കോട്ടയം ജില്ലയില്‍ ശനി, ഞായർ ദിവസങ്ങളിൽ 20000 പേര്‍ക്ക് കോവിഡ് പരിശോധന

കോട്ടയം: സംസ്ഥാനതല കോവിഡ് അവലോകന യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയുമായി (ഏപ്രില്‍ 16, 17) കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ 20000 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്ന് ജില്ലാ കലക്ടര്‍ എം. അഞ്ജന. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് വ്യാപനത്തിന്‍റെ തോത് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരിശോധന ഊര്‍ജ്ജിതമാക്കുന്നതെന്നും കലക്ടർ അറിയിച്ചു.

ഏപ്രില്‍ 12 മുതല്‍ ഇന്നലെ(ഏപ്രില്‍ 15) വരെയുള്ള ദിവസങ്ങളില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് യഥാക്രമം 407, 629, 816, 751 എന്നിങ്ങനെയാണ്. രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നത് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ പരിശോധനയ്ക്ക് വിധേയരാകാന്‍ ജനങ്ങള്‍ സന്നദ്ധരാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

പരിശോധനയ്ക്ക് വിധേയരാകേണ്ടത് ആരൊക്കെ?

🔹കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍

🔹രോഗലക്ഷണങ്ങളുമായി ആശുപത്രികളിലെ ഒ.പി വിഭാഗത്തില്‍ എത്തുന്നവര്‍

🔹ആശുപത്രികളിലെ ഐ.പി വിഭാഗത്തില്‍ കഴിയുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നവര്‍

🔹45 വയസിനു മുകളില്‍ പ്രായമുള്ള ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍

🔹പൊതുജനങ്ങളുമായി കൂടുതലായി സമ്പര്‍ക്കം പുലര്‍ത്തുന്ന റവന്യൂ, തദ്ദേശ സ്വയംഭരണം, പോലീസ്, തുങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍

🔹തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍

🔹തെരഞ്ഞെടുപ്പില്‍ വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും കാര്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍

🔹തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍

🔹കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന 45 വയസില്‍ താഴെയുള്ളവവര്‍(കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍, തപാല്‍ വകുപ്പ് ജീവനക്കാര്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍)

🔹കണ്ടെയ്ന്‍മെന്‍റ് സോണുകളും ക്ലസ്റ്ററുകളുമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിലെ പൊതുജനങ്ങള്‍.

രോഗവ്യാപനം ഉയര്‍ന്ന മേഖലകളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന

കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന മേഖലകളില്‍ താമസിക്കുന്നവരെയും കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന തൊഴിലുകള്‍ ചെയ്യുന്നവരെയും കണ്ടെത്തി സ്രവം ശേഖരിക്കും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പരിശോധനാ സൗകര്യമുണ്ട്. പരിശോധനാ കേന്ദ്രങ്ങളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്കായി മൊബൈല്‍ യൂണിറ്റിന്‍റെ സേവനം പ്രയോജനപ്പെടുത്തും. പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.

ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം

പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് വിധേയരാകണം. രോഗം നേരത്തെ കണ്ടെത്തിയാല്‍ ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കാനും അണുബാധ കൂടുതല്‍ പേരിലേക്ക് പകരുന്നത് തടയാനും കഴിയും. ലക്ഷണങ്ങളുള്ളവര്‍ ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്. ഇവര്‍ പരിശോധനക്ക് വിധേയരാകുന്നതിനൊപ്പം സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കി വീടിനുള്ളില്‍ കഴിയുവാന്‍ ശ്രദ്ധിക്കണം.

Tags:    
News Summary - Covid Test for 20,000 people on Saturdays and Sundays in Kottayam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.