ഈരാറ്റുപേട്ട: ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ മീനച്ചിൽ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മീനച്ചിൽ താലൂക്കിൽ 28 വില്ലേജാണുള്ളത്. മീനച്ചിൽ താലൂക്ക് ആസ്ഥാനമായ പാലായിലെത്തണമെങ്കിൽ മലയോര വില്ലേജുകളിൽനിന്ന് 32 കിലോമീറ്റർ സഞ്ചരിക്കണം. പൂഞ്ഞാർ താലൂക്ക് രൂപവത്കരിക്കുന്ന കാര്യത്തിൽ വിവിധ സർക്കാറുകൾ ഇന്നാട്ടിലെ ജനങ്ങളോട് വിവേചനമാണ് കാണിക്കുന്നത്.
മീനച്ചിൽ താലൂക്കിലെ മൂന്നിലവ്, മേലുകാവ്, തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, ഈരാറ്റുപേട്ട, തലപ്പലം, കൊണ്ടൂർ, കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ എന്നീ വില്ലേജുകൾ ഉൾപ്പെടുത്തി പൂഞ്ഞാർ താലൂക്ക് വേണമെന്ന റിപ്പോർട്ട് 2017 മാർച്ചിൽ ലാൻഡ് റവന്യൂ കമീഷണർ, അഡീഷനൽ ചീഫ് സെക്രട്ടറി റവന്യൂ (എഫ്) വകുപ്പിന് നൽകിയിരുന്നു. ഈ റിപ്പോർട്ടിന് ശേഷവും കുന്നംകുളം, പയ്യന്നൂർ, അട്ടപ്പാടി താലൂക്കുകൾ സർക്കാർ രൂപവത്കരിച്ചിരുന്നു.
ഏറെ വികസന സാധ്യതയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് നിർദിഷ്ട താലൂക്ക്. മേഖലയിലെ വികസനത്തിന് താലൂക്ക് രൂപവത്കരണം വളരെയേറെ സഹായകരമാകും. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽമല, മാർമല അരുവി, അയ്യമ്പറ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് നിർദിഷ്ട താലൂക്ക്. താലൂക്ക് രൂപവത്കരിക്കുകയാണെങ്കിൽ ഈ പ്രദേശങ്ങളുടെ വൻവികസനത്തിന് വഴിയൊരുക്കും. മൂന്നിലവ്, മേലുകാവ് വില്ലേജുകൾ പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് ഭൂരിപക്ഷമുള്ള വില്ലേജുകളാണ്. പ്രകൃതിക്ഷോഭം അനുഭവപ്പെടുന്ന വില്ലേജുകളാണ് പൂഞ്ഞാർ നടുഭാഗം, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട് വില്ലേജുകൾ.
ഇവിടങ്ങളിൽ ദ്രുതഗതിയിൽ സഹായം എത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പുതിയ താലൂക്കിന്റെ രൂപവത്കരണം സഹായകരമാവും. 1969 ൽ ഈരാറ്റുപേട്ട ബ്ലോക്ക് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ അന്നത്തെ പൂഞ്ഞാർ എം.എൽ.എയും റവന്യൂ മന്ത്രിയും ആയിരുന്ന ടി.എ. തൊമ്മനാണ് ഈരാറ്റുപേട്ട കേന്ദ്രമായി താലൂക്ക് എന്ന ആശയം തുറന്നുപറഞ്ഞത്. തുടർന്ന് വന്ന ജനപ്രതിനിധികളെല്ലാം പ്രകടനപത്രികയിലുൾപ്പെടുത്തിയിട്ടും തീരുമാനമായില്ല. ഇ. ചന്ദ്രശേഖരൻ റവന്യൂ മന്ത്രി ആയിരിക്കെ 2017ൽ നാട്ടുകാരായ 367 പേർ ഒപ്പിട്ട നിവേദനം നൽകി. തുടർന്ന് നിയമസഭ സമ്മേളനത്തിൽ പൂഞ്ഞാർ താലൂക്ക് സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
ഈരാറ്റുപേട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, പൊലീസ് സ്റ്റേഷൻ, അഗ്നിരക്ഷാസേന ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫിസ്, കെ.എസ്.ആർ.ടി സി ഡിപ്പോ, വാട്ടർ അതോറിറ്റി ഓഫിസ്, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ ഓഫിസ്, ടൂറിസ്റ്റ് ബംഗ്ലാവ്, കൃഷി അസി. ഡയറക്ടറുടെ ഓഫിസ്, ഉപജില്ല ഓഫിസ്, കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസ്, കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ, നഗരസഭ ബസ് സ്റ്റാൻഡ്, ഒരു എയ്ഡഡ് കോളജ്, മൂന്ന് ഹയർ സെക്കൻഡറി സ്കൂളുകൾ, അരുവിത്തുറ സ്കൂൾ സ്റ്റേഡിയം എന്നിവയും എട്ടോളം പൊതുമേഖല ബാങ്കുകളും ഈരാറ്റുപേട്ട നഗരസഭയിലാണ് സ്ഥിതി ചെയ്യുന്നത്.
1500 ഓളം വ്യാപാര സ്ഥാപനങ്ങൾ ഈരാറ്റുപേട്ട നഗരസഭയിൽ മാത്രം പ്രവർത്തിക്കുന്നുണ്ട്. ഏറ്റുമാനൂർ - ഈരാറ്റുപേട്ട സംസ്ഥാന പാത, അങ്കമാലി -എരുമേലി സംസ്ഥാന പാത, ഈരാറ്റുപേട്ട - വാഗമൺ സംസ്ഥാനപാത എന്നീ ഹൈവേകളുടെ സംഗമസ്ഥാനമാണ് ഈരാറ്റുപേട്ട.നിർദിഷ്ട ശബരി റെയിൽപാത ഈരാറ്റുപേട്ട നഗരത്തിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരെ നിർദിഷ്ട താലൂക്കിലെ തലപ്പലം വില്ലേജിലൂടെയാണ് കടന്നുപോകുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.