എം.ജി കലോത്സവം; മാറ്റുരക്കാൻ എത്തുന്നത്​ പതിനായിരത്തോളം യുവ പ്രതിഭകൾ മത്സരം ഏഴ്​ വേദിയിൽ

പത്തനംതിട്ട: ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ടയിൽ നടക്കുന്ന മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവത്തിൽ മുന്നൂറിൽപരം കോളജുകളിൽനിന്നായി പതിനായിരത്തോളം യുവ പ്രതിഭകൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർപേഴ്‌സനായ മന്ത്രി വീണ ജോർജ്, വർക്കിങ് ചെയർമാൻ റോഷൻ റോയ് മാത്യു, ജനറൽ കൺവീനർ ശരത് ശശിധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട നഗരത്തിൽ പ്രത്യേകം തയാറാക്കുന്ന ഏഴ്​ വേദിയിലാണ് മത്സരം. ജില്ല സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000 പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്. റോയൽ ഓഡിറ്റോറിയമാണ് രണ്ടാമത്തെ വേദി. കോളജ് ഓഡിറ്റോറിയം, കാതോലിക്കേറ്റ് കോളജ് വോളിബാൾ കോർട്ട്, സെമിനാർ ഹാളുകൾ എന്നിവയാണ് മറ്റുവേദികൾ. 61 ഇനത്തിലാണ് മത്സരം. ആൺ-പെൺ വിഭാഗത്തിൽ മത്സരമുള്ള ഇനങ്ങളിലെല്ലാം ട്രാൻസ്ജെൻഡർ വിഭാഗത്തിനും മത്സരിക്കാൻ അവസരം നൽകുന്നെന്ന പ്രത്യേകതയും ഈ കലോത്സവത്തിനുണ്ട്. ഒന്നിന് വൈകീട്ട് മൂന്നിന് പുതിയ ബസ് ​സ്റ്റാൻഡിൽനിന്ന്​ ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ കലോത്സവത്തിന് തുടക്കം കുറിക്കും. മലബാർ തെയ്യം, തൃശൂർ പുലികളി, കൂട്ടക്കാവടി, മയൂരനൃത്തം, അർജുനനൃത്തം, പടയണി, കോലങ്ങൾ, പമ്പമേളം, പഞ്ചവാദ്യം, ബാൻഡ് സെറ്റുകൾ, റോളർ സ്​കേ​റ്റിങ്​​, എൻ.സി.സി കാഡറ്റുകളുടെ മാർച്ച്പാസ്റ്റ്, നിശ്ചലദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയിൽ അണിനിരക്കും. വൈകീട്ട്​ അഞ്ചിന്​ ജില്ല സ്​റ്റേഡിയത്തിൽ ഉദ്ഘാടന സമ്മേളനം നടക്കും. നടി നവ്യ നായർ​, സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി, നടൻ ആന്‍റണി വർഗീസ് പെപ്പേ, അനശ്വര രാജൻ, ഐ.എം. വിജയൻ, സംവിധായകൻ എബ്രിഡ് ഷൈൻ, നടൻ കൈലാഷ്​ എന്നിവർ ഉദ്​ഘാടന-സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടന ദിവസം രാത്രി എട്ടുമുതൽ മത്സരങ്ങൾ ആരംഭിക്കും. രണ്ടുവർഷത്തെ ഇടവേളക്കുശേഷം എത്തുന്ന കലോത്സവത്തിന് വൻ തയാറെടുപ്പാണ് കാമ്പസുകളിൽ നടക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് എന്നിവിടങ്ങളിൽനിന്നുള്ള 300 കോളജിലെ പ്രതിഭകളാണ് കലോത്സവത്തിന്​ എത്തുക. വാർത്തസമ്മേളനത്തിൽ യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ വാസന്ത്​ ശ്രീനിവാസൻ, ജനറൽ സെക്രട്ടറി പി.എസ്. വിപിൻ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.