കോട്ടയം: ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി കേരള സർക്കാറും തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും കമ്പാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷനുമായി (കാവ) സഹകരിച്ച് ‘റാബിസ് ഫ്രീ കേരള പദ്ധതി’ കോട്ടയം ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് കോട്ടയം കെ.സി. മാമ്മൻമാപ്പിള ഹാളിൽ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ നിർവഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും.
ശാസ്ത്രീയവും സുസംഘടിതവുമായ സമീപനത്തിലൂടെ പേവിഷബാധ ഇല്ലാതാക്കുകയും പൊതുജന സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരത്തും കൊല്ലത്തും പേവിഷ വിമുക്ത കേരളം പദ്ധതി വിജയകരമായി നടപ്പാക്കിയതിന് പിന്നാലെയാണ് പദ്ധതി കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്.
പേവിഷ ബാധയുടെ നിയന്ത്രണം വാക്സിനേഷനുമപ്പുറം പൊതുജന ബോധവത്കരണം, ഉത്തരവാദിത്തമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥാവകാശം, മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ, തെരുവുനായ്ക്കളുടെ ജനന നിയന്ത്രണം എന്നിവ ഉൾപ്പെടുന്ന ബഹുമുഖ സമീപനത്തിലൂടെ നടപ്പാക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ കീഴിലുള്ള വിപുലമായ പ്രതിരോധ കുത്തിവെപ്പ് സംരംഭങ്ങൾ ബോധവത്കരണ കാമ്പയിനുകൾ ട്രെയിനിങ്ങുകൾ വർക്ക്ഷോപ്പുകൾ എന്നിവ കാവയുടെ നേതൃത്വത്തിൽ നടക്കും. നായ്ക്കളുടെ കടിയേറ്റവരെ സമയബന്ധിതമായ രോഗപ്രതിരോധത്തിലൂടെ പിന്തുണക്കുകയും സുരക്ഷിതമായ മനുഷ്യ-മൃഗ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുകയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവബോധ പരിപാടികളിലൂടെ ഭാവിതലമുറയിൽ അവബോധവും ഉത്തരവാദിത്തവും വളർത്തുക, പേവിഷബാധ ഫലപ്രദമായി തടയാനുള്ള അറിവ് പകർന്നുനൽകുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുക
പേവിഷബാധയുടെ നിരീക്ഷണത്തിനും പ്രതിരോധത്തിനുമായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും പ്രത്യേക വാഹനങ്ങളെയും വിന്യസിക്കുക.
സർക്കാർ ഏജൻസികൾ, എൻ.ജി.ഒകൾ, വെറ്ററിനറി ഡോക്ടർമാർ പൊതുസമൂഹം എന്നിവരുടെ സഹകരണത്തിലൂടെ പ്രതിരോധിക്കാനുള്ള പരിപാടികൾ നടപ്പാക്കുക
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമുള്ള അവബോധ പരിപാടികളിലൂടെ ഉത്തരവാദിത്തമുള്ള നായ് വളർത്തൽ പ്രോത്സാഹിപ്പിക്കുക
നായ്ക്കളുടെ കടിയേറ്റവർക്കുള്ള കൗൺസലിങ്ങും ചികിത്സ സഹായങ്ങളും ഉറപ്പുവരുത്തുക
മൃഗഡോക്ടർമാർ, പാരാ വെറ്ററിനറി സ്റ്റാഫ്, ഡേറ്റ അനലിസ്റ്റുകൾ എന്നിവരടങ്ങുന്ന പ്രത്യേക പ്രവർത്തന സംഘത്തെ തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പിനും റാബീസ് നിരീക്ഷണ പരിപാടികൾക്കും വേണ്ടി വിന്യസിക്കാൻ പ്രത്യേക റാബീസ് കൺട്രോൾ ടാസ്ക് ഫോഴ്സ് വാഹനവും കോട്ടയത്ത് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.