അഭിഭാഷക സംഘടനയിലെ ഇന്റേണൽ കമ്മിറ്റി: ബോബി എം. ശേഖറിന്​​ അഭിമാന നിമിഷം

കോന്നി: വനിത അഭിഭാഷകർ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്റേണൽ കമ്മിറ്റി ഹൈകോടതി അഭിഭാഷക സംഘടനയിൽ നിലവിൽ വരുമ്പോൾ ഇതിനു ചുക്കാൻ പിടിച്ച കോന്നി സ്വദേശി അഡ്വ. ബോബി എം. ശേഖറിന് ഇത് അഭിമാനത്തിന്‍റെ നിമിഷം. ചൊവ്വാഴ്ച നടന്ന ഹൈകോടതി അഭിഭാഷകരുടെ എക്സ്ട്ര ഓർഡിനറി ജനറൽ ബോഡി മുമ്പാകെ 118 അംഗങ്ങൾ ഒപ്പിട്ട് അഡ്വ. ബോബി എം. ശേഖർ അവതരിപ്പിച്ച പ്രമേയം ഒരേ സ്വരത്തിലാണ്​ അംഗങ്ങൾ പാസാക്കിയത്. ഇതോടെയാണ്​ ഇന്റേണൽ കമ്മിറ്റി രൂപവത്​കരിക്കാൻ വഴിതെളിഞ്ഞത്​. 1997ൽ വിശാഖ കേസിന്റെ വിധിയിലാണ് ഇന്റേണൽ കമ്മിറ്റി എല്ലാ സംഘടനകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദേശം ഉണ്ടായത്. 2012ൽ മേധ കൊട്വാളിന്‍റെ കേസിൽ എല്ലാ ബാർ അസോസിയേഷനുകളും ഇത്തരം കമ്മറ്റികൾ രൂപവത്​കരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച്​ ഇപ്പോൾ വനിത അഭിഭാഷകർ നേരിടുന്ന വെല്ലുവിളി പരിഹരിക്കാൻ ഒരു ആഭ്യന്തര സംവിധാനം വരുന്നു എന്നുള്ളത് ബോബിക്കും സുഹൃത്തുക്കൾക്കും വലിയ നേട്ടമാണ്. സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റി അംഗവും വ്യാപാരിയുമായ എ. സോമശേഖരന്റെയും അശ്വതിയുടെയും മകളായ ബോബി എം. ശേഖർ കൊച്ചിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ അഡ്വാൻസ് ലീഗൽ സ്റ്റഡീസിൽ 2008ൽ പഠനം പൂർത്തിയാക്കിയ ശേഷം ഹൈകോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയായിരുന്നു. കൊച്ചിയിൽ ബിസിനസുകാരനായ ശ്യാംജിത്തിന്റെ ഭാര്യയാണ്. അദ്വൈത്, നക്ഷത്ര എന്നിവർ മക്കളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.