പോളനിറഞ്ഞ നാലുപങ്ക് ബോട്ട് ടെർമിനൽ
കോട്ടയം: മറ്റൊരു അവധിക്കാലം എത്തുമ്പോഴും കായൽയാത്ര പ്രേമികൾക്കായി വിവിധ സൗകര്യങ്ങളോടെ ഒരുക്കിയ നാലുപങ്ക് ബോട്ട് ടെർമിനൽ അനിശ്ചിതാവസ്ഥയിൽ തുടരുന്നു. ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷം പിന്നിട്ടിട്ടും ടൂറിസം വകുപ്പിനും പഞ്ചായത്തിനും കുമരകം നാലുപങ്ക് ടെർമിനലിന്റെ പ്രവർത്തനമാരംഭിക്കാനാകുന്നില്ല.
വിനോദസഞ്ചാരത്തിന് സഹായകമാകാൻ ലക്ഷ്യമിട്ട് കോടികൾ ചെലവഴിച്ച് നിർമിച്ച നാലുപങ്കിലെ ഹൗസ് ബോട്ട് ടെർമിനലാണ് നാശത്തിലേക്ക് കൂപ്പുകുത്തുന്നത്. സാമൂഹികവിരുദ്ധരുടെ കേന്ദ്രമായ ഇവിടം ഇഴജന്തുക്കളുടെയും മറ്റും വാസസ്ഥലമായും മാറി. ചിത്തിരക്കായലും വേമ്പനാട്ടുകായലും അതിർത്തി പങ്കിടുന്ന നാലുപങ്കിലാണ് ഹൗസ് ബോട്ട് ടെർമിനൽ. ടൂറിസം വകുപ്പ് 3.8 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയാണ് ഒരു പ്രയോജനവും ഇല്ലാതെ കിടക്കുന്നത്.
2020ൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയായിരുന്നു ഉദ്ഘാടനം. ടൂറിസം വകുപ്പ് ശരിയായ പഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നാണ് ആക്ഷേപം. ടെർമിനലിന്റെ പ്രധാന കെട്ടിടമായ വാച്ച് ടവറും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നും സോളാർ ലൈറ്റ്, ശൗചാലയ സൗകര്യം എന്നിവ ഉണ്ടായിരുന്നെങ്കിലും ക്രമേണ നശിച്ചുമാണ് ടവർ അവശേഷിക്കുന്നത്.
40 ഹൗസ് ബോട്ടുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കായൽ ഭാഗമായതിനാൽ ശക്തമായ കാറ്റ് വീശുന്നതുമൂലം ഹൗസ് ബോട്ടുകൾ നിർത്തിയിടാൻ സാധിക്കില്ല. ഹൗസ് ബോട്ടുകൾ കയറിവരേണ്ട കായൽ ഭാഗത്ത് പോള നിറഞ്ഞിരിക്കുകയാണ്. നടപ്പാതയിൽ സ്ഥാപിച്ച കൈവരികളും മറിഞ്ഞുവീണു.
ടെർമിനലിന്റെ പരിപാലനം കുമരകം പഞ്ചായത്ത് ഏറ്റെടുത്തിട്ട് മൂന്നുവർഷം കഴിഞ്ഞു. എന്നാൽ, പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു വികസനപ്രവർത്തനവും ടെർമിനലിനായി നടത്തുന്നില്ലെന്ന് പരാതിയുണ്ട്. പലതവണ ബോട്ട് ടെർമിനലിനെ സംബന്ധിച്ച് വിവിധ ചർച്ചകൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ല.
വിനോദസഞ്ചാരികൾക്ക് കായൽക്കാഴ്ച കാണാനും സായാഹ്നം ചെലവഴിക്കാനുമായി കൂടുതൽ സൗകര്യപ്രദമായ ഒരിടമാണ് ബോട്ട് ടെർമിനൽ. ഹൗസ് ബോട്ടുകൾ നിർത്തിയിട്ട് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുമായി കായൽ യാത്രക്ക് പോകുകയെന്ന ലക്ഷ്യത്തോടെയാണ് ടെർമിനൽ നിർമിച്ചത്.
ഫോട്ടോഷൂട്ടിനും കായൽഭംഗി ആസ്വദിക്കാനും നിരവധി സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും വെയിൽ കൊള്ളാതെ ഇരിക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ ഇവിടെ സൗകര്യമില്ല. കേന്ദ്ര സർക്കാറിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി വിനോദസഞ്ചാരികൾക്കായി ഒരുക്കാനുള്ള ശ്രമവും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.