കലോത്സവ പേജ് ലീഡ് പത്തനംതിട്ട: കൊടുംചൂടായിരുന്നു രാവിലെ മുതൽ. ഉച്ചയായതോടെ വേദികളിൽ ചൂടുകാറ്റ് നിറഞ്ഞു. പേപ്പറുകളും ബുക്കും വിശറിയാക്കിയും വെള്ളം കുടിച്ചും തൂവാലകളാൽ മുഖം തുടച്ചും കാണികൾ സീറ്റ് വിടാതെ വേദികളിലേക്ക് കണ്ണുംകാതും കൂർപ്പിച്ച് ഒരേയിരിപ്പായിരുന്നു. വേദികളിൽ നിറഞ്ഞാടിയവരും ചൂടിൽ വാടിത്തളർന്നില്ല. അവർ ഉരുക്കഴിച്ച കലയിലെ കഴിവുകൾ കാണികളുടെ മനസ്സിനെ കുളിർപ്പിച്ചുകൊണ്ടിരുന്നു. ഉച്ചകഴിഞ്ഞതോടെ മഴയുടെ വരവറിയിച്ച് മാനം ഇരുണ്ടു തുടങ്ങി. വൈകീട്ട് നാലോടെ ഇരച്ചാർത്ത് മഴ ചെയ്തിറങ്ങി. അപ്പോഴും വേദികളിൽ താളവും മേളവും മുഴങ്ങിക്കൊണ്ടിരുന്നു. ചടുലവും ലാസ്യവും മാറിമാറി മിന്നിയ നൃത്തച്ചുവടുകളും അതിനൊപ്പം താളംപിടിച്ചിരുന്ന സദസ്സും മഴ വന്നതും പോയതും അറിയാത്ത ഭാവത്തിലായിരുന്നു. ഒന്നാം ദിനത്തിലെ സമയനിഷ്ഠയും അടുക്കും ചിട്ടയും അൽപം കൈമോശം വന്ന നിലയിലായിരുന്നു രണ്ടാം ദിവസം അരങ്ങും അണിയറയും. ആദ്യ ദിവസം ഘോഷയാത്രയും ഉദ്ഘാടനവുമൊക്കെ നിശ്ചിത സമയത്ത് തുടങ്ങിയെങ്കിലും രണ്ടാം ദിനം താളപ്പിഴകൾ ഏറെയുണ്ടായി. വേദികൾ സജീവമാകാൻ വൈകി. രണ്ടാം വേദിയായ റോയൽ ഓഡിറ്റോറിയത്തിലെ നൃത്തവേദിയിൽ മത്സരാർഥികൾ നേരത്തേതന്നെ എത്തിയിരുന്നു. എന്നാൽ, തലേന്ന് മത്സരങ്ങൾ വൈകി അവസാനിച്ചത് കാരണം സംഘാടകർ എത്താൻ വൈകി. ഇതോടെ രണ്ടര മണിക്കൂറോളം കാണികളും മത്സരാർഥികളും കാത്തിരുന്ന് മുഷിഞ്ഞു. ഭരതനാട്യ, മോഹിനിയാട്ട മത്സരങ്ങളാണ് രണ്ടാം വേദിയിൽ നടന്നത്. നൃത്തമത്സരങ്ങൾ ആസ്വദിക്കാൻ ധാരാളം പേർ എത്തിയിരുന്നു. ഒന്നാം വേദിയിലായിരുന്നു കാണികളുടെ തിരക്ക് കൂടുതൽ. സദസ്യരുടെ ഇഷ്ട ഇനങ്ങളായ മോണോ ആക്ടും സ്കിറ്റും അരങ്ങേറിയത് ഒന്നാം വേദിയിലായിരുന്നു. മോണോ ആക്ട് പക്ഷേ സദസ്സിന് മുഷിച്ചിലുണ്ടാക്കി. ഒരേവിഷയവുമായി പലരും എത്തിയത് ആവർത്തന വിരസത സൃഷ്ടിച്ചു. സമൂഹ മാധ്യമങ്ങളിൽ വന്ന ഐറ്റങ്ങൾ കോപ്പിയടിച്ചാണ് പലരും മോണോ ആക്ട് അവതരിപ്പിച്ചത്. രാവിലെ മോണോ ആക്ട് സദസ്സ് സജീവമായിരുന്നെങ്കിലും ഉച്ചകഴിഞ്ഞതോടെ സദസ്യർ കുറഞ്ഞു. 64 മത്സരാർഥികളുണ്ടായിരുന്നതിനാൽ രാത്രിവരെ മോണോ ആക്ട് നീണ്ടു. അതിനാൽ സ്കിറ്റ് കാണാൻ കാത്തിരുന്നവർ നിരാശരായി. വൈകീട്ടത്തെ മഴ സംഘാടകരെയും മത്സരാർഥികളെയും ബുദ്ധിമുട്ടിക്കുന്നു. പ്രധാന വേദി ജില്ല സ്റ്റേഡിയം മഴനിമിത്തം ചളിക്കുളമായ നിലയിലാണ്. വെള്ളിയാഴ്ച രാത്രി വേദിക്ക് സമീപം ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ സംഘർഷവും അരങ്ങേറി. ഇത് കലോത്സവത്തിന്‍റെ ശോഭ കെടുത്തി. ഇതോടെ പൊലീസ് വേദിക്ക് സമീപം സുരക്ഷ ശക്തമാക്കി. കലോത്സവ വേദികൾക്ക് അടുത്തുള്ള റോഡുകളിലെ വാഹന പാർക്കിങ്ങും നഗരത്തിലാകെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി പരാതിയുണ്ട്. എഴുത്ത്: പി.ടി. തോമസ് മനോജ് പുളിവേലിൽ സുനിൽ മാലൂർ ഫോട്ടോ: ബിബിൻ വിജയൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.