുടെ കൈകളില്‍ പണം എത്തണം. ഇതോടെ വിപണി സജീവമാകും. സാമ്പത്തികനില മെച്ചപ്പെടും. തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷ, കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളല്‍ എന്നീ നടപടികളിലൂടെ കോണ്‍ഗ്രസ് ഇത് തെളിയിച്ചിട്ടുണ്ട്.
റബര്‍ കര്‍ഷകര്‍ക്ക് കിലോക്ക് 250 രൂപ നല്‍കിയും ന്യായ് പദ്ധതി വഴി 6000 രൂപ അക്കൗണ്ടുകളില്‍ എത്തിച്ചും കേരളത്തിൽ ഇത് സാധ്യമാക്കും. തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനമാണ് കേരളം. പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു.
നമുക്ക് പകരം അവരുടെ ആളുകൾക്ക് ജോലി കൊടുത്തു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത സ്ഥിതിയാണ്. കേരളം സുരക്ഷിത സ്ഥലമാണെന്ന വിശ്വാസം നഷ്ടപ്പെട്ടത് വിനോദ സഞ്ചാരമേഖലയെയും അതുവഴി ജനങ്ങളുടെ വരുമാനത്തെയും ബാധിക്കുന്നു. സമ്പത്ത് കൊള്ളയടിക്കുന്ന രണ്ടോ മൂന്നോ പേരുടെ ഉപകരണമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറി. നോട്ട് നിരോധനവും ജി.എസ്.ടിയും പോലെ ജനങ്ങളുടെ പണം കവരുകയല്ല ജനങ്ങളുടെ കൈകളില്‍ പണം എത്തിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.
കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിലെ യു.ഡി.എഫ് യോഗങ്ങളിൽ രാഹുൽ പങ്കെടുത്തു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ സമ്മേളനവേദിയായി മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ മൈതാനമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, യാക്കോബായ വിശ്വാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രസംഗം മണര്‍കാട് കവലയിലേക്ക് മാറ്റിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, എ.ഐ.സി.സി സെക്രട്ടറി ഐവാന്‍ ഡിസൂസ, ആേൻറാ ആൻറണി എം.പി എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരി വഴി രാവിലെ 11ന് ചിങ്ങവനത്തുനിന്ന് പരുത്തുംപാറയിലെത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണെൻറ പ്രചാരണസമ്മേളനത്തിലാണ് ആദ്യം പെങ്കടുത്തത്. തുടർന്ന് 12.30ഓടെ പാറയ്ക്കല്‍കടവ്, പുതുപ്പള്ളി വഴി മണര്‍കാട് കവലയില്‍ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം. അവിടെനിന്ന് കൊടുങ്ങൂര്‍ വഴി പൊന്‍കുന്നത്ത് എത്തി ജോസഫ് വാഴക്കനുവേണ്ടി പ്രചാരണം.
കാഞ്ഞിരപ്പള്ളി സ്വദേശിനി പാര്വതീകൃഷ്ണ വരച്ച രാഹുല്‍ ഗാന്ധിയുടെ ഛായാചിത്രം അദ്ദേഹത്തിന് കൈമാറി. തുടർന്ന് പൈക വഴി പാലായില്‍ മാണി സി. കാപ്പെൻറ തെരഞ്ഞെടുപ്പ് യോഗത്തിലെത്തി. മരങ്ങാട്ടുപിള്ളി വഴി ഉഴവൂരില്‍ മോന്‍സ് ജോസഫിെൻറ പ്രചാരണ യോഗവും കഴിഞ്ഞ് കൂത്താട്ടുകുളം വഴി പിറവത്തേക്ക് പോയി.
പൊൻകുന്നം: രാഹുല്‍ ഗാന്ധിയെ കാണാന്‍ വഴിയരികില്‍ കാത്തുനിന്ന പൊന്‍കുന്നം ആരാധനാമഠത്തിലെ സന്യാസിനികൾക്ക് ലഭിച്ചത് മറക്കാനാകാത്ത സെല്‍ഫി. പൊന്‍കുന്നം എസ്.എ.ഡി.എസ് ആരാധനാമഠത്തിലെ സന്യാസിനികൾക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.
കാഞ്ഞിരപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസഫ് വാഴക്കെൻറ പ്രചാരണാര്‍ഥം പൊന്‍കുന്നത്ത് രാഹുല്‍ ഗാന്ധി എത്തുന്നുവെന്നറിഞ്ഞപ്പോള്തന്നെ സന്യാനിസികള് അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ അടുത്തുകാണാൻ കഴിയില്ലെന്ന് വ്യക്തമായതോടെ പൊന്കുന്നത്തുനിന്ന് പാലായിലേക്കുള്ള പാതയോരത്ത് കാത്തുനിൽക്കുകയായിരുന്നു.
രണ്ടരയോടെ പൊന്‍കുന്നം രാജേന്ദ്ര മൈതാനത്തെ പൊതുയോഗം കഴിഞ്ഞ് ഇതുവഴി കടന്നുവന്ന രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ആകാംക്ഷയോടെ നോക്കിനിന്ന സന്യാസിനികൾക്ക് സമീപം നിന്നു. രാഹുല്‍ ഗാന്ധി വാഹനത്തിൽനിന്ന് ഇറങ്ങി അവര്‍ക്കരികിലെത്തി വിശേഷങ്ങള്‍ തിരക്കി. സെല്‍ഫി എടുക്കാൻ ആഗ്രഹം അറിയിച്ച സിസ്റ്റര്‍ സിസിയുടെ ഫോണ്‍ വാങ്ങിയ അദ്ദേഹം അവർക്കൊപ്പം ചിത്രം പകർത്തിയാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.