ശ്രീലങ്കൻ ബാസ്കറ്റ്ബാൾ ലീഗിൽ വിസിൽ മുഴക്കവുമായി അലൻ സി. ജോസ്

മൂലമറ്റം: ശ്രീലങ്കയിലെ കൊളംബോയിൽ മാർച്ച് 19ന്​ ആരംഭിച്ച ശ്രീലങ്കൻ ബാസ്കറ്റ്ബാൾ ഫെഡറേഷന്‍റെ ലൈറ്റ് ലീഗായ അവന്ത് സൂപ്പർ കപ്പ് 2022ൽ മത്സരങ്ങൾ നിയന്ത്രിക്കാൻ തൊടുപുഴ മുട്ടം സ്വദേശിയും രാജ്യാന്തര റഫറിയുമായ അലൻ സി. ജോസിന് ക്ഷണം. ഇന്ത്യയിൽനിന്നുള്ള ഏക റഫറിയുമാണ്​. നിരവധി വിദേശതാരങ്ങളും ആർമി താരങ്ങളും ഉൾപ്പെട്ട എലൈറ്റ് ലീഗിൽ ലിത്വേനിയയിൽനിന്നുള്ള പ്രഫഷനൽ ക്ലബും ശ്രീലങ്കൻ ക്ലബുകളോടൊപ്പം മാറ്റുരക്കുന്നു. മുട്ടം ചാരക്കുന്നത്ത് ബെന്നി ജോൺ - ബെൻസി ദമ്പതികളുടെ മകനായ ഇദ്ദേഹം 2021 സെപ്റ്റംബർ മുതലാണ്​ രാജ്യാന്തര ബാസ്കറ്റ്ബാൾ ഫെഡറേഷന്‍റെ ഫിബ് വൈറ്റ് റഫറിയിങ്​ ബാഡ്​ജിന്​ അർഹനായത്. ഇന്ത്യയിൽനിന്നുള്ള അഞ്ച്​ രാജ്യാന്തര റഫറിമാരിൽ ഒരാളായ അലൻ 2017 മുതൽ 2021 വരെ ഫിബ ടേബിൾ ഒഫീഷ്യലായിരുന്നു. 2014ൽ കേരള ബാസ്കറ്റ്ബാൾ അസോസിയേഷന്‍റെ റഫറിയിങ്​ പാനലിലും 2015 മുതൽ ബാസ്കറ്റ്ബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ റഫറിയിങ്​ പാനലിലും അംഗമായ അലൻ ഫെഡറേഷൻ കപ്പിന്‍റെയും ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിന്‍റെയും ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പിന്‍റെയും ഫൈനലുകൾ നിയന്ത്രിച്ചിട്ടുണ്ട്​. മുട്ടം ഷാൾ ജ്യോതി ബാസ്കറ്റ്ബാൾ ടീമിലൂടെ വളർന്ന് കുട്ടിക്കാനം മരിയൻ കോളജിൽനിന്ന് ബി.ബി.എയും ആന്ധ്രപ്രദേശിലെ ആദികവി യൂനിവേഴ്സിറ്റിയിൽനിന്ന് ബി.പി.എഡും പൂർത്തിയാക്കിയ 26കാരനായ അലൻസി ജോസിന്​ ശിൽപ മിഥുൻ എന്ന സഹോദരിയും ബാസ്കറ്റ്ബാൾ കളിക്കാരനായ ആൽവിൻ എന്ന ഇളയ സഹോദരനുമുണ്ട്​. രാജ്യാന്തര ബാസ്കറ്റ്ബാൾ റഫറിയിങ്ങിൽ ഒളിമ്പിക്സും ലോകകപ്പും സ്വപ്നം കാണുന്ന അലന്​ പ്രോത്സാഹനവുമായി ഇടുക്കി ബാസ്കറ്റ്ബാൾ അസോസിയേഷൻ നിലകൊള്ളുന്നു. idg mltm അലൻ സി. ജോസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.