കോട്ടയം: സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യവെച്ചുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി കോട്ടയം നഗരസഭയുടെ 2022-23 ബജറ്റ്. പരിസ്ഥിതി സൗഹൃദം എന്ന ലക്ഷ്യത്തിന് പ്രഥമപരിഗണന നല്‍കുന്നതിനൊപ്പം സ്ത്രീസൗഹൃദത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കി. സമ്പൂര്‍ണ മാലിന്യനിര്‍മാർജനത്തിനായി സര്‍ക്കാറിന്‍റെയും ശുചിത്വ മിഷന്‍റെയും സഹായം തേടും. കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സാങ്കേതികവിദ്യ ഉപയോഗിച്ച് സമ്പൂര്‍ണ മാലിന്യസംസ്‌കരണത്തിനുള്ള പദ്ധതി നടപ്പാക്കും. ആദ്യഘട്ടമെന്ന നിലയില്‍ പ്ലാസ്റ്റിക്കില്‍നിന്ന് ബയോഡീസല്‍ ഉൽപാദനം തുടങ്ങും. ശുചിത്വമേഖലയില്‍ ലോകബാങ്കില്‍നിന്ന് ലഭ്യമാകുന്ന ധനസഹായം ഉപയോഗിച്ച് 'ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം' പദ്ധതി നടപ്പിലാക്കും. വീടുകളില്‍നിന്ന് മാലിന്യശേഖരണത്തിനായി യൂസര്‍ ഫീ ഈടാക്കി ഇ-ഓട്ടോ സംവിധാനം നടപ്പിലാക്കും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് ആപ് സംവിധാനത്തിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൊതുക് നിവാരണ പദ്ധതിക്കായി അഞ്ചുലക്ഷം. ഇരുമ്പ് നെറ്റുകള്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ എന്നിങ്ങനെയും വകയിരുത്തി. കുടുംബശ്രീവഴി ഹോം നേഴ്‌സിങ് സേവനം ലഭ്യമാക്കുകവഴി സ്ത്രീ ശാക്തീകരണത്തിനും ബജറ്റ് ലക്ഷ്യംവെക്കുന്നുണ്ട്. ഇ-സേവ കേന്ദ്രം, കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തി സീസനല്‍ പഴവര്‍ഗങ്ങളുടെ ഫുഡ് പ്രോസസിങ് യൂനിറ്റുകള്‍ രൂപവത്കരിക്കും. ഭിന്നശേഷി ഭിന്നലിംഗക്കാര്‍ക്കായി ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍, ടേക് എ ബ്രേക്ക് പദ്ധതി, ചാര്‍ജിങ് സ്റ്റേഷനുകള്‍, ഫുട്പാത് നവീകരണം തുടങ്ങിയവയും ബജറ്റിലൂടെ ലക്ഷ്യമിടുന്നു. 1,61,19,16,395 രൂപ വരവും 1,44,56,61,882 രൂപ ചെലവും 16,62,54,513 രൂപ ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍ അവതരിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്‌സൻ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. ഫണ്ട് അനുവദിച്ച പ്രധാന പദ്ധതികൾ *ഓടകളില്‍ മലിനീകരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് 30 ലക്ഷം * പോളവാരല്‍ യന്ത്രം വാങ്ങുന്നതിന് 30 ലക്ഷം * വീടുകളില്‍ ഇലക്ട്രിക് ഇന്‍സിനറേറ്ററുകള്‍ നല്‍കുന്നതിന് 20 ലക്ഷം *എം.എല്‍ റോഡില്‍ വനിത ഷോപ്പിങ് മാള്‍ നിര്‍മാണത്തിന് ഒരുകോടി *സ്തനാർബുദ നിര്‍ണയ ക്യാമ്പിന് 10 ലക്ഷം *നഗരസഭയുടെ ഡിജിറ്റൈലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 70 ലക്ഷം * തിരുനക്കരയില്‍ നിർമിക്കുന്ന ശതാബ്ദി സ്മാരക മള്‍ട്ടിപ്ലക്സ് കം ബസ് ബേയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിന് 75 ലക്ഷം *സൗരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം *മഴക്കാലത്ത് റോഡുകള്‍ തകര്‍ന്ന് രൂപപ്പെടുന്ന കുഴികള്‍ കോള്‍ഡ് മിക്സ് ഷെല്‍മാക് മിശ്രിതം ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് 30 ലക്ഷം * നാഗമ്പടം നെഹ്‌റു സ്റ്റേഡിയം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാക്കുന്നതിനായി ഒരുകോടി വായ്പയായി കണ്ടെത്തും. *വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റെയില്‍വേ സ്റ്റേഷനില്‍ സുഗന്ധദ്രവ്യങ്ങളുടെ വാണിജ്യശൃംഖല തുടങ്ങും * സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും *തെരുവുനായ്ക്കളെ തിരിച്ചറിയുന്നതിന് ജിയോടാഗിങ്ങിനായി 15 ലക്ഷം * വയസ്‌കര കുന്നില്‍ നഗരസഭ ഫ്ലാറ്റ് നിര്‍മാണത്തിന്‍റെ ഡി.പി.ആര്‍ തയാറാക്കുന്നതിന് 10 ലക്ഷം * നാഗമ്പടത്ത് ബോട്ടുജെട്ടി നിര്‍മിച്ച് മീനച്ചിലാറിലൂടെ ജലടൂറിസത്തിന് 12.50 ലക്ഷം * എലിപ്പുലിക്കാട്ടുകടവില്‍ സായാഹ്നവിശ്രമകേന്ദ്രവും തിരുവാതുക്കലില്‍ കുട്ടികള്‍ക്കായി മിനി പാര്‍ക്കും നിര്‍മിക്കും *വിവിധ വാര്‍ഡുകളിലെ കുടിവെള്ള പദ്ധതികള്‍ക്കായി മൂന്നുകോടി * വാട്ടര്‍ കിയോസ്‌കുകള്‍ക്ക് 25 ലക്ഷം * മരുന്നുകള്‍ വാങ്ങിനല്‍കുന്ന പദ്ധതിക്ക് 66 ലക്ഷം * പ്രീമെട്രിക് ഹോസ്റ്റല്‍ ഒരുകോടി * പാടശേഖരങ്ങളില്‍ ഡീ വാട്ടറിങ് സൗകര്യം 30 ലക്ഷം * സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കി തിരുനക്കര മൈതാനം, ശാസ്ത്രി റോഡ്, പ്രധാന ജങ്ഷന്, വീഥികള്‍ എന്നിവ മോടിപിടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.