കോട്ടയം: റബർ മേഖലക്ക് ഉണർവ് നൽകി ലാറ്റെക്സ് വില 160ലെത്തി. ഒരു മാസം മുമ്പുവരെ 110-115ലാണ് നിന്നിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് 25 രൂപ വർധനവുണ്ടായത്. വടക്കേ ഇന്ത്യൻ കമ്പനികളിൽനിന്ന് കൂടുതൽ ആവശ്യം വന്നതും കയറ്റുമതിയിൽ വർധനവുണ്ടായതുമാണ് വില കൂടാൻ കാരണം.
ഏതാനുംനാൾ വില ഉയർന്നുതന്നെ നിൽക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന വിവരം. കോവിഡ് കാലത്ത് സർജിക്കൽ ഗ്ലൗസിന് ആവശ്യമേറിയതോടെ വില ഉയർന്നിരുന്നു. 2021 മേയിൽ ലാറ്റക്സിന് 188 രൂപയായിരുന്നു. അടുത്തിടെയുണ്ടായ ഏറ്റവും വലിയ വർധനയായിരുന്നു ഇത്. അതിനുമുമ്പ് കുറഞ്ഞ് 90 രൂപ വരെ ആയിട്ടുമുണ്ട്. റബ്ബർ ഷീറ്റാക്കാതെ ലാറ്റക്സായിത്തന്നെ വിൽക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നുവെന്നാണ് റബർ ബോർഡിന്റെയും റബർ ഉൽപാദക സംഘങ്ങളുടെയും കണക്കുകൾ സൂചിപ്പിക്കുന്നത്.
ജില്ലയിലും ലാറ്റെക്സ് ഉൽപാദിപ്പിക്കുന്നവരാണ് കൂടുതൽ. 60 ശതമാനം ലാറ്റെക്സും 40 ശതമാനം റബർ ഷീറ്റുമാണ് അധികം പേരും ഉൽപാദിപ്പിക്കുന്നത്. ഷീറ്റ് റബർ ഉണ്ടാക്കാൻ ജോലി ഭാരവും ചെലവും കൂടുതലാണ്. എന്നാൽ ലാറ്റെക്സിന് അതില്ല. അതുകൊണ്ടുതന്നെ വെട്ടുകാർക്കും താൽപര്യം ലാറ്റെക്സാണ്. സ്വന്തമായി വെട്ടുന്നവരും വലിയ തോട്ടങ്ങളുള്ളവരും മാത്രമാണ് ഷീറ്റിൽ കേന്ദ്രീകരിക്കുന്നത്.
ലാറ്റെക്സ് വില ഉയർന്നെങ്കിലും കർഷകർക്ക് പ്രയോജനമില്ല. ലാറ്റെക്സ് സംഭരിക്കുന്നവർ 160 രൂപക്കാണ് ഫാക്ടറികൾക്ക് നൽകുന്നതെങ്കിലും കർഷകന് കിട്ടുന്നത് 142 -145 രൂപ മാത്രമാണ്. വേനലായതിനാൽ റബർ ഉൽപാദനം കുറവാണ്. മഴ കിട്ടിയാലേ ടാപ്പിങ് ആരംഭിക്കാനാവൂ. ഇപ്പോൾ 20 ശതമാനം മാത്രമേ ടാപ്പിങ് നടത്തുന്നുള്ളൂ. വെട്ടുകാരെ നഷ്ടപ്പെടാതിരിക്കാൻ ടാപ്പിങ് നടത്തുന്നവരുമുണ്ട്. നിലവിൽ വിറ്റഴിക്കുന്നത് നേരത്തേ സ്റ്റോക്ക് ചെയ്തിരുന്ന ലാറ്റെക്സാണ്. വലിയ തോതിൽ വെട്ട് ഉള്ളവർക്ക് ചെറിയ വിലയിൽ ലാറ്റെക്സ് വിറ്റാൽ നഷ്ടമാണ്.
വെട്ടുകൂലിയെങ്കിലും തിരിച്ചുകിട്ടാൻ വില കൂടുന്നത് നോക്കി സ്റ്റോക്ക് ചെയ്യാനാവും. അത്തരക്കാരും ഇപ്പോൾ ലാറ്റെക്സ് വിറ്റഴിക്കുന്നു. അതേ സമയം റബർ ഷീറ്റ് വിലയിൽ കാര്യമായ വർധനയില്ല. ആർ.എസ്.എസ് നാലിന് 152 രൂപയും ആർ.എസ്.എസ് അഞ്ചിന് 150 രൂപയുമാണ് റബർബോർഡ് ഇന്നലെ നൽകിയത്. വില സ്ഥിരത ഫണ്ട് കിട്ടിയാൽ ലാറ്റെക്സ് വില കുറഞ്ഞാലും കർഷകന് പിടിച്ചുനിൽക്കാം. എന്നാൽ, ആർക്കും ഈ തുക ലഭിച്ചിട്ടില്ല.
ലാറ്റെക്സിന്റെ വിലയിടിക്കാനുള്ള ശ്രമങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സംവിധാനം വേണമെന്നാണ് കർഷകരുടെ ആവശ്യം. വില കൂടുതലാണെന്ന് കണ്ടാൽ സംഘങ്ങൾ സംഭരണം നിർത്തിവെക്കും.
ഇതോടെ ലാറ്റെക്സിന്റെ വിലയിടിയും. ലാറ്റെക്സിന്റെ വിശ്വാസ്യത ഉറപ്പിക്കാൻ നടപടി വേണം. കമ്പനികൾ വ്യത്യസ്ത നിരക്കിലാണ് ലാറ്റെക്സ് സ്വീകരിക്കുന്നതെന്നും ഇത് ഏകീകരിക്കണമെന്നും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.