ഗുരു യൂട്യൂബായി; ഗുരുത്വം അന്യവുമായി

പത്തനംതിട്ട: മത്സരാർഥികൾ യൂട്യൂബിനെ ഗുരുവായി വരിച്ചപ്പോൾ കലോത്സവ വേദിയിൽനിന്ന് ഗുരുക്കന്മാർ പുറത്ത്. മത്സരാർഥികൾക്ക് ഗുരുത്വമില്ലാതായപ്പോൾ മത്സരങ്ങൾക്ക് നിലവരമില്ലാതായെന്ന് ഗുരുക്കന്മാരും. ഗുരുക്കന്മാരുടെ വാക്കുകൾ ശരിവെക്കുന്നതായി കലോത്സവത്തിൽ അരങ്ങേറിയ ഇനങ്ങൾ ഏറെയും. യൂട്യൂബിന്‍റെ ശിഷ്യത്വം സ്വീകരിച്ചവർ വേദിയിൽ കാഴ്ചവെച്ചതെല്ലാം പലേപ്പാഴും ഒന്നുപോലെയായി. മോണോആക്ട്​ വേദിയിലാണ്​ ഇത്​ ഏറെ നിഴലിച്ചത്​. തിരുവാതിരകളിയിലും മത്സരിച്ചവർ പലരും ഗുരുവായി വരിച്ചത്​ യൂട്യൂബിനെയായിരുന്നു. അത്​ അവർ പരസ്യമായി പറയുകയും ചെയ്തു. സംഘഗാനം, കവിത പാരായണം എന്നിവയിലും യൂട്യൂബിനെ ആശ്രയിച്ച്​ ചിട്ടവട്ടങ്ങൾ ഒപ്പിച്ച്​ അവതരിപ്പിച്ചവരുണ്ടായിരുന്നു. പുതുതലമുറയിൽ ഗുരു-ശിഷ്യ ബന്ധം ഇല്ലാതാകുന്നതിന്‍റെ ലക്ഷണമായി പലരും ഇതിനെ ചിത്രീകരിച്ചു. അതേസമയം വലിയ ഫീസ്​ നൽകി ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ കലകൾ അഭ്യസിക്കാൻ നിവൃത്തിയില്ലാത്തവർക്കും തങ്ങളുടെ പാടവങ്ങൾ അതാതിനങ്ങളിൽ നിഷ്കർഷിക്കുന്ന ചിട്ടവട്ടങ്ങൾ അനസരിച്ച്​ അവതരിപ്പിക്കാൻ നവമാധ്യമങ്ങൾ ഉതകുന്നു എന്നതിന്‍റെ ലക്ഷണമായും യൂട്യൂബിനെ ആശ്രയിക്കുന്നവരെ ചൂണ്ടിക്കാട്ടിയവരുണ്ട്​. ഗുരുക്കന്മാരിൽനിന്ന്​ നേരിട്ട്​ അഭ്യസിക്കുന്നതിന്‍റെ ഗുണനിലവാരം യൂട്യൂബിനെ അനുകരിച്ചവരുടെ ഇനങ്ങൾക്ക്​ ഇല്ലാതെപോയത്​ മത്സരത്തിന്‍റെതന്നെ ശോഭ കെടുത്തി. ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ അഭ്യസിക്കുമ്പോൾ അതിൽ ശാസ്ത്രീയ അടിത്തറ ഉണ്ടാകും. ആ അടിത്തറയിൽനിന്ന്​ അവതരിപ്പിക്കുന്ന ഇനങ്ങൾക്ക്​ അതിന്‍റേതായ മിഴിവും ഉണ്ടാകുമെന്ന്​ സദസ്സിലുണ്ടായിരുന്ന ചില ഗുരുക്കന്മാർ അഭിപ്രായപ്പെട്ടു. ഗുരുക്കന്മാരുടെ ശിക്ഷണമില്ലാതെ എത്തിയവരിൽനിന്ന്​ പിന്നാമ്പുറത്ത്​ ചരടുവലിക്കാനും സമ്മാനം ഉറപ്പിക്കാനും നടത്തുന്ന നീക്കങ്ങൾ ഉണ്ടായില്ലെന്ന്​ സംഘാടകർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.