വലഞ്ഞു, ജനം

കോട്ടയം: ദ്വിദിന പണിമുടക്കിന്‍റെ ആദ്യദിനം ജില്ല നിശ്ചലം. കെ.എസ്​.ആർ.ടി.സി പൂർണമായി വിട്ടുനിന്നപ്പോൾ ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ മാത്രമാണ്​ നിരത്തിലിറങ്ങിയത്​. ​കോട്ടയം നഗരത്തിലടക്കം കടകൾ പൂർണമായി അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ടാക്‌സി- ഓട്ടോറിക്ഷകളും ഓടിയില്ല. സർക്കാർ- സ്വകാര്യ മേഖലകളിലെ ഭൂരിഭാഗം സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഇതോടെ ഏറെക്കുറെ ജില്ലയിലെ ജനജീവിതം സ്തംഭിച്ചു. കോട്ടയത്ത്​ ഒറ്റപ്പെട്ട ചില ഹോട്ടലുകൾ ഉച്ചവരെ തുറന്നുപ്രവർത്തിച്ചു. ഓൺലൈൻ ഡെലിവറി സർവിസും നടന്നു. ചില പെട്രോൾ പമ്പുകൾ മാത്രമാണ്​ പ്രവർത്തിച്ചത്​. അനിഷ്ട സംഭവങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തില്ല. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ രാവിലെ തുറന്നിരുന്ന പല സ്വകാര്യ സ്ഥാപനങ്ങളും പ്രതിഷേധ സമരക്കാരുടെ നേതൃത്വത്തിൽ അടപ്പിച്ചു. കോട്ടയത്ത്​ ബാങ്ക്, ബാർബർ ഷോപ്, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ നിർബന്ധപൂർവം അടപ്പിച്ചു. ഏറ്റുമാനൂരിൽ സമരക്കാരും സ്ഥാപന ഉടമയുമായി സ്ഥാപനം അടക്കുന്നതിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. കലക്ടറേറ്റ്​, എം.ജി സർവകലാശാല എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ്​ ജോലിക്ക്​ എത്തിയത്​. കെ.എസ്​.ആർ.ടി.സിയും നിശ്ചലമായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക്​ പോകാനെത്തിയവരടക്കമുള്ളവർ വലഞ്ഞു. നഗരമധ്യത്തിലടക്കം പ്രധാന ജങ്​ഷനുകളിൽ പൊലീസ് പിക്കറ്റിങ്​ ഏർപ്പെടുത്തിയിരുന്നു. സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ രാവിലെയും ഉച്ചക്കും വൈകുന്നേരവും തെരുവിൽ കഴിയുന്നവർക്ക്​ ഭക്ഷണം എത്തിച്ചുനൽകിയത്​ ഇവർക്ക്​ ആശ്വാസമായി. പണിമുടക്കിന്‍റെ ഭാഗമായി കോട്ടയത്ത്‌ പ്രകടനങ്ങളും നടന്നു. സംയുക്ത ട്രേഡ്‌ യൂനിയൻ നഗരംചൂറ്റി പ്രകടനം നടത്തി. ട്രേഡ്​ യൂനിയൻ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്​പോസ്​റ്റ്​ ഓഫിസിലേക്ക്​ മാർച്ചും ധർണയും നടത്തി. തിരുനക്കര ബസ്‌സ്‌റ്റാൻഡിനു സമീപം ചേർന്ന സംയുക്ത ട്രേഡ്‌ യൂനിയൻ യോഗം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ്​ ജെ.ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു. സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആർ. രഘുനാഥൻ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ. അനിൽകുമാർ, സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ അഡ്വ. റജി സഖറിയ, വൈസ്‌ പ്രസിഡന്‍റ്​ പി.ജെ. വർഗീസ്‌, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ഫിലിപ് ജോസഫ്‌, സംസ്ഥാന വർക്കിങ്‌ കമ്മിറ്റി അംഗം ബഷീർ നന്തിയോട്‌, ജില്ലാ സെക്രട്ടറി ടി.സി. റോയി, ജെ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം രാജീവ്‌ നെല്ലിക്കുന്നേൽ, കെ.എസ്‌.കെ.ടി.യു ജില്ല സെക്രട്ടറി എം.കെ. പ്രഭാകരൻ, സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ബി. ബിനു, ജില്ല സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്‌കുമാർ, സംയുക്ത ട്രേഡ്‌ യൂനിയൻ ജില്ല കൺവീനർ വി.പി. കൊച്ചുമോൻ, ഭാരവാഹികളായ പി.കെ. ആനന്ദക്കുട്ടൻ, എം.കെ. ദിലീപ്‌, സീമ എസ്‌.നായർ, ഗ്ലാഡ്‌സൺ ജേക്കബ്‌ , പി.കെ. കൃഷ്‌ണൻ, ബാബു കപ്പക്കാല, ബിജു മണ്ഡപം എന്നിവർ സംസാരിച്ചു. തുടർന്ന്‌ സംഗീതപരിപാടികളും നടന്നു. എല്ലാ ജനവിഭാഗങ്ങളും പണിമുടക്കിനെ പിന്തുണച്ചതായി സംയുക്ത ട്രേഡ്‌ യൂനിയൻ ഭാരവാഹികൾ പറഞ്ഞു. കേന്ദ്രസർക്കാറിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്​ സംയുക്ത ​ട്രേഡ്​ യൂനിയനാണ്​ 48 മണിക്കൂർ പണിമുടക്ക്​ നടത്തുന്നത്​. --പടങ്ങൾ DP-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.