നാട്ടകത്ത്​ ചെറുവിമാനത്താവളം സ്ഥാപിക്കണമെന്നാവശ്യം

കോട്ടയം: നാട്ടകത്ത്​ ചെറുവിമാനത്താവളം സ്ഥാപിക്കാൻ സാധ്യതപഠനം നടത്തണമെന്ന്​ കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യം. നഗരസഭയുടെ ബജറ്റ്​ പാസാക്കാൻ ചേർന്ന യോഗത്തിൽ ഭരണകക്ഷ അംഗങ്ങളാണ്​ ഈ ആവശ്യം ഉയർത്തിയത്​. കുമാരനെല്ലൂരും നാട്ടകവും നഗരസഭയോട്​ ചേർത്തതോടെ കോർപറേഷനായി ഉയരാൻ കഴിയുന്ന നിലയിലാണ്​ കോട്ടയം. ഇത്​ കണക്കിലെടുത്ത്​ വൻ വികസന പദ്ധതികളാണ്​ ആലോചിക്കേണ്ടതെന്ന്​ ഇവർ ചൂണ്ടിക്കാട്ടി. നാട്ടകത്തോ ഗാന്ധിനഗറിനോട്​ ചേർന്നോ ഐ.ടി പാർക്ക്​ സ്ഥാപിക്കുന്നത്​ പരിഗണിക്കണമെന്ന്​ ഭരണപക്ഷത്തുനിന്ന്​ അഭിപ്രായമുയർന്നു. നഗരത്തിന്‍റെ സമഗ്രവികസനത്തിന്​ ഉതകുന്ന പദ്ധതികളാണ്​ ബജറ്റിൽ. ഇത്​ വികസനക്കുതിപ്പിന്​ ഇടയാക്കും. നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണ്​ ബജറ്റിലെന്നും ചർച്ചയിൽ ഭരണപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ, വികസനത്തെ പിന്നോട്ടടിക്കുന്ന നിർദേശങ്ങളാണ്​ ബജറ്റിലെന്ന്​ പ്രതിപക്ഷം കുറ്റപ്പെടുത്തി. നികുതി വരുമാനത്തിൽ കുറവുണ്ടായി. നഗരം നേരിടുന്ന വലിയ വെല്ലുവിളിയായ മാലിന്യസംസ്​കരണത്തിന്​ മികച്ച പദ്ധതികൾ ആവിഷ്​കരിക്കാനായില്ല. മാലിന്യനീക്കം സുഗമമാക്കാതെ എങ്ങനെ നഗരത്തിന്‍റെ മുഖച്ഛായ മാറുമെന്നും ഇവർ ചോദിച്ചു. ചർച്ചക്കൊടുവിൽ ബജറ്റ്​ പാസാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.