മിനിസിവിൽ സ്‌റ്റേഷനിൽ 'തീപിടിത്തം': അവബോധം ആളിക്കത്തിച്ച് മോക്ഡ്രിൽ

കോട്ടയം: ബുധനാഴ്ച വൈകീട്ട്​ മൂന്നിന് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്ന് കെട്ടിടത്തിലെ അത്യാഹിത അലാറം മുഴങ്ങി. പാഞ്ഞെത്തിയ പൊലീസിന്റെ നിർദേശപ്രകാരം നൂറ്റിനാൽപതോളം ജീവനക്കാരെ മൂന്നുനിലകളിലെ ഓഫിസുകളിൽനിന്നായി പടികളിലൂടെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നു. അഞ്ചുമിനിറ്റിനുള്ളിൽ അഗ്‌നിരക്ഷാസേനയുടെ 16 ജീവനക്കാർ, ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ, ആംബുലൻസ് അടക്കം രക്ഷാവാഹനങ്ങളിലായി സർവസന്നാഹത്തോടെയെത്തുന്നു. 3.15ന് തീ പൂർണമായി അണക്കുന്നു... ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ജില്ല ദുരന്തനിവാരണ അതോറിറ്റിയും അഗ്‌നിരക്ഷാസേന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മോക്ഡ്രില്ലിന്‍റെ ഭാഗമായാണ് മിനി സിവിൽ സ്‌റ്റേഷൻ നാടകീയ രംഗങ്ങൾക്ക് വേദിയായത്. സിവിൽ സ്‌റ്റേഷനിലെത്തിയ പൊതുജനങ്ങൾ ആദ്യം അൽപമൊന്ന് ആശങ്കപ്പെട്ടെങ്കിലും മോക്ഡ്രിൽ ആണെന്നറിഞ്ഞതോടെ പൂർണമായി സഹകരിച്ചു. ജനറൽ ആശുപത്രിയിൽനിന്ന് ആർ.എം.ഒ ഡോ. അജിത്കുമാറിന്‍റെ നേതൃത്വത്തിൽ ഡോക്ടറും നഴ്സും നാല് ആരോഗ്യപ്രവർത്തകരുമടങ്ങുന്ന സംഘം ഐ.സി.യു സംവിധാനമുള്ള ആംബുലൻസിൽ എത്തി. 'ഗുരുതര പൊള്ളലേറ്റ' ഒരാളെ സി.പി.ആർ നൽകി സ്ട്രെച്ചറിലെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. 'ബോധരഹിതരായ' രണ്ടുപേർക്ക് ആരോഗ്യപ്രവർത്തകർ പ്രഥമശുശ്രൂഷ നൽകി വിട്ടയക്കുന്നു. 3.12ഓടെ കെട്ടിടത്തിലെ മുഴുവൻ ആളുകളെയും സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കുന്നു. 3.15ന് അഗ്‌നിരക്ഷാസേന തീ പൂർണമായി അണച്ച് പിൻവാങ്ങുന്നു. ജനങ്ങളും ജീവനക്കാരും എല്ലാം നോക്കിക്കാണുന്നു. ജനസാന്നിധ്യം കൂടുതലുള്ള സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനിലമന്ദിരത്തിൽ തീപിടിത്തമുണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് ജീവനക്കാർക്ക് അവബോധം നൽകുന്നതിനായാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ജില്ലതല ഇൻസിഡന്‍റ്​ കമാൻഡറായ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ജിനു പുന്നൂസ് മോക്ഡ്രിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. സിവിൽ ഡിഫൻസ് ടീമിലെ 10 പേരും ആപ്തമിത്രയുടെ മൂന്ന്​ വളന്‍റിയർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തീപിടിത്ത ദുരന്തസാഹചര്യം പ്രതീകാത്മകമായി സൃഷ്ടിക്കാൻ കൃത്രിമ ഉപകരണത്തിലൂടെ പുകയുണ്ടാക്കുകയും പുറത്ത് തീയിടുകയുമായിരുന്നു. ഫോട്ടോ: ktl MOCK DRILL കോട്ടയം മിനി സിവിൽ സ്‌റ്റേഷനിൽ നടന്ന മോക്ഡ്രിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.