കോട്ടയം: മന്ത്രിമാർ തിരിച്ചിട്ട കല്ലുകളും പിഴുതെറിയുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ-റെയിൽ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും പൊലീസ് ഇട്ടാലും പട്ടാളം ഇട്ടാലും കല്ലുകൾ പിഴുതുമാറ്റുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ രണ്ടായി കീറിമുറിച്ച് ജനജീവിതം താറുമാറാക്കുന്ന സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമാക്കിയുള്ള എൽ.ഡി.എഫ് സർക്കാറിന്‍റെ കെ- റെയിൽ തട്ടിപ്പ് പദ്ധതി എന്തുവിലകൊടുത്തും പ്രതിരോധിക്കും. യു.ഡി.എഫ് ഒറ്റക്കാണ് സമരം. ബി.ജെ.പിയുടെ കൂട്ട് ആവശ്യമില്ല. അവർ നടത്തുന്ന സമരം തട്ടിപ്പാണ്. കേന്ദ്രം അനുമതി നൽകില്ലെന്ന് പറഞ്ഞാൽപിന്നെ പദ്ധതിയില്ല. ഇത് ചെയ്യാതെ ബി.ജെ.പി സമരം നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. കെ-റെയിലിന്‍റെ ഇരകൾ വീടും സ്ഥലവും നഷ്ടപ്പെടുന്നവർ മാത്രമല്ല. കേരളം മുഴുവനാണ്. കോടികളുടെ കമീഷനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഡി.പി.ആർ അബദ്ധ പഞ്ചാംഗമാണെന്നും സതീശൻ കുറ്റപ്പെടുത്തി. യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന കെ-റെയിൽ വിരുദ്ധ പ്രതിഷേധ ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ, കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എം.എൽ.എമാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ, യു.ഡി.എഫ് ജില്ല കൺവീനർ ജോസി സെബാസ്റ്റ്യൻ, നേതാക്കളായ കെ.സി. ജോസഫ്, അസീസ് ബഡായിൽ, പി.എ. സലിം, ജോഷി ഫിലിപ്, ബിൻസി സെബാസ്റ്റ്യൻ, ടി.സി. അരുൺ, പി.എസ്. ജയിംസ്, മുണ്ടക്കയം സോമൻ, മഥൻലാൽ, ടോമി കല്ലാനി, വി.ജെ. ലാലി, ബാബു കുട്ടൻചിറ, പി.ആർ. സോന, ഫിലിപ് ജോസഫ്, ഗ്രേസമ്മ മാത്യു, പി.എസ്. രഘുറാം, പ്രിൻസ് ലൂക്കോസ്, ഫിൽസൺ മാത്യു, തോമസ് കല്ലാടൻ, ജി. ഗോപകുമാർ, പി.എസ്. സലിം, തമ്പിചന്ദ്രൻ, കെ.ടി. ജോസഫ്, എസ്.രാജീവ്, കുര്യൻ പി. കുര്യൻ, സിബി ജോൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.