കോട്ടയം: മനുഷ്യശരീരത്തിന്റെ ഉള്ളറകളിലൂടെ കടന്നുപോകുന്ന അപൂർവ കാഴ്ചാനുഭവം സമ്മാനിച്ച് മെഡിക്കൽ കോളജിൽ ആരംഭിച്ച മെഡക്സ് ’23 മെഡിക്കൽ പ്രദർശനം. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതും അസ്ഥികൂടങ്ങളുടെ മ്യൂസിക് ഷോയും വധശിക്ഷ നടപ്പാക്കുന്ന രീതിയും തുടങ്ങി ഇതുവരെ കാണാത്ത കാഴ്ചകളിലേക്കാണ് പ്രദർശനം കൂട്ടിക്കൊണ്ടുപോകുന്നത്. കുഞ്ഞ് ജന്മമെടുക്കുന്നതുമുതൽ കടന്നുപോകുന്ന ഓരോ ഘട്ടങ്ങളും വിവിധ സ്റ്റാളുകളിലായി വിശദീകരിക്കുന്നു. ഭ്രൂണം, കണ്ണ്, പല്ല്, ഹൃദയം, വൃക്ക, എല്ലുകൾ, തലയോട്ടി തുടങ്ങിയ എല്ലാ ശരീരഭാഗങ്ങളും ഇവയെ ബാധിക്കുന്ന രോഗങ്ങളും പ്രതിരോധമാർഗങ്ങളും ചികിത്സകളും വിവിധ തരം ശസ്ത്രക്രിയകളുടെ മാതൃകകളും വെന്റിലേഷനും ഐ.സി.യുമടക്കം സ്റ്റാളുകളിലുണ്ട്. ഹൃദയത്തിന്റെ രൂപത്തിലാണ് പ്രദർശനകവാടം. മെഡിക്കൽ കോളജും സ്റ്റുഡന്റ്സ് യൂനിയനും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽനിന്നായി 31 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രദർശനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, ജില്ല പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഓർത്തോ വിഭാഗം മേധാവി ടി.ജി. തോമസ്, വിദ്യാർഥി യൂനിയൻ പ്രതിനിധി ആശിഷ് ജോർജ് എന്നിവർ പങ്കെടുത്തു.
കോട്ടയം: നാലുപതിറ്റാണ്ട് ആകുമ്പോഴും ചുരുളഴിയാത്ത ദുരൂഹതയാണ് സുകുമാരക്കുറുപ്പ് കേസ്. കൊല്ലപ്പെട്ടത് ചാക്കോ ആണെന്ന് ഡി.എൻ.എ പരിശോധന ഇല്ലാതിരുന്ന കാലത്ത് ഫോറൻസിക് വിഭാഗം കണ്ടെത്തിയത് എങ്ങനെ ആയിരിക്കും?. മെഡിക്കൽ കോളജിൽ ആരംഭിച്ച മെഡക്സ് മെഡിക്കൽ പ്രദർശനത്തിലുണ്ട് അതിനുത്തരം. പ്രമാദമായ കേസുകളിലെ ഫോറൻസിക് വിഭാഗത്തിന്റെ കണ്ടെത്തലുകളാണ് പൊതുജനങ്ങൾക്കായി വെളിപ്പെടുത്തിയിരിക്കുന്നത്. 1984 ജനുവരി 22ന് ചാക്കോയെ കൊല്ലാൻ സുകുമാരക്കുറുപ്പ് സൃഷ്ടിച്ച വാഹനാപകടമാണ് ഫോറൻസിക് വിഭാഗം പ്രദർശിപ്പിച്ചിരിക്കുന്നത്. മുൻസീറ്റിലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ ആളെ അറിയുമായിരുന്നില്ല. സൂപ്പർ ഇംപോസിഷൻ വഴി തലയോട്ടി ഫോട്ടോയുമായി താരതമ്യം ചെയ്താണ് മരിച്ച വ്യക്തിയെ കണ്ടെത്തിയത്. ഒരു വ്യക്തിയുടെ മുഖത്തിന്റെ ആകൃതി മുഖാസ്ഥിയുടെ ആകൃതി അനുസരിച്ചായിരിക്കുമെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് സൂപ്പർ ഇംപോസിഷൻ ചെയ്യുന്നത്. വലതുപാദത്തിലെ അസ്ഥികൾ യോജിപ്പിച്ചശേഷം പാദത്തിന്റെ ക്ലേ മോഡലുണ്ടാക്കി ചാക്കോയുടെ ചെരിപ്പിലിട്ടുനോക്കി. ശരീരത്തിൽ പെട്രോൾ പോലെയുള്ള ദ്രാവകം ഒഴിച്ചതിന്റെ ലക്ഷണങ്ങളും കഴുത്തിൽ ഞെരുക്കിയതിന്റെ പാടും ഉണ്ടായിരുന്നു. ജീവനോടെ പൊള്ളലേറ്റ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആമാശയത്തിൽ വിഷദ്രാവകത്തിന്റെയും മദ്യത്തിന്റെയും അംശം കണ്ടെത്തി. ഇക്കാരണങ്ങളാൽ മരണശേഷമാണ് മൃതദേഹം കത്തിച്ചതെന്ന നിഗമനത്തിലെത്തുകയായിരുന്നു.
കേരളത്തിൽ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ ആദ്യ കേസാണ് ഉത്ര വധം. കേസ് ഡയറിയിലെ കണ്ടെത്തലുകളാണ് പ്രദർശനത്തിൽ വ്യക്തമാക്കുന്നത്. പാമ്പുകടിയേറ്റുള്ള സാധാരണ മരണമായി കരുതിയിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളാണ് കൊലപാതകമെന്ന് തെളിയിച്ചത്. പാമ്പ് പുറത്തുനിന്ന് കയറിയതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ എ.സി. മുറിയുടെ ജനാല തുറന്നിട്ടിരുന്നു. എന്നാൽ, ജനലിനു പുറത്ത് പാമ്പ് ഇഴഞ്ഞതിന്റെ പാടുകൾ ഉണ്ടായിരുന്നില്ല. പാമ്പ് സ്വയം കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവിനെക്കാൾ ആഴം കൂടുതലായിരിക്കും പാമ്പിനെക്കൊണ്ട് കടിപ്പിക്കുമ്പോൾ. ആദ്യത്തെ പാമ്പുകടിയേറ്റ് 50 ദിവസത്തിനകം രണ്ടാമത് കടിയേറ്റതും സംശയം ഉയർത്തി. 2020 മേയ് ആറിനാണ് ഭർത്താവ് സൂരജ് സ്വത്ത് തട്ടിയെടുക്കുന്നതിന് ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.