കോട്ടയം: കാലാവസ്ഥ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന പ്രാദേശിക മഴയും മിന്നല്‍ പ്രളയവും ജലപരിസ്ഥിതിയില്‍ ഉണ്ടാക്കിയ മാറ്റം തുമ്പികളുടെ വൈവിധ്യത്തെയും ബാധിച്ചതായി എട്ടാമത് മീനച്ചില്‍ തുമ്പി സർവേ റിപ്പോര്‍ട്ട്. 27 കല്ലന്‍തുമ്പികളും 21 സൂചിത്തുമ്പികളും ഉള്‍പ്പെടെ 48 ഇനം തുമ്പികളെ സര്‍വേയില്‍ കണ്ടെത്താനായി. മുൻവർഷം, മലിനീകരണത്തിന്റെ സൂചകമായി കരുതുന്ന ചങ്ങാതിത്തുമ്പികള്‍ നഗരമാലിന്യം ഒഴുകിയെത്തുന്ന ഈരാറ്റുപേട്ട, പാലാ, കോട്ടയം എന്നിവിടങ്ങളില്‍ ധാരാളം ഉണ്ടായിരുന്നു. ഇത്തവണ പാലായിലേക്കാള് മഴ കുറവായിരുന്ന കോട്ടയം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മാത്രമാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.
മീനച്ചിലാറിന്റെ തുടക്കത്തിൽ ശുദ്ധജല സൂചകമായ നീര്മാണിക്യനും മധ്യഭാഗത്തും പതനഭാഗത്തും സ്വാമിത്തുമ്പിയും കൂടുതലായി കാണപ്പെട്ടു. മലരിക്കലിലും തണലോരത്തുമാണ് ഏറ്റവുമധികം ഇനം തുമ്പികളെ കാണാനായത്. കേരള വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗവും ട്രോപ്പിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സും 2012 മുതല്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന സര്‍വേയില്‍ 2021ൽ 54 ഇനങ്ങളും 2022ല്‍ 45 ഇനങ്ങളും തുമ്പികളെ കണ്ടെത്തിയിരുന്നു.
18 സ്ഥാപനങ്ങളില്‍നിന്ന് എഴുപതോളം വിദ്യാർഥികൾ വിദഗ്ധരോടൊപ്പം സർവേയിൽ പങ്കെടുത്തു. കൊതുക് നിർമാജര്ജനത്തിന് ഏറ്റവും ഉപകരിക്കുന്നവയും ജലപരിസ്ഥിതിയുടെ സൂചകങ്ങളുമായ തുമ്പികളെ പുതുതലമുറക്ക് പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സർവേ കോഓഡിനേറ്റര്‍ ഡോ. കെ. എബ്രഹാം സാമുവല്‍ പറഞ്ഞു.
ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, ഡോ. നെല്‍സണ്‍ പി. എബ്രഹാം, എം.എന്‍. അജയകുമാര്‍, എന്‍. ശരത് ബാബു, അനൂപ മാത്യൂസ്, ഷിബി മോസസ്, അമൃത വി. രഘു, രഞ്ജിത് ജേക്കബ്, ക്രിസ്റ്റഫര്‍ ജോണ്‍ ഐസക്, മഞ്ജു മേരി ചെറിയാന് എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.