ഈരാറ്റുപേട്ട- വാഗമണ്‍ റോഡ്: കരാറുകാരനെ നീക്കി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റോഡി‍െൻറ നവീകരണം ഏറ്റെടുത്ത കരാറുകാരനെ നീക്കി. നിർമാണത്തിൽ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് നടപടി. കരാര്‍ റദ്ദാക്കിയശേഷം പദ്ധതി റീടെന്‍ഡറും ചെയ്തു. പഴയ കരാറുകാര്‍ സര്‍ക്കാറിന് നഷ്ടം നല്‍കണമെന്ന വ്യവസ്ഥയിലാണ് ജോലിയിൽനിന്ന് നീക്കിയത്.

റോഡ് പണി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസി‍െൻറ നിർദേശത്തെതുടർന്നാണ് കരാർ ഒഴിവാക്കിയത്. ജനുവരി 13 വരെയാണ് പുതിയ ടെന്‍ഡര്‍ നൽകാനുള്ള തീയതി. ഇതിനുശേഷം ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണം ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് എത്താനുള്ള പ്രധാന റോഡി‍െൻറ സവീകരണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ആറുകിലോമീറ്റർ ബി.എം പ്രവൃത്തി മാത്രമേ പൂർത്തീകരിച്ചിട്ടുള്ളു. ഇതോടെയാണ് റോഡ് പണി കരാറെടുത്ത എറണാകുളത്തെ ഡീൻ കൺസ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്. റീടെന്‍ഡറില്‍ അധികമായി ക്വോട്ട് ചെയ്യപ്പെടുന്ന തുക പഴയ കരാറുകാര്‍ സര്‍ക്കാറിലേക്ക് അടക്കണമെന്ന ‘റിസ്‌ക് ആൻഡ് കോസ്റ്റ്’ (കരാറുകാരുടെ നഷ്ട ഉത്തരവാദിത്തത്തില്‍) വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിനൊപ്പം ബാക്കിവന്നിട്ടുള്ള പ്രവൃത്തിയുടെ മുപ്പതുശതമാനം തുകയും മൂന്നുമാസത്തിനുള്ളില്‍ ഇവര്‍ നല്‍കണം.2021 ഒക്ടോബറില്‍ 19.9 കോടി രൂപയുടെ ഭരണാനുമതിയും ഡിസംബറില്‍ സാങ്കേതികാനുമതിയും നല്‍കി.കിഫ്ബിയിൽ നിന്നുള്ള സാമ്പത്തികസഹായത്തോടെ ബി.എം ബി.സി നിലവാരത്തിൽ നിർമിക്കുന്ന റോഡിന് 16.87 കോടി രൂപയ്ക്കാണ് ഡീന്‍ കണ്‍സ്ട്രക്ഷന് 2022 ഫെബ്രുവരിയില്‍ കരാർ നൽകിയത്.

ആറുമാസംകൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു നിബന്ധന. ഇത് പാലിക്കാതെ വന്നതിനെതുടര്‍ന്ന് മന്ത്രി നേരിട്ട് ഇടപെടുകയും മൂന്നുമാസത്തേക്കുകൂടി നീട്ടിക്കൊടുത്തുകൊണ്ട് നോഡല്‍ ഓഫിസറായി എസ്. ഷാനവാസിനെയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എം.ഡി എസ്. സുഹാസിനെയും ജനറല്‍ മാനേജര്‍ സിന്ധുവിനെയും മേല്‍നോട്ടത്തിനായി നിയോഗിക്കുകയും ചെയ്തു.

എന്നാൽ, കാര്യമായ പുരോഗതിയുണ്ടായില്ല. മുടങ്ങിയ പണികള്‍ ഒരാഴ്ചക്കുള്ളിൽ പുനരാരംഭിച്ചില്ലെങ്കിൽ കരാറുകാരിൽ നിന്ന് നഷ്ടം ഈടാക്കി പണി റീ ടെൻഡർ ചെയ്യുമെന്ന് കാണിച്ച് ഡിസംബർ 24ന് പൊതുമരാമത്ത് വകുപ്പ് കരാർ കമ്പനിക്ക് നോട്ടീസ് നൽകി. കരാറുകാരുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടാകാതെ വന്നതിനാലാണ് ഇപ്പോൾ നടപടി സ്വീകരിച്ചത്.

Tags:    
News Summary - Eratupetta- Wagamon Road: removed the Contractor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.