റോഡിലെ കുഴിയിൽവീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട്​ തേടി

കോട്ടയം: പാലാ രാമപുരത്ത് റോഡിലെ കുഴിയിൽവീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എൻജിനീയറോടും കലക്ടറോടും മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് റിപ്പോർട്ട്​ തേടി.

റോഡിലെ കുഴിയടക്കുന്നതിൽ ബന്ധപ്പെട്ടവർ കാണിച്ച അലംഭാവത്തെക്കുറിച്ച് അന്വേഷിച്ച് സെപ്റ്റംബർ 30നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്​ ഉത്തരവ്​. ഹോട്ടൽ തൊഴിലാളിയായിരുന്ന റോയിയാണ് (45) കഴിഞ്ഞ 12ന് പാലാ- രാമപുരം റോഡിലെ കുഴിയിൽ വീണ് മരിച്ചത്.

അന്ത്യാളം റോഡിൽ രണ്ടുസെൻറിലെ വീട്ടിലായിരുന്നു താമസം. ഇരുചക്ര വാഹനത്തിൽ മീൻ കച്ചവടം ചെയ്തിരുന്ന റോയി ലോക്ഡൗൺ തുടങ്ങിയതോടെയാണ് രാമപുരത്തെ ഹോട്ടലിൽ ജോലിക്കുപോയത്. പുലർച്ച അഞ്ചിന് ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

കുഴി അടക്കണമെന്ന് അപകടത്തിന് മുമ്പുതന്നെ എല്ലാവരും ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, റോയി മരിച്ച ദിവസം രാത്രി പൊതുമരാമത്ത് അധികൃതർ കുഴി നികത്തി. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. കമീഷൻ സ്വമേധയാ കേസും എടുത്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.