വൈദ്യുതി ​ലൈനെങ്കിൽ ബഫർസോണിനും നഷ്ടപരിഹാരം; കെ-റെയിലിന്​ വട്ടപ്പൂജ്യം

കോട്ടയം: കെ.എസ്​.ഇ.ബി ഹൈടെൻഷൻ വൈദ്യുതി ലൈനിന്​ ഏറ്റെടുക്കുന്ന സ്ഥലത്തിന്​ പുറമെ ബഫർസോണിനും നഷ്ടപരിഹാരം നൽകുന്ന കേരളത്തിൽ കെ-റെയിലിന്‍റെ ബഫർസോണായി നീക്കിവെക്കുന്ന സ്ഥലത്തിന്​ നഷ്ടപരിഹാരം നൽകാത്തത്​ ഇരട്ടത്താപ്പ്​. കെ.എസ്​.ഇ.ബി ചെയർമാൻ ഡോ. ബി. അശോക് ഊർജവകുപ്പ്​ സെക്രട്ടറിയായിരിക്കെ തൃശൂർ-പുഗലൂർ 320 കെ.വി വൈദ്യുതി ലൈനിനായി ഭൂമി ഏറ്റെടുക്കാൻ 2019 മേയ്​ നാലിന്​ പുറപ്പെടുവിച്ച ജി.ഒ (എം.എസ്​) നം: 7/2019 ഉത്തരവിലെ പ്രത്യേക നഷ്​ടപരിഹാര പാക്കേജ്​ തന്നെ കെ-റെയിലിന്‍റെ ബഫർ സോണിനും നഷ്​ടപരിഹാരത്തിന് അർഹത ഉണ്ടെന്നതിന്​ തെളിവാണ്​. വൈദ്യുതി ബോർഡ്​ ഹൈവോൾട്ടേജ് ​വൈദ്യുതി കടത്തിവിടുന്നത്​ വലിയ ടവറുകൾ സ്ഥാപിച്ച്​ അതിലൂടെ വലിക്കുന്ന കമ്പികളിലൂടെയാണ്. ഒരു കിലോമീറ്ററിൽ ശരാശരി നാലു ടവർ സ്ഥാപിക്കും. ഇത്തരം ലൈനുകൾ വലിക്കുമ്പോൾ ടവറുകൾ നിൽക്കുന്ന സ്ഥലം വൈദ്യുതി ബോർഡ് ഏറ്റെടുക്കും. രണ്ടു ടവറുകൾക്കിടയിൽ കമ്പികൾക്ക്​ താഴെയുള്ള ഭൂമി നിയന്ത്രണ വിധേയമായി ഉടമകൾക്ക്​ ഉപയോഗിക്കാം. ഭൂമിയിൽനിന്ന്​ 44 മീറ്റർവരെ ഉയരത്തിൽ 14 മീറ്റർ വീതിയിലാണ്​ ഇത്തരം ലൈനുകൾ വലിക്കുന്നത്. ഇതിന് 'ലൈൻ ക്ലിയറൻസ്​ അലവൻസ്' എന്ന പേരിൽ നഷ്​ടപരിഹാരം ലഭിക്കും. ടവറിന്‍റെ ഇരുഭാഗത്തായി ലൈൻ പോകുന്ന വീതി അടക്കം 44 മീറ്റർ വീതിയുള്ള ഭൂമിക്ക്​​ 'ഡിസ്​പ്ലേസ്​മെന്‍റ്​' അലവൻസ്​ എന്നപേരിൽ നഷ്​ടപരിഹാരവും നൽകും. അതായത് വൈദ്യുതി ലൈനിന്‍റെ രണ്ടുവശത്തും 15 മീറ്റർ വീതിയുള്ള ഭൂമിക്കാണ്​ ഡിസ്​പ്ലേ​സ്​മൻെറ്​ നഷ്​ടപരിഹാരം. ന്യായവിലയുടെ മൂന്നിരട്ടിയാണ് നഷ്​ടപരിഹാരം. തൃശൂർ-പുഗലൂർ വൈദ്യുതി ലൈനിനായി ഭൂമി ഏറ്റെടുക്കാനുള്ള പ്രത്യേക നഷ്​ടപരിഹാര പാക്കേജ്​ സംബന്ധിച്ച സർക്കാർ ഉത്തരവുകൾ ലാൻഡ്​​ റവന്യൂ കമീഷണറുടെ പക്കലുണ്ടെന്ന് ജി.ഒ (എം.എസ്​) നം: 7/2019 ഉത്തരവിൽ തന്നെ പറയുന്നു. ഇത്​ പരിഗണിക്കാതെയാണ്​ കെ-റെയിൽ ബഫർസോണിന്​ നഷ്ടപരിഹാരം നിഷേധിക്കുന്നത്​. നിലവിലെ കണക്കനുസരിച്ച് കെ ​-റെയിലിനായി 1130 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 13,265 കോടിയാണ് വകയിരുത്തിയത്. 15 മുതൽ 25 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കാനുള്ള തുകയാണിത്. വൈദ്യുതി ബോർഡിന്‍റെ രീതി സ്വീകരിച്ചാൽ കെ-റെയിലിന്‍റെ ഇരുഭാഗത്തുമുള്ള ബഫർ സോണിനും ഭൂമിയുടെ ന്യായവിലയുടെ മൂന്നിരട്ടി നഷ്​ടപരിഹാരം നൽകേണ്ടിവരും. അങ്ങനെ വരുമ്പോൾ ഭൂമി ഏറ്റെടുക്കലിനു മാത്രമായി മറ്റൊരു 10,000 കോടിയെങ്കിലും സംസ്ഥാന സർക്കാറും കെ-​റെയിലും അധികമായി കണ്ടെത്തണം. നഗരസമാനമായ കേരളത്തിലെ സ്ഥലങ്ങളിലൂടെ 200 കി.മീ. വേഗത്തിൽ പായുന്ന അതിവേഗ ​റെയിൽവേക്ക്​​ എത്ര അകലത്തിൽ ബഫർസോൺ വേണമെന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. ട്രെയിൻ ഓടുമ്പോഴുള്ള ശബ്ദവും പ്രകമ്പനവും പാളത്തിന്​ തൊട്ടടുത്തുള്ള പഴയതും പുതിയതുമായ കെട്ടിടങ്ങളെ എങ്ങനെ ബാധിക്കും എന്നതിന്​ മുൻകാല അനുഭവങ്ങളില്ലെന്ന്​ റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ആധുനിക രീതിയിലുള്ള റോഡ്​ നിർമാണത്തിനു ഉപയോഗിക്കുന്ന വൈബ്രേറ്റർ കെട്ടിടങ്ങൾക്കു ബലക്ഷയം ഉണ്ടാക്കും എന്നതിനാൽ കൊച്ചി അടക്കമുള്ള നഗരങ്ങളിലെ നിരവധി റോഡുകളിൽ ഒഴിവാക്കിയിരുന്നു. സിൽവർ ലൈനിന്‍റെ ഡി.പി.ആർ പൂർണമല്ലെന്ന്​ കേന്ദ്രസർക്കാറും ഡി.പി.ആറിൽ ഇനിയും മാറ്റം വരാമെന്ന്​ സംസ്ഥാന സർക്കാറും പറയുമ്പോൾ ബഫർസോൺ സംബന്ധിച്ച ആശങ്ക വർധിക്കുകയാണ്​. ടി. ജുവിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.