കൊല്ലപ്പെട്ട ശ്യാം പ്രസാദിന്റെ മൃതദേഹം കോട്ടയം പൊലീസ് ക്ലബിൽ പൊതുദർശനത്തിനുവെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മന്ത്രി വി.എൻ. വാസവൻ
കാപ്പ ചുമത്തി ജില്ലക്ക് പുറത്താക്കുന്ന ഗുണ്ടകൾ അടക്കം മടങ്ങിയെത്തിയിട്ടും ശക്തമായ നടപടിയൊന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും ആരോപണമുണ്ട്
കോട്ടയം: കോട്ടയം പൊലീസിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി സഹപ്രവർത്തകന്റെ കൊലപാതകം. രണ്ടുവർഷങ്ങൾക്ക് മുമ്പ് യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചത് വലിയതോതിൽ ചർച്ചയാകുകയും ജില്ല പൊലീസിന് വൻ നാണക്കേട് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സ്വന്തം സഹപ്രവർത്തകന്റെ ജീവൻപോലും സംരക്ഷിക്കാൻ കഴിയാത്ത സേനയെന്ന അപമാനമാണ് ജില്ല പൊലീസിനെ തേടിയെത്തിയിരിക്കുന്നത്.
2022 ജനുവരി 17നായിരുന്നു യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവം. കോട്ടയം വിമലഗിരി സ്വദേശി ഷാന്‍ ബാബുവിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കെ.ഡി. ജോമോനായിരുന്നു കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം തോളിലേറ്റി സ്റ്റേഷന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത് വലിയ ചർച്ചയായതിനൊപ്പം പൊലീസിന്റെ വീഴ്ചകൾ പുറത്തുവരുകയും ചെയ്തിരുന്നു. ഇതിനുമുമ്പ് കെവിൻ കൊലപാതകവും ജില്ല പൊലീസിനെ ഏറെനാൾ വേട്ടയാടിയിരുന്നു.
ഇപ്പോൾ സഹപ്രവർത്തകന്റെ ജീവൻതന്നെ ക്രിമിനൽ കേസ് പ്രതിയാൽ നഷ്ടപ്പെട്ടത് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ്. ഗാന്ധിനഗർ, ഏറ്റുമാനൂർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ക്രിമിനലുകളും ഗുണ്ടകളും വിളയാട്ടം നടത്തുകയാണെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു.
ചില പൊലീസുകാർക്ക് ഇവരുമായി ചങ്ങാത്തമുണ്ടെന്നും പരാതികൾ ഉയർന്നിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ പാളാനും ഇത് കാരണമാകുന്നുണ്ട്. കാപ്പ ചുമത്തി ജില്ലക്ക് പുറത്താക്കുന്ന ഗുണ്ടകൾ അടക്കം മടങ്ങിയെത്തിയിട്ടും ശക്തമായ നടപടിയൊന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
ചെറിയ അടിപിടിയിൽ തുടങ്ങുന്ന സംഘങ്ങളാണ് പിന്നീട് ഗുണ്ടാസംഘങ്ങളായി വളരുന്നത്. ഇവർ ലഹരി ഇടപാടുകളിലേക്ക് മാറുന്നത് പതിവാണ്. ഉപയോഗിക്കുന്നതിനൊപ്പം ലഹരിവസ്തുക്കൾ കടത്താൻ ഇടനിലക്കാരായും ഇവർ മാറുന്നു. ലഹരി നൽകിയാണ് കൂടുതൽ യുവാക്കളെ പലസംഘങ്ങളും ഒപ്പംചേർക്കുന്നത്. ലഹരി വിൽപനയിലൂടെ പണം കണ്ടെത്തുന്നതിനാൽ ആഡംബര ജീവിതമാണ് ഇവരുടേതെന്നും നാട്ടുകാർ പറയുന്നു.
ലഹരിസംഘത്തിൽ പെട്ടവർ കാര്യമായ പ്രകോപനമൊന്നും ഇല്ലാതെയാണ് മറ്റുള്ളവരെ ആക്രമിക്കുന്നത്. ലഹരി വിൽപനയെ ചോദ്യം ചെയ്യുന്നവരെ വീട്ടിൽ കയറി അക്രമിക്കുന്നത് സ്ഥിരം സംഭവമാണ്. മാസങ്ങൾക്ക് മുമ്പ് കോതനല്ലൂർ ട്രാൻസ്ഫോമർ ജങ്ഷനിൽ മുമ്പിൽ പോയ ഓട്ടോറിക്ഷ സിഗ്നൽ ലൈറ്റ് തെറ്റായി ഇട്ടതിന് ഡ്രൈവറെ വലിച്ചിറക്കി ലഹരിസംഘം കുത്തിയിരുന്നു. കോതനല്ലൂരിൽ തട്ടുകടയിൽ ഉറക്കെ സംസാരിച്ചതിന് പിക്കപ് ഡ്രൈവറെയും സുഹൃത്തിനെയും ആക്രമിക്കുകയും വീടിനും കാറിനും കല്ലെറിയുകയും ചെയ്തു.
ഇത്തരം കേസുകളിൽ പ്രതികളെ കണ്ടെത്തിയെങ്കിലും കടുത്ത നടപടി ഉണ്ടാകാത്തതിനാൽ വീണ്ടും ഇവർ ആക്രമണങ്ങളിലേക്ക് തിരിയുന്നത് പതിവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ശ്യാം പ്രസാദിന്റെ മൃതദേഹം കോട്ടയം പൊലീസ് ക്ലബിൽ പൊതുദർശനത്തിനുവെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന സഹപ്രവർത്തകർ
കോട്ടയം: പൊലീസിനുനേരെ കഴിഞ്ഞവര്‍ഷം മാത്രം ജില്ലയില്‍ 16 അതിക്രമങ്ങൾ. ചില കേസുകളിൽ പ്രധാനപ്രതികൾ പിടിയിലായെങ്കിലും കൂട്ടാളികൾ ഒളിവിലാണ്.
നവംബറില്‍ എരുമേലി കൊരട്ടിയില്‍ വാഹന പരിശോധനക്കിടെ ഇടകടത്തി സ്വദേശി പൊലീസുകാരെ ആക്രമിച്ചിരുന്നു. ഒക്ടോബറില്‍ പുതുപ്പള്ളി കൈതേപ്പാലത്ത് വാഹന പരിശോധനക്കിടെ മൂന്നംഗ സംഘം പെപ്പര്‍ സ്പ്രേ ഉപയോഗിച്ചാണ് പൊലീസിനെ നേരിട്ടത്.
ചിങ്ങവനത്ത് വാറന്റ് കേസിലെ പ്രതിയാണ് യൂനിഫോം അണിഞ്ഞവരെ മർദിച്ചത്. ഒക്ടോബറില്‍ മണര്‍കാട് ബാറിന് മുന്നിലെ സംഘര്‍ഷ സ്ഥലത്ത് എത്തിയ പൊലീസുകാർക്ക് മര്‍ദനമേറ്റിരുന്നു. ആഗസ്റ്റില്‍ നാഗമ്പടത്തെ പൊലീസ് എയ്ഡ് പോസ്റ്റ്തന്നെ ഒരു സംഘം തല്ലിത്തകര്‍ത്തു.
ജൂലൈയില്‍ ചിങ്ങവനം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ വാഹന പരിശോധനക്കിടെ പൊലീസുകാര്‍ക്കു മര്‍ദനമേറ്റിരുന്നു. ഈരാറ്റുപേട്ടയില്‍ പൊലീസിനെ ഇടിച്ചിട്ട് നിര്‍ത്താതെ വാഹനം ഓടിച്ചുപോയ സംഭവവുമുണ്ടായി. മേയില്‍ കുറവിലങ്ങാട്ട് ഹോം ഗാര്‍ഡിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഏപ്രിലില്‍ കോട്ടയം കെ.എസ്്.ആര്.ടി.സി. സ്റ്റാൻഡിലെ സംഘര്‍ഷം പരിഹരിക്കാനെത്തിയ പോലീസുകാരന് മര്‍ദനമേറ്റതാണ് മറ്റൊരുസംഭവം. അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിനുനേരെ പ്രതി പട്ടിയെ അഴിച്ചുവിട്ട സംഭവം ഏപ്രിലില്‍ ഏറ്റുമാനൂരിലായിരുന്നു.
മാര്‍ച്ചില്‍ ചിങ്ങവനത്ത് ബാറിലെ സംഘര്‍ഷ സ്ഥലത്തും ഫെബ്രുവരിയില്‍ മണിമലയില്‍ വാഹന പരിശോധനക്കിടെയും മര്‍ദനമേറ്റ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. വിദ്യാര്‍ഥികളും നാട്ടുകാരുമായുള്ള സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കു ക്രൂരമായി മര്‍ദനമേറ്റത് കുറവിലങ്ങാട്ട് ഫെബ്രുവരിയിലാണ്. അതേമാസം, കിടങ്ങൂരിലും ജനുവരിയില്‍ വൈക്കത്തും പൊലീസുകാര്‍ക്ക് അക്രമികളുടെ മര്‍ദനമേറ്റു. അക്രമങ്ങള്‍ വര്‍ധിച്ചപ്പോഴും പ്രതിരോധം ശക്തമാക്കാന്‍ മേലുദ്യോഗസ്ഥര്‍ തയാറാകാതിരുന്നതിന്റെ ഫലമാണ് ശ്യാം പ്രസാദിന്റെ മരണമെന്നാണ് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
കോട്ടയം: ഒന്നരവർഷമായി ഒപ്പമുണ്ടായിരുന്ന ശ്യാമിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിൽ കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. കെ.ആര്. പ്രശാന്ത് കുമാര്‍. കുടമാളൂര്‍ പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞ് 10.30ഓടെയാണ് എസ്.എച്ച്.ഒയെ ശ്യാംപ്രസാദ് സ്റ്റേഷനിലെത്തിക്കുന്നത്. യാത്ര പറഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം.
‘സാറേ ഞാന്‍ നാളെ റെസ്റ്റായിരിക്കുമേ?’ എന്നു പറഞ്ഞാണ് ശ്യാം പോയതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. ഡ്രൈവര്‍ എന്നതിനേക്കാള്‍ സഹോദരനെപ്പോലെയായിരുന്നു ശ്യാം തനിക്കെന്ന് എസ്.എച്ച്.ഒ പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി എം.സി. റോഡില്‍ തെള്ളകത്തെ തട്ടുകടയിൽ നടന്ന ആക്രമണത്തിലാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ മാഞ്ഞൂര്‍ തട്ടാംപറമ്പില്‍ (ചിറയില്‍) ശ്യാം പ്രസാദ് (44) കൊല്ലപ്പെട്ടത്.
കുടിപ്പകയും ചോരക്ക് ചോരയുമൊക്കെയായി ജില്ലയിലെ ഗുണ്ടകളുടെ ലോകം സജീവമാണ്’. അതിരമ്പുഴ, ഏറ്റുമാനൂർ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇവയിൽ ഏറെയും.
ജില്ലയിൽ നേരത്തെ ഉണ്ടായിരുന്ന വമ്പൻമാർ ഒതുങ്ങിയെങ്കിലും പുതിയ സംഘങ്ങളാണ് ഇപ്പോൾ ക്വട്ടേഷൻ- ലഹരി പ്രവൃത്തികൾ നിയന്ത്രിക്കുന്നത്. നേരത്തെ ജില്ലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന അലോട്ടിയെ കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തിയിരിക്കുകയാണ്. കുപ്രസിദ്ധ ഗുണ്ടയായിരുന്ന വിനീത് സഞ്ജയൻ റിമാൻഡിലാണ്.
അരുൺ ഗോപൻ, ചങ്ങനാശ്ശേരി സ്വദേശി മിഥുൻ എന്നിവർ നാട്ടിലുണ്ടെങ്കിലും വലിയതോതിൽ പ്രശ്നങ്ങളിൽ ഇടപെടാതെ ഒഴിഞ്ഞുനിൽക്കുകയാണ്. ഒരുകാലത്ത് വിലസി നടന്നിരുന്നവർ ഒതുങ്ങിയപ്പോഴാണ് പുതിയ സംഘങ്ങൾ തഴച്ചുവളരുന്നത്. ചെറിയ അടിപിടികൾ സൃഷ്ടിച്ചാകും ഇവരുടെ തുടക്കം.
ഉത്സവങ്ങൾ, പള്ളി പെരുന്നാളുകൾ എന്നിവയിലൂടെയാകും ‘അരങ്ങേറ്റം’. പിന്നീട് അതിവേഗം വളരുന്ന ഇവർക്കൊപ്പം യുവാക്കളുടെ വലിയ സംഘങ്ങളും ഒപ്പം ചേരും. തുടക്കത്തിൽ ഇത്തരം സംഘങ്ങൾക്കെതിരെ കർശനനടപടികൾ സ്വീകരിക്കാത്ത പൊലീസ് നിലപാടും ഇവർക്ക് ഗുണമാകുന്നതായി ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.