കേരള ബജറ്റ്: ആശയും നിരാശയും

എരുമേലിക്ക് പ്രതീക്ഷയും സങ്കടവും

എരുമേലി: സംസ്ഥാന ബജറ്റ് എരുമേലിയുടെ വികസനത്തിന് പ്രതീക്ഷ നൽകുമ്പോൾ ഒപ്പം നിരാശയും. എരുമേലി മാസ്റ്റർ പ്ലാനിന് 10 കോടി അനുവദിച്ചത് നാടിന്‍റെ വികസനത്തിന് പ്രതീക്ഷ കൂട്ടുന്നു. ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന എരുമേലിയുടെ സമഗ്ര വികസനം മുന്നിൽക്കണ്ട് മാസ്റ്റർ പ്ലാൻ തയാറാക്കി എരുമേലിയെ ടൗൺഷിപ്പാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷവും മാസ്റ്റർ പ്ലാനിന് തുക വകയിരുത്തിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഇത് ജനങ്ങളെ നിരാശരാക്കി.

അടിസ്ഥാന സൗകര്യം ഇല്ലാതെ എരുമേലി വീർപ്പുമുട്ടുകയാണ്. തീർഥാടന കേന്ദ്രമായിട്ടും താൽക്കാലിക സൗകര്യങ്ങൾ മാത്രമാണുള്ളത്. 23 വാർഡുകളുള്ള എരുമേലിയിലെ സർക്കാർ ആശുപത്രിയിൽ വിദഗ്ധ ചികിത്സാ സൗകര്യം ഇല്ല. അഗ്നിരക്ഷാ യൂനിറ്റുപോലും കിലോമീറ്ററുകൾ അകലെയാണ്. റോഡുകളും തോടുകളും ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു. എരുമേലിയുടെ വികസനം വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്. ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് തലത്തിലുള്ള ഉദ്യോഗസ്ഥരെയും ഉർപ്പെടുത്തി വികസന പദ്ധതികൾ ചർച്ച ചെയ്യുവെന്നും എം.എൽ.എ പറഞ്ഞു.

നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം എരുമേലിയുടെ പ്രാധാന്യം വർധിപ്പിക്കും. പദ്ധതിക്കായി രണ്ട് കോടി വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലും രണ്ട് കോടി അനുവദിച്ചിരുന്നു. എന്നാൽ, മണ്ണ് പരിശോധന കഴിഞ്ഞ് തുടർന്നുള്ള ഘട്ടത്തിന് കൂടുതൽ തുക ആവശ്യമാണെന്നിരിക്കെ പദ്ധതിക്ക് രണ്ട് കോടി മാത്രം അനുവദിച്ചത് നിരാശപ്പെടുത്തി,

എരുമേലി, മണിമല വില്ലേജിൽനിന്നാണ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നത്. നിലവിൽ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍നിന്നായി 2570 ഏക്കറാണ് ഏറ്റെടുക്കുക. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്നും 307 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. 2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച് പാല മുൻസിഫ് കോടതി പരിഗണനയിലാണ്.

കറുകച്ചാലിൽ കുരിശുകവല ബൈപാസ് വരുന്നു

 കറുകച്ചാൽ: കറുകച്ചാൽ ഗുരുമന്ദിരം-നെത്തല്ലൂർ കുരിശുപള്ളികവല ബൈപാസ് വരുന്നു. ഇതിനായി നാലുകോടിയാണ് ബജറ്റിൽ വകയിരുത്തിയത്. കറുകച്ചാലിൽനിന്ന് രണ്ടുകിലോമീറ്ററോളം ദൂരമുള്ള റോഡ് പരമാവധി വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് പുനർനിർമിച്ച് ബൈപാസാക്കുന്നത്.

ഒപ്പം തിരക്കേറിയതും ഇടുങ്ങിയതുമായ ഗുരുമന്ദിരം ജങ്ഷൻ നവീകരണവും പദ്ധതിയിലുണ്ടാകും. നിർമാണം പൂർത്തിയായാൽ വാഴൂർ റോഡിൽനിന്ന് കോട്ടയം ഭാഗത്തേക്കു പോകാനുള്ള വാഹനങ്ങൾക്ക് എളുപ്പത്തിൽ നെത്തല്ലൂർ കുരിശുകവലയിൽ എത്താനാകും. കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് നെത്തല്ലൂരിലെത്താതെ എളുപ്പത്തിൽ കറുകച്ചാലിലെത്താനുമാകും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് ചീഫ് വിപ്പ് എൻ. ജയരാജ് പറഞ്ഞു.

വൈക്കത്ത് മിനി സിവിൽ സ്റ്റേഷന് തുകയായി

വൈക്കം: വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴിലാക്കാൻ സിവില്‍ സ്റ്റേഷന്‍ അനക്‌സ് സ്ഥാപിക്കാൻ സംസ്ഥാന ബജറ്റില്‍ 10 കോടി അനുവദിച്ചു.നിലവില്‍ കച്ചേരിക്കവലയിലുള്ള സിവില്‍ സ്റ്റേഷനില്‍ ഏഴു സര്‍ക്കാര്‍ ഓഫിസുകള്‍ മാത്രമാണുള്ളത്.

ഇവിടെ പുതിയ ഓഫിസുകള്‍ അനുവദിക്കാന്‍ കഴിയില്ല. സ്ഥലപരിമിതി മൂലം മണ്ഡലത്തിലേക്ക് അനുവദിക്കപ്പെടുന്ന ഓഫിസുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരമില്ലാത്ത സാഹചര്യമാണ്. ഇതു പരിഹരിക്കാന്‍ മിനി സിവില്‍ സ്‌റ്റേഷന്‍ അനക്‌സ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.കെ. ആശ എം.എല്‍.എ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നതും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായി പത്തിലധികം ഓഫിസുകളുണ്ട്. പുതിയ കെട്ടിടം നിര്‍മിച്ചാല്‍ ഇവക്കെല്ലാം സ്ഥല സൗകര്യമാകും.സിവില്‍ സ്റ്റേഷന് പുറത്തു പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്കായി വൈക്കം വടക്കേനടയില്‍ സബ് രജിസ്ട്രാര്‍, വാണിജ്യനികുതി ഓഫിസ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അനക്‌സ് നിര്‍മിക്കാമെന്നാണ് ഒരു നിര്‍ദേശം.

പടിഞ്ഞാറേ തോട്ടുവക്കത്ത് കെ.വി കനാലിനു സമീപത്ത് പി.ഡബ്ല്യു.ഡി ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലവും ആറാട്ടുകുളങ്ങരയില്‍ ഫയര്‍ സ്റ്റേഷനു സമീപത്തെ സ്ഥലവും പരിഗണനയിലുണ്ട്.തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്‌കൂളിന് പുതിയ കെട്ടിടം, ചെമ്പ് അങ്ങാടിക്കടവ്-തുരുത്തുമ്മ പാലം, നേരേകടവ്-ഉദയനാപുരം റോഡ് ഭൂമി ഏറ്റെടുത്ത് വീതി കൂട്ടല്‍, കരിപ്പാടം പാറയ്ക്കല്‍ തട്ടാവേലി ഭാഗത്ത് മൂവാറ്റുപുഴയാറിന്റെ തീരം കല്ലുകെട്ടി സംരക്ഷിച്ച് റോഡ് നിര്‍മാണം,

കല്ലറ-വെച്ചൂര്‍ റോഡ് ബി.എം ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, തലയോലപ്പറമ്പ്-കൃഷ്ണന്‍കോവില്‍ റോഡ് നവീകരണം, വെച്ചൂര്‍-മറ്റം റോഡ് ബി.എം ബി.സി നിലവാരത്തില്‍ നിര്‍മാണം, വൈക്കം നഗരസഭയില്‍ കുടിവെള്ള പദ്ധതി, കലുങ്ക് ഉള്‍പ്പെടെ വാഴമന-പുത്തന്‍പാലം- കള്ളാട്ടിപുറം റോഡ് നവീകരണം, തണ്ണീര്‍മുക്കം ബണ്ട് റോഡ് ബി.എം ബി.സി നിര്‍മാണം, വൈക്കം-വാഴമന റോഡില്‍ കിളിയാട്ടുനട മുതല്‍ കള്ളാട്ടിപുറം വരെ ബി.എം ബി.സി നിര്‍മാണം, ചെമ്പ് കൃഷ്ണന്‍തുരുത്ത് കല്‍കെട്ടും പാലവും വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരനട മുതല്‍ കച്ചേരിക്കവല വരെ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടല്‍ എന്നീ പ്രവൃത്തികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇൻഡോർ വോളിബാൾ സ്റ്റേഡിയം പുളിക്കൽ കവലയുടെ മുഖഛായ മാറ്റും

വാഴൂർ: പുളിക്കൽകവലയിൽ വോളിബാൾ ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ സംസ്ഥാന ബജറ്റിൽ മൂന്ന് കോടി അനുവദിച്ചതിന്റെ സന്തോഷത്തിലാണ് വാഴൂർ ഗ്രാമപഞ്ചായത്തും കായിക പ്രേമികളും.ഇതോടെ പുളിക്കൽ കവലയുടെ വികസനം സാധ്യമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ജില്ലതല മത്സരങ്ങളും കുട്ടികളുടെ വോളിബാൾ സെലക്ഷനുമൊക്കെ ഈ സ്റ്റേഡിയത്തിൽ നടത്താനാകുമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് പറഞ്ഞു.

കളിക്കളത്തിന്റെ പ്ലാനും എസ്റ്റിമേറ്റും പൂർത്തീകരിച്ചതിനാൽ വൈകാതെ ടെൻഡർ ചെയ്യാനാകും.വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്റ്റേഡിയം വരുന്നത്. വാഴൂരിൽനിന്നും രാജ്യാന്ത താരങ്ങളെ വാർത്തെടുക്കാനാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. റെജി പറഞ്ഞു.

75 വർഷത്തിലേറെയായി തുടരുന്ന വോളിബാൾ പരമ്പര്യം നിലനിർത്താൻ വാഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വോളി സംഘടിപ്പിക്കുമെന്നും റെജി പറഞ്ഞു.വാഴൂർ നോവൽറ്റി ലൈബ്രറിയുടെ തുടക്കം കുറിച്ചത് വോളിബാൾ കളിയിലൂടെയാണ്. 75 വർഷം പൂർത്തീകരിച്ച ലൈബ്രറിക്ക് ഇത് അഭിമാന നിമിഷമെന്ന് ലൈബ്രറി പ്രസിഡന്റ് അഡ്വ. െബെജു. കെ. ചെറിയാൻ പറഞ്ഞു.

Tags:    
News Summary - Kerala Budget: Hope and Disappointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.