കോട്ടയം: മൂന്നുവർഷം മുമ്പ് കൊലക്കേസ് പ്രതി രക്ഷപ്പെട്ടപ്പോഴാണ് ജില്ല ജയിലിന്റെ ചുറ്റുമതിലിന്റെ ഉയരം കൂട്ടാൻ തീരുമാനിച്ചത്. എന്നാൽ, മതിലിന് ഉറപ്പുകുറവായതിനാൽ കമ്പിവേലി കെട്ടാനായിരുന്നു മുകളിൽനിന്നുള്ള നിർദേശം. കമ്പിവേലി കെട്ടി സുരക്ഷ ‘ഇരട്ടി’യാക്കിയ ജയിലിൽനിന്നാണ് തിങ്കളാഴ്ച മോഷണക്കേസ് പ്രതി ചാടിപ്പോയത്. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ജയിലിലെ ഉയരം കുറഞ്ഞ മതിൽ ഉദ്യോഗസ്ഥർക്ക് വലിയ തലവേദനയാണ്.
ഏകദേശം പത്തടി ഉയരമുള്ള മതിലിനു മുകളിലൂടെ വേണമെന്നുവെച്ചാൽ ഒരാൾക്ക് അകത്തേക്കും പുറത്തേക്കും കടക്കാം. ഉയരം നാലടി കൂട്ടണമെന്ന് ആവശ്യപ്പെട്ട് ജയിൽ അധികൃതർ റിപ്പോർട്ട് നൽകിയതിനെതുടർന്ന് മതിൽ ഉയരം കൂട്ടാൻ ജയിൽ വകുപ്പ് നിർദേശം നൽകി. ഇതിന് പണം അനുവദിക്കുകയും ചെയ്തു. എന്നാൽ, പൊതുമരാമത്ത് കെട്ടിടവിഭാഗം നടത്തിയ നടത്തിയ പരിശോധനയിൽ മതിലിന് ഉറപ്പുകുറവാണെന്നും നിലവിലെ അവസ്ഥയിൽ ഉയരം കൂട്ടിയാൽ മറിഞ്ഞുവീഴുമെന്നും കണ്ടെത്തി.
തുടർന്നാണ് തൽക്കാലം കമ്പിവേലി സ്ഥാപിക്കാൻ തീരുമാനിച്ചത്. 30 സെന്റിമീറ്റർ കട്ടിയിൽ കോൺക്രീറ്റിട്ട് അതിനുമുകളിൽ കമ്പിവേലി സ്ഥാപിച്ചത് കഴിഞ്ഞ വർഷമാണ്. എന്നാൽ, കമ്പിയൊന്നും പ്രതികൾക്ക് തടസ്സമല്ലെന്നാണ് ഇപ്പോഴത്തെ ജയിൽ ചാട്ടം തെളിയിക്കുന്നത്. 66 വർഷം പഴക്കമുള്ള ജയിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. 1959ൽ സബ്ജയിലായി തുടങ്ങി 2000ത്തിലാണ് ജില്ല ജയിലായി ഉയർത്തിയത്.
നഗരമധ്യത്തിൽ 55 സെന്റ് സ്ഥലത്താണ് ജയിൽ സ്ഥിതി ചെയ്യുന്നത്. 15 സെല്ലുകളിലായി 67 പേരെ പാർപ്പിക്കാവുന്ന ജയിലിൽ 108 പേരാണ് കഴിയുന്നത്. ഇതിൽ എട്ടുപേർ സ്ത്രീകളാണ്. 28 ജീവനക്കാരുമുണ്ട്. കൂടുതൽ സൗകര്യമുള്ള സ്ഥലത്തേക്ക് ജയിൽ മാറ്റാൻ ആലോചന തുടങ്ങിയിട്ട് നാളേറെയായെങ്കിലും പകരം സ്ഥലം കണ്ടുപിടിക്കാനായിട്ടില്ല. മണിമലയിലെ റബർബോർഡിന്റെ ഭൂമിയും നാട്ടകം സിമന്റ്സിന്റെ ഭൂമിയും ചിങ്ങവനം ടെസിലിന്റെ ഭൂമിയും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.