പാ​ണ്ടി​യ​ന്‍മാ​വ് വ​ള​വി​ൽ കോ​ഴി​ത്തീ​റ്റ​യു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​പ്പോ​ൾ

മേലുകാവിൽ അപകടങ്ങൾ തുടർക്കഥ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡില്‍ മേലുകാവിന് മുകൾ ഭാഗത്തെ പാണ്ടിയന്‍മാവ് വളവിൽ അപകടപരമ്പര. തിങ്കളാഴ്ച പുലർച്ച 3.30നുണ്ടായ അപകടമാണ് ഏറ്റവും അവസാനത്തേത്. പ്രദേശത്ത് നടക്കുന്ന ആറാമത്തെ അപകടമാണിത്. രണ്ടുമാസം മുമ്പാണ് ടിപ്പറും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് പത്രവിതരണകാരൻ കെ.എസ്. സതീഷൻ മരണപ്പെട്ടത്. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ ഈ പ്രദേശത്തേക്ക് ശ്രദ്ധിക്കുന്നില്ല.

കോഴിത്തീറ്റയുമായി വന്ന ലോറി തിങ്കളാഴ്ച പുലർച്ച 3.30ന് വളവിൽ കെട്ട് തകർത്ത് താഴേക്ക് വീണു. പറമ്പിലൂടെ താഴേക്ക് ഓടിയ വാഹനം പ്രദേശവാസി ഉണ്ണിയുടെ വീടിന് പിന്നിലിടിച്ചാണ് നിന്നത്. ശബദംകേട്ട് ഞെട്ടിയെണീറ്റ പരിസരവാസികളാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്.

ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും മേലുകാവ് പൊലീസും നാട്ടുകാരും ചേർന്ന് പുലർച്ച അഞ്ചരവരെ പരിശ്രമിച്ചാണ് ഡ്രൈവർ ഗോവിന്ദരാജിനെ പുറത്തിറക്കിയത്. കാബിന് മുകളിലേക്ക് തിങ്ങിക്കിടന്ന കോഴിത്തീറ്റ ചാക്കുകൾ മാറ്റിയും കാബിൻ വെട്ടിപ്പൊളിച്ചുമാണ് ഡ്രൈവറെ പുറത്തിറക്കിയത്. മണ്ണുമാന്തി ഉപയോഗിച്ച് വാഹനം ഉയർത്തി നിർത്തിയ ശേഷമാണ് ഗോവിന്ദരാജിനെ രക്ഷിച്ചത്.

തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലായിൽനിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.ഈരാറ്റുപേട്ട അഗ്നിരക്ഷാ സേന ഓഫിസർമാരായ സതീഷ് കുമാർ, ഷിനോ തോമസ്, അൻസിൽ, വിഷ്ണു, സുമിത്ത് കുമാർ, രഞ്ജിത്ത്, ഡ്രൈവർ ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Accidents sequel In Melukavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.