നെടുങ്കുന്നം: ജനകീയസമരവും നിയമപോരാട്ടവും വിജയ കണ്ട സന്തോഷത്തിലായിരുന്നു വീരന്മല ചമ്പന്നൂർപ്പടിയിലെ നാട്ടുകാരും പഞ്ചായത്തും. ജനവാസമേഖലയിലെ കുന്നിടിച്ച് നിരത്താനുള്ള ശ്രമം നാട് ഒറ്റക്കെട്ടായി നേരിട്ടു. മണ്ണെടുപ്പ് തടഞ്ഞ് ഹൈകോടതി ഉത്തരവിട്ടതോടെ സമരം താത്കാലിക വിജയംകണ്ടു.
എന്നാൽ കരാറുകാരൻ ഇവിടെ നിന്നും മണ്ണെടുക്കാൻ വീണ്ടും അനുമതി തേടി ഹൈകോടതിയെ സമീപിച്ചതോടെ നാട്ടുകാർ വീണ്ടും ആശങ്കയിലായി. ദേശീയപാത 66ന്റെ ആവശ്യത്തിനായി 2024 ഡിസംബർ ഒമ്പതിനാണ് ചമ്പന്നൂർപടിയിൽ നിന്നും കുന്നിടിച്ച് മണ്ണെടുപ്പ് തുടങ്ങിയത്. ജനകിയസമിതി രൂപീകരിച്ച് നാട്ടുകാർ തടഞ്ഞതോടെ പ്രശ്നം ആളിക്കത്തി. കലക്ടറടക്കം ഇടപെട്ടു.
ഒടുവിൽ കരാറുകാരനും നാട്ടുകാരും നെടുംകുന്നം പഞ്ചായത്തും കോടതി കയറി. ജനകീയസമിതി കേസ് നടത്താൻ ഒന്നരലക്ഷം രൂപയാണ് അന്ന് ചെലവഴിച്ചത്. വീണ്ടും നിയമപോരാട്ടം നടത്തണമെങ്കിൽ രണ്ടുലക്ഷം രൂപയോളം വേണം.
നിയമപോരാട്ടത്തിനാവശ്യമായ പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്താൻ ജനകീയ സമിതിയും പഞ്ചായത്തും തീരുമാനിച്ചു. ജൂലൈ ആറിനാണ് ബിരിയാണി ചലഞ്ച്. 2500 ബിരിയാണികൾ തയ്യാറാക്കി 200 രൂപ നിരക്കിൽ വിൽക്കാനാണ് തീരുമാനം. ചെലവ് കഴിച്ച് രണ്ടുലക്ഷം രൂപയിലധികം ലാഭം കിട്ടും. ഈ തുകക്ക് വീണ്ടും നിയമ പോരാട്ടം നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.