ആശ്വാസമായി പെയ്തിറങ്ങുന്നത്​ ചില്ലറ മഴയല്ല

കോട്ടയം: ശനിയാഴ്ച ജില്ലയിൽ പെയ്തിറങ്ങിയത്​ 10 വര്‍ഷത്തിടെ ഏപ്രില്‍ പെയ്ത ഏറ്റവും വലിയ മഴകളിലൊന്ന്​. എപ്രിലിൽ ജില്ലയിൽ ഒരുദിവസം പെയ്ത ഏറ്റവുംവലിയ രണ്ടാമത്തെ മഴയാണിതെന്ന്​ കണക്കുകൾ പറയുന്നു​. ഞായറാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ പെയ്തിറങ്ങിയത് 66.6 മില്ലിമീറ്റർ മഴയാണ്​. 2015 ഏപ്രില്‍ 22ന്​ പെയ്ത 156 മില്ലിമീറ്ററാണ് 10 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന കണക്ക്. മാര്‍ച്ച് ഒന്നിന് ആരംഭിച്ച വേനല്‍മഴയിൽ ഇതുവരെ ജില്ലയിൽ ലഭിച്ചത് ശരാരശിയെക്കാള്‍ 194 ശതമാനം അധിക മഴയാണ്​. ദിവസങ്ങളായി തുടരുന്ന മണിക്കൂറുകള്‍ നീളുന്ന അതിശക്ത മഴയിൽ വരണ്ടുണങ്ങിയ തോടുകള്‍ നിറഞ്ഞൊഴുകി. അടിത്തട്ട്​ തെളിഞ്ഞ പുഴകള്‍ രണ്ടു ദിവസമായി കലങ്ങി മറിഞ്ഞൊഴുകുകയാണ്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന്​ മുന്നറിയിപ്പ് ജനങ്ങള്‍ക്ക് ആശ്വാസത്തെക്കാള്‍ ആശങ്കയാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലും മേയിലും തുടര്‍ച്ചയായി പെയ്ത മഴ ജനങ്ങള്‍ക്ക് ദുരിതമായിരുന്നു. പതിവില്‍നിന്ന്​ വ്യത്യസ്തമായി മേയുടെ തുടക്കത്തില്‍ വെള്ളപ്പൊക്കത്തിന് സമാന സാഹചര്യവുമുണ്ടായി. എന്നാല്‍, ഇത്തവണ അതിന് മുമ്പേ വെള്ളം ഉയരുന്ന സാഹചര്യമാണ്. ശനിയാഴ്ച പെയ്ത മഴയില്‍ പലയിടങ്ങളിലും ചെറുറോഡുകളില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. ഒഴുക്ക് നിലച്ച പലതോടുകളും അന്നു കരകവിഞ്ഞൊഴുകി. കെയ്ത്തിനിടെ മഴയെത്തിയത്​ കർഷകർക്കും തിരിച്ചടിയാണ്​. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ്​ കേന്ദ്ര കാലാവസ്ഥ വകുപ്പ്​ പ്രവചിച്ചിരിക്കുന്നത്​. ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതയിൽ ദുരന്ത നിവാരണ അതോറിറ്റി *വൈദ്യുതി അപകടം ശ്രദ്ധയിൽപെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിലോ അറിയിക്കണം കോട്ടയം: സംസ്ഥാനത്ത്​ ശക്തമായ കാറ്റിന്​ സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിനെതുടർന്ന്​ ജാഗ്രത നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി. കാറ്റിൽ മരങ്ങൾ കടപുഴകി അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന്​ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു. കാറ്റും മഴയുമുള്ള സാഹചര്യങ്ങളിൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്​. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതുയിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, കൊടിമരങ്ങൾ എന്നിവ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിന്‍റെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്​. വീടിന്‍റെ ടെറസിൽ നിൽക്കുന്നതും ഒഴിവാക്കുക. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും തകരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽപെട്ടാൽ ഉടനെ തന്നെ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവൃത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ചശേഷം മാത്രം നടത്തുകയും ചെയ്യുക. പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്കിറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രം മുന്നോട്ടുപോകണം. കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിനുമുന്നേ ഉറപ്പുവരുത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.