ഉത്സവങ്ങൾക്ക് ആന അനിവാര്യമാണെന്ന ചിന്തയിൽനിന്ന് വഴിമാറി നടക്കുകയാണ് ജില്ലയിലെ ചില ക്ഷേത്രങ്ങൾ. ഉത്സവത്തിനെത്തുന്ന ജനങ്ങളുടെ സുരക്ഷയെ കരുതി മാത്രമല്ല കനത്ത ചൂടിലുരുകുന്ന ആനകളുടെ ദുരിതവും ഈ തീരുമാനത്തിനു പിന്നിലുണ്ട്. വർഷങ്ങളായി ആനകളെ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളാണ് ആനയെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുള്ളത്.
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിനു പിന്നാലെ കരിയും കരിമരുന്നും വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രഭാരവാഹികൾ. ഇത്തവണത്തെ ഉത്സവത്തിന് ആനക്ക് പകരം രഥം ഉപയോഗിക്കാനാണ് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം. പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറാമെന്ന വിപ്ലവകരമായ തീരുമാനം വന്നതും ഈ ക്ഷേത്രത്തിൽനിന്നാണ്. ഒരു മാസമായി ഷർട്ട് ധരിച്ചാണ് താൽപര്യമുള്ളവർ അമ്പലത്തിൽ കയറുന്നത്. 1903ൽ ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ശ്രീകുമാരമംഗലം സുബ്രഹ്മണ്യക്ഷേത്രം. ആറാട്ട്, ശീവേലി, പള്ളിനായാട്ട്, എഴുന്നള്ളത്ത് എന്നിവക്കെല്ലാം ആനയെ വേണം. വർഷങ്ങളായി ഉത്സവകാലത്ത് എട്ടുദിവസത്തെ ചടങ്ങിനും മൂന്നാനകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒന്നായി ചുരുങ്ങി. ഇത്തവണയും ഒരാനയെ ബുക്ക് ചെയ്തിരുന്നു.
അതിനുശേഷമാണ് കൊയിലാണ്ടിയിലെ ദുരന്തം അരങ്ങേറിയത്. 25 അംഗങ്ങൾ അടങ്ങിയ ദേവസ്വം കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എല്ലാവരും ഒരുപോലെ തീരുമാനം സ്വാഗതം ചെയ്തതായും ആനകളില്ലെങ്കിലും തനിമ നഷ്ടപ്പെടാതെ ഉത്സവം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. മാർച്ച് മൂന്നിന് കൊടിയേറി 10ന് ആറാട്ടോടെ സമാപിക്കുന്ന വിധമാണ് ഇത്തവണത്തെ ഉത്സവം.
കരിയും കരിമരുന്നും വേണ്ടെന്നത് ഗുരുദേവന്റെ നിർദേശമായിരുന്നു. അദ്ദേഹം പറഞ്ഞത് നടപ്പാക്കുന്നത് ഇപ്പോഴാണെന്നു മാത്രം. മാർച്ചിലെ ചൂടുസമയത്താണ് ഉത്സവം. ആനകളിടയാൻ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ല. എല്ലാവരും ഒന്നിച്ചാണ് ആനയെ ഒഴിവാക്കാൻ തീരുമാനമെടുത്തത്. -ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്.
കേരള വണിക വൈശ്യസംഘം ചങ്ങനാശ്ശേരി ശാഖയുടെ കീഴിലുള്ള മോർക്കുളങ്ങര അമ്മൻകോവിലിലെ അമ്മൻകൊട മഹോത്സവത്തിനും ഇക്കുറി ആനയില്ല. ഉത്സവം മാർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കാനിരിക്കെയാണ് ഭരണസമിതി ആനകളെ എഴുന്നള്ളിപ്പിന് വേണ്ടെന്ന തീരുമാനം കമ്മിറ്റിയിൽ പാസാക്കിയത്. ശേഷം നടന്ന പൊതുയോഗത്തിൽ ഈ തീരുമാനം അംഗങ്ങൾ അംഗീകരിക്കുകയും ചെയ്തതായി കമ്മിറ്റി സെക്രട്ടറി പി. അനൂപ് മോൻ പറഞ്ഞു. രണ്ടുദിവസം നടക്കുന്ന ഊർകുംഭകുടം, കാവടിവിളക്ക്, കാവടിയാട്ടം, കുത്തിയോട്ടം, ആറാട്ടുകരകം എന്നീ ചടങ്ങുകൾക്കാണ് ഒരാനയെ ഉപയോഗിച്ചിരുന്നത്.
ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളീക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തിന് കാലങ്ങളായി ശീവേലിക്കും എഴുന്നള്ളത്തിനും ആനയെയാണ് ഉപയോഗിച്ചിരുന്നത്. ഏക്കം കൂടുതലായതും ആനകൾ അക്രമാസക്തരാകുന്നതും കണക്കിലെടുത്ത് ഇത്തവണ ഒഴിവാക്കാൻ തീരുമാനിച്ചതായി ദേവസ്വം സെക്രട്ടറി കെ.എസ്. ഗോപാലകൃഷ്ണൻ പറഞ്ഞു. മാർച്ച് 27നാണ് ഉത്സവം കൊടിയേറുന്നത്. എപ്രിൽ ഒന്നിന് ആറാട്ടോടെ സമാപനം. രഥത്തിലാണ് ഇത്തവണ എഴുന്നള്ളത്ത്. ഇതിനായി രഥം വാടകക്കെടുക്കും. അടുത്തതവണ മുതൽ സ്വന്തമായി നിർമിക്കാനാണ് ഉദ്ദേശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.