സംസ്ഥാനത്തെ 20 ശതമാനവും റേഷൻ വാങ്ങുന്നത്​ സ്വന്തം കടകളെ 'കൈവിട്ട്​'

കോട്ടയം: സംസ്ഥാനത്ത്​ സ്വന്തം കട 'കൈവിട്ട്'​ റേഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഭക്ഷ്യവകുപ്പി​ന്‍റെ കണക്കുകളനുസരിച്ച്​ സംസ്ഥാനത്തെ മൊത്തം ഉപഭോക്താക്കളിൽ 20 ശതമാനത്തിലധികവും പ്രതിമാസവിഹിതം വാങ്ങുന്നത്​ ​മറ്റ്​ റേഷൻകടകളിൽനിന്ന്​. ജനുവരിയിൽ റേഷൻ വാങ്ങിയവരിൽ 21.13 ശതമാനം പേരാണ്​ സ്വന്തം കടയെ കൈവിട്ടത്​. എത്​ റേഷൻകടയിൽനിന്നും സാധനങ്ങൾ വാങ്ങാൻ കഴിയുന്ന പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്നശേഷം ആദ്യമായാണ്​ ഇത്രയുംപേർ കടമാറി വിഹിതം സ്വന്തമാക്കുന്നത്​. പോർട്ടബിലിറ്റി കണക്കുകളനുസരിച്ച്​ ജനുവരിയിൽ റേഷൻ വാങ്ങിയ 7883889 ഉപഭോക്താക്കളിൽ 1666415 പേരാണ്​ കാർഡുള്ള കടയെ കൈവിട്ട്​ സമീപ​ത്തെ റേഷൻപീടികയിലേക്ക്​ ​ കയറിച്ചെന്നത്​. ജനുവരിയിൽ തിരുവനന്തപുരത്താണ്​ ഏറ്റവും കൂടുതൽപേർ പോർട്ടബിലിറ്റി സംവിധാനം പ്രയോജനപ്പെടുത്തിയത്​ -28.66 ശതമാനം പേർ. വയനാടാണ്​​ ​തൊട്ടുപിന്നിൽ; 24.48 %. മലപ്പുറം (14.16), പാലക്കാട്​ (14.61) എന്നിവയാണ്​ പിന്നിലുള്ള ജില്ലയിൽ. ഇവയൊഴികെ മറ്റ്​ എല്ലാ ജില്ലകളിലും 20 ശതമാനത്തിനുമുകളിലോണ്​ പോർട്ടബിലിറ്റി സൗകര്യം പ്രയോജനപ്പെടുത്തിയവരുടെ എണ്ണം. ഡിസംബറിൽ 20.57 ശതമാനം പേരും നവംബറിൽ 20.52 ശതമാനവും പുതുസംവിധാനം പ്രയോജന​പ്പെടുത്തി​. ആദ്യഘട്ടത്തിൽ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചവരുടെ എണ്ണം കുറവായിരുന്നെങ്കിലും ഇത്​ ക്രമേണ ഉയരുകയായിരുന്നു. ജനുവരിയിൽ 18 ശതമാനമായിരുന്നു സ്വന്തം കട 'ഉപേക്ഷിച്ചവരു​ടെ' എണ്ണം. ​ മേ​യോടെ 19 ശതമാനമായി ഉയർന്ന ഇത്​ ആഗസ്​റ്റിൽ ഇരുപതിലെത്തി. ഗുണഭോക്താക്കൾക്ക് ഇഷ്ടമുള്ള കടയിൽനിന്ന് റേഷൻ സാധനങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കുന്ന റേഷൻ പോർട്ടബിലിറ്റി സംവിധാനം 2018 ഏപ്രിലിലാണ് നിലവിൽവന്നത്. നേരത്തെ കാർഡ്​ രജിസ്റ്റർ ചെയ്ത കടയിൽനിന്ന്​ മാത്രമേ റേഷൻ വിഹിതം വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. ജോലിയുമായി ബന്ധപ്പെട്ട്​ മറ്റ്​ സ്ഥലങ്ങളിൽ താമസിക്കുന്നവരാണ്​ ആദ്യഘട്ടത്തിൽ ഈ സേവനം കൂടുതലായി പ്രയോജപ്പെടുത്തി​യതെങ്കിലും ഇപ്പോൾ ഗ്രാമ-നഗര വ്യത്യാസമില്ലാതെ പുതിയ സംവിധാനത്തെ ആശ്രയിക്കുന്നതായാണ്​ ഭക്ഷ്യവകുപ്പിന്‍റെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ റേഷൻ കടയുടമകൾക്ക്​ താൽ​പര്യക്കുറവുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഏറെ മാറ്റമുണ്ടെന്നും ഇവർ പറയുന്നു. -എബി തോമസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.