aatn ekm നടനം മനോഹരം; കാണികളുടെ മനം നിറച്ച് തൻവിയും ഗുരു ഭദ്രയും

പത്തനംതിട്ട: കലോത്സവ നഗരിയിലെ ഭരതനാട്യവേദിയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഏകമത്സരാർഥിയായെത്തിയ ആ‌ർ.എൽ.വി കോളജ് ബി.എ ഭരതനാട്യം വിദ്യാർഥിനി തൻവി സുരേഷും ട്രാൻസ്‌ജെൻഡർ ഗുരു ഭദ്രയും അരങ്ങിലും പുറത്തും കാഴ്ചക്കാരുടെ മനസ്സുനിറച്ചു. ഹമീർ കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ കീർത്തനത്തിനൊപ്പം ചുവടുവെക്കുമ്പോൾ എം.ജി കലോത്സവത്തിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡറായി ചരിത്രം കുറിക്കുകയും ചെയ്തു തൻവി സുരേഷ്. തന്റെ സ്വത്വത്തിൽ മത്സരിക്കാൻ കഴിഞ്ഞതിലും സമൂഹം നൽകുന്ന സ്നേഹാദരങ്ങളിലും സന്തോഷമുണ്ടെന്ന്​ തൻവി​ പറഞ്ഞു. തൃപ്പൂണിത്തറ ആ‌ർ.എൽ.വി കോളജ് ബി.എ ഭരതനാട്യം ആദ്യവർഷ വിദ്യാർഥിനിയായ തൻവിക്ക്​ നൃത്തത്തിൽ എം.എയും പിഎച്ച്.ഡിയും ചെയ്യുകയാണ് ലക്ഷ്യം. ഉദയംപേരൂർ പാലാത്ത് വീട്ടിൽ സുരേഷ്-ഷൈല ദമ്പതികളുടെ മകളാണ്. സഹോദരി ചിന്നു. മൂന്ന് വയസ്സ്​ മുതൽ ഭരതനാട്യം പഠിക്കുന്നുണ്ട്. പിതാവ്​ കൂലിപ്പണിക്കാരനായതിനാൽ പരിമിതികൾ ഏറെയുണ്ടെങ്കിലും സ്കോളർഷിപ് കൊണ്ടാണ് പഠനം മുന്നോട്ട് പോകുന്നത്. സ്‌കൂൾ കലോത്സവത്തിൽ മുമ്പ് കേരള നടനത്തിൽ മത്സരിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശികളായ ഭദ്ര-അമൽ ദമ്പതികളാണ് ഗുരുക്കന്മാർ. 20ാം വയസ്സിലാണ് തൻവിയെ തങ്ങൾ തിരിച്ചറിഞ്ഞത്. ആദ്യം എല്ലാവരെയും പോലെ പേടിതോന്നിയെങ്കിലും പിന്നീട് സത്യം തിരിച്ചറിഞ്ഞ് തൻവിയെ ചേർത്ത് പിടിച്ചെന്ന് മാതാവ്​ പറയുന്നു. ഭരതനാട്യത്തിന് പുറമെ മോണോആക്ടിലും ലളിതഗാനത്തിലും മത്സരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.