ഈരാറ്റുപേട്ട: കർഷകർ കൈവശ ഭൂമിക്ക് പട്ടയ അപേക്ഷ നൽകുമ്പോൾ ഭൂമിയുടെ ഏതെങ്കിലും അതിര് ചേർന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ കടന്നു പോകുന്നുണ്ടെങ്കിൽ പട്ടയം നൽകുന്നതിന് ഉണ്ടായിരുന്ന തടസ്സം പരിഹരിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.
പൊതുമരാമത്ത് വകുപ്പിന്റെ 30.09.2009 ലെ 20541/ C3/09 ഉത്തരവ് പ്രകാരം പൊതുമരാമത്ത് വകുപ്പ് റോഡിനോട് ചേർന്ന കൈവശ ഭൂമികൾക്ക് പട്ടയം നൽകുന്നതിന് പൊതുമരാമത്ത് വകുപ്പ് തടസ്സം ഉന്നയിച്ചിരുന്നു. അതിനാൽ റോഡിനോട് ചേർന്ന ഭൂമിക്ക് പട്ടയം നൽകിയിരുന്നില്ല. ഇതുമൂലം നിരവധി ചെറുകിട-നാമമാത്ര കർഷകർ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാതെ പ്രതിസന്ധി നേരിട്ടിരുന്നു. പലരുടെയും ഭവന നിർമാണം അടക്കം ജീവിതാവശ്യങ്ങളും തടസ്സപ്പെട്ടിരുന്നു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിരവധി ആളുകൾക്ക് കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് കഴിയാതെ വന്നിരുന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചപ്പോൾ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ ഉറപ്പ് നൽകിയിരുന്നു.
തുടർന്ന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പുറമ്പോക്കുകളിൽ പെടാത്ത റവന്യൂ ഭൂമികൾക്ക് കൈവശക്കാർക്ക് പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കാൻ നിശ്ചയിച്ചു. ഇതനുസരിച്ചാണ് ഉത്തരവ് ആയത്.
മന്ത്രിക്കും എം.എൽ.എക്കും പുറമെ ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർ എ.ഗീത, റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.