കെ.എസ്​.ആർ.ടി.സിയിൽ ജോലിക്കെത്തിയത്​ 2525 പേർ; ഓടിച്ചത്​ ​52 സർവിസുകൾ

കോട്ടയം: ദേശീയ പണിമുടക്കിന്‍റെ ആദ്യദിനം കെ.എസ്​.ആർ.ടി.സിയിൽ ജോലിക്കെത്തിയത്​ 2525 ജീവനക്കാർ. ഇവർ ചേർന്ന്​ സംസ്ഥാനമൊട്ടാകെ നടത്തിയത്​ 52 സർവിസുകളും. ഈ മാസം 28ലെ കണക്കനുസരിച്ച്​ 18,145 സ്ഥിരം ജീവനക്കാരും 612 താൽക്കാലികക്കാരും ഉൾപ്പെടെ​ 18,757 ജീവനക്കാർ കോർപറേഷനിലുണ്ട്​. 428 സ്ഥിരം ജീവനക്കാർ അവധിയിലാണ്​. ഇവരിൽ 13.46 ശതമാനം പേർ ജോലിക്കെത്തിയെങ്കിലും ഓടിക്കാനായത്​ ആകെ സർവിസുകളിൽ 1.31 ശതമാനം മാത്രമാണ്​. ഏറ്റവും കൂടുതൽ ഓടിച്ചത്​ മാനന്തവാടി ഡിപ്പോയാണ്​. 67 ഷെഡ്യൂളുകളിൽ 33 എണ്ണം നിരത്തിലിറക്കാൻ അവർക്കായി. ആകെ 400 ജീവനക്കാരിൽ 147 പേർ ജോലിക്കെത്തിയിരുന്നു. തൊട്ടുപിന്നിൽ സുൽത്താൻബത്തേരിയാണ്​. 66 സർവിസുകളിൽ 16 എണ്ണം ഓടി. 437 ജീവനക്കാരിൽ 49 പേരാണ്​ ജോലിക്കെത്തിയത്​. തിരുവനന്തപുരം സിറ്റിയിൽ 107 സർവിസുകളിൽ രണ്ടെണ്ണവും വിതുരയിലെ 31 സർവിസുകളിൽ ഒരെണ്ണവും ഓടിച്ചു. യഥാക്രമം 43ഉം ഒമ്പതും ജീവനക്കാരാണ്​ ഇവിടെ ജോലിക്കെത്തിയത്​. മറ്റു ഡിപ്പോകളിലും ജീവനക്കാർ എത്തിയെങ്കിലും സർവിസുകൾ നടത്തിയില്ല. ബി.എം.എസ്​ അനുകൂല തൊഴിലാളി സംഘടനയിൽപെട്ടവരാണ്​ ജോലിക്കെത്തിയത്​. സംഘ്​പരിവാറിന്​ വലിയ സ്വാധീനമുള്ള പാലാ ഡിപ്പോയിലാണ്​ ഏറ്റവും കൂടുതൽ ജീവനക്കാരെത്തിയത്​. 221 ജീവനക്കാരിൽ 72 പേർ ഇവിടെ ജോലിക്കെത്തി. എന്നാൽ, 55 സർവിസുകളിൽ ഒന്നുപോലും ഓടിക്കാൻ സാധിച്ചില്ല. എറണാകുളത്ത്​ 288 ജീവനക്കാരിൽ 64 പേരും കോട്ടയത്ത്​ 190 പേരിൽ 60 ​ജീവനക്കാരും ഹാജരായെങ്കിലും സർവിസുകളൊന്നും നടത്തിയില്ല. 2020ൽ നടത്തിയ ഹിതപരിശോധനയുടെ കണക്കുകൾ പ്രകാരം ബി.എം.എസ്​ സംഘടനയിൽപെട്ട 4802 ജീവനക്കാർ കെ.എസ്​.ആർ.ടി.സിയിലുണ്ട്​. ഇവരെ ഉപയോഗിച്ച്​ സർവിസുകൾ നടത്താനുള്ള ഒരുക്രമീകരണവും കോർപറേഷൻ മേധാവികൾ സ്വീകരിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.