ടോറസിടിച്ച്​ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കടുത്തുരുത്തി: അമിതവേഗത്തില്‍ വന്ന ടോറസ് ലോറി ബൈക്കിന് പിന്നിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മാഞ്ഞൂര്‍ കൊല്ലമല ജയിംസ് ജോസഫാണ്​ (58) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക്​ ഒരുമണിയോടെ മണ്ണാറപ്പാറയിലാണ് അപകടം. മണ്ണാറപ്പാറയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ജയിംസ് ബാങ്കില്‍ പോയശേഷം തിരികെ ഓഫിസിലേക്ക് പോകുമ്പോള്‍ പിന്നില്‍നിന്നുവന്ന ടോറസ് ബൈക്കിലിടിക്കുകയായിരുന്നു. കുറവിലങ്ങാട്​ മണ്ണെടുക്കാൻ പോകുകയായിരുന്ന ടോറസാണ് അപകടം ഉണ്ടാക്കിയത്. ലോറിയുടെ മുന്‍വശത്ത് കുടുങ്ങിയ ബൈക്കും വലിച്ച് ലോറി മുന്നോട്ടുപോയി. ഇരുവശത്തെയും ഗ്ലാസുകള്‍ ഉയര്‍ത്തിവെച്ച് മൊബൈൽ ഫോണിലൂടെ പാട്ട്​ കേട്ടുകൊണ്ടിരുന്ന ഡ്രൈവര്‍ അപകടം നടന്നതുപോലും അറിയാതെ വാഹനവുമായി മുന്നോട്ടുപോകുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് ബഹളംവെച്ചാണ് ലോറി നിര്‍ത്തിച്ചത്. വളരെ സമയമെടുത്താണ്​ വാഹനത്തിനിടയില്‍ കുടുങ്ങിയ ജയിംസിനെ പുറത്തെടുത്തത്. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അപകടം ഉണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് ഒളിവിൽപോയ ലോറി ഡ്രൈവര്‍ ആലപ്പുഴ മാരാരിക്കുളം പടാകുളങ്ങര വീട്ടില്‍ മാര്‍ക്കോസ് (32) പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഭാര്യ: ജെസി. മക്കള്‍: ജെയിവിന്‍, ഐവിന്‍. സംസ്‌കാരം പിന്നീട്. KTG James ജയിംസ് ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.