ആടിത്തിമിർത്ത്​ പ്രതിഭകൾ; കട്ട സപ്പോർട്ടായി നിറസദസ്സ്​

പത്തനംതിട്ട: ഞായറാഴ്ച ജില്ല സ്​റ്റേഡിയത്തിലെ പ്രധാന വേദി ഉണർന്നത്​ നാടോടിനൃത്തത്തിന്‍റെ ദ്രുത താളമേളങ്ങളിലേക്കായിരുന്നു. വർണവസ്​ത്രങ്ങൾ അണിഞ്ഞ്​ വേദിയിൽ നിറഞ്ഞാടിയ നാടോടികൾ കാഴ്ചയുടെ വിസ്മയച്ചെപ്പ്​ തുറന്നു. ചടുലതാളങ്ങൾകൊണ്ട്​ ആവേശം പകർന്ന നാടോടിനൃത്തം ആസ്വദിക്കാൻ ഒന്നാം വേദിയിൽ നിറഞ്ഞ സദസ്സുമുണ്ടായിരുന്നു. ചൂഷണത്തിനും അടിച്ചമർത്തലിനും വിധേയരാകുന്ന കീഴാളരും അവരുടെ ചെറുത്തുനിൽപുമാണ്​ മിക്കവരും അവതരിപ്പിച്ചത്​. പതിവു​പോലെ സമയക്രമം തെറ്റിയാണ്​ മത്സരങ്ങൾ തുടങ്ങിയതെങ്കിലും ക്ഷമ കൈവിടാതെ മത്സരാർഥികളും കാണികളും കാത്തിരുന്നു. അവധി ദിവസംകൂടിയായതിനാൽ മൂന്നാം ദിനം വേദികളിൽ വിദ്യാർഥികളടക്കം എത്തി. ഏഴുവേദിയും ആസ്വാദകരാൽ സമ്പന്നമായിരുന്നു. റോയൽ ഓഡിറ്റോറിയത്തിൽ ശാസ്ത്രീയനൃത്ത വേദിയിലും കോളജിലെ നാലാം നമ്പർ വേദിയിൽ ലളിതഗാന മത്സരം നടക്കുമ്പോഴും സദസ്സിൽ ധാരാളം പേർ ഉണ്ടായിരുന്നു. കോളജ് സെമിനാർ ഹാളിൽ നടന്ന ചിത്രരചന മത്സരത്തിൽ 73 പേർ പങ്കെടുത്തു. 'പലായന'മായിരുന്നു വിഷയം. യുക്രെയ്​ൻ യുദ്ധവും അവിടുത്തെ ജനതയുടെ പലായനവും മിക്കവരും അവതരിപ്പിച്ചു. സുഷിരവാദ്യ മത്സരങ്ങൾ നടന്ന വേദിയും വിദ്യാർഥികളെകൊണ്ട്​ നിറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നും മത്സരങ്ങൾ വീക്ഷിക്കാൻ ധാരാളം പേർ എത്തി. കാതോലിക്കറ്റ്​ കോളജിലെ വിവിധ വേദികൾ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ തിരക്ക്. കനത്ത ചൂടിൽനിന്ന്​ രക്ഷപ്പെടാൻ കോളജ് പരിസരത്തെ മരത്തണലുകളെ ആശ്രയിച്ചു. പഴയ സഹപാഠിക​ളെ കണ്ട്​ സൗഹൃദങ്ങൾ പുതുക്കാനും ഇതിനിടെ പലരും സമയം കണ്ടെത്തി. നൃത്തമത്സരങ്ങളിൽ കൂടുതൽ മത്സരാർഥികൾ ഉണ്ടായിരുന്നതിനാൽ സമയം വൈകുകയും ചെയ്തു. ഇത് ഫലപ്രഖ്യാപനം വൈകാനും ഇടയാക്കി. നാടോടിനൃത്തത്തിനിടെ ശബ്ദസംവിധാനത്തിലുണ്ടായ ചില സാ​ങ്കേതികപ്രശ്നങ്ങൾ മത്സരാർഥികളെ വിഷമിപ്പിച്ചു. ഞായറാഴ്ചയും ഉച്ചക്കുശേഷം പതിവുതെറ്റാതെ ഇടിയോടുകൂടിയ കനത്തമഴ ചെയ്തു. പ്രധാന വേദിയായ ജില്ല സ്​റ്റേഡിയം ചളിക്കുളമായി മാറി. ഇതൊന്നും വക വെക്കാതെ മത്സരങ്ങൾ തുടരുകയും ചെയ്തു. കിരീടം ലക്ഷ്യമിട്ട്​ കലാലയങ്ങൾ വാശിയോടെ​ മത്സരിക്കുകയാണ്​. തേവര എസ്​.എച്ച്​ കോളജാണ്​ മുന്നിട്ടുനിൽക്കുന്നത്​​. തൊട്ടുപിന്നിൽ എറണാകുളം മഹാരാജാസുമുണ്ട്​. കലാപ്രതിഭ, കലാതിലകം പട്ടങ്ങൾക്കും വാശിയേറിയ മത്സരം നടക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.