ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ വന്‍ ക്രമക്കേടുകൾ​; പ്രതിഷേധവുമായി ഭക്തർ

ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ വന്‍ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് വന്ന പിന്നാലെ ക്ഷേത്രം ഭരണാധികാരികള്‍ക്കും ഉപദേശക സമിതിക്കുമെതിരെ പ്രതിഷേധവുമായി ഭക്തർ രംഗത്തെത്തി. ശ്രീകോവിലിൽ 2021 ജനുവരി 17ന് അഗ്​നിബാധ ഉണ്ടായതും മേൽശാന്തിയും കൈസ്ഥാനീയരും ജീവനക്കാരും ചേർന്ന് രണ്ടുമണിക്കൂർ ശ്രമിച്ച് തീയണച്ചതും പുറംലോകം അറിയാതെ ഒതുക്കിവെച്ചത് ക്ഷേത്രഭരണം ഭക്തജനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നടന്നുവരുന്നതിന്‍റെ തെളിവാണെന്ന് ക്ഷേത്ര സംരക്ഷണ സമിതി കുറ്റപ്പെടുത്തി. അഗ്​നിബാധയില്‍ മൂലവിഗ്രഹത്തിന് മങ്ങൽ ഉണ്ടാകുകയും വെള്ളിപീഠം ഉരുകുകയും ചെയ്ത തീപിടിത്തം ഉണ്ടായിട്ടും ആവശ്യമായ പരിഹാരക്രിയ ചെയ്യാന്‍ ക്ഷേത്ര അധികാരികൾ തയാറായില്ല. വര്‍ഷങ്ങളായി ക്ഷേത്രഭരണം ചില നിക്ഷിപ്‌ത താൽപര്യക്കാരുടെ കൈകളിലാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചും ഭക്തജനങ്ങളെ ധിക്കരിച്ചുമുള്ള ഒരു മാഫിയയാണ് ക്ഷേത്രഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഉത്സവത്തിന് ഉൾപ്പെടെ ലഭിക്കുന്ന പണത്തിന് രസീതുകൾ നൽകുകയോ വഴിപാടുകൾ സുതാര്യമായി നടത്തുകയോ ചെയ്യുന്നില്ല. ക്ഷേത്ര കലാപരിപാടികൾക്ക് കമീഷൻ കൈപ്പറ്റുന്നതു ഉള്‍പ്പെടെ വന്‍അഴിമതിയാണ് ഉപദേശക സമിതി നേതൃത്വത്തില്‍ നടക്കുന്നതെന്ന്​ ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. സ്വര്‍ണ രുദ്രാക്ഷമാല കാണാതായ സംഭവത്തിലുണ്ടായ വീഴ്ചകള്‍ക്കു പുറമെ ശ്രീകോവിലില്‍ അഗ്​നിബാധ സംബന്ധിച്ച വിവരങ്ങള്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് മറച്ചുവെച്ചെന്നും പരിഹാരക്രിയ നടത്താതെ ആചാരലംഘനം നടന്നുവെന്നുമായിരുന്നു ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഇത്തരത്തിലുള്ള ഒട്ടനവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് എസ്.പി ബിജോയ് ദേവസ്വം പ്രസിഡന്‍റിന് സമര്‍പ്പിച്ചത്. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 81 മുത്തുകളുള്ള സ്വര്‍ണ രുദ്രാക്ഷമാല കാണാതായത്​ സംബന്ധിച്ചായിരുന്നു ദേവസ്വം വിജിലന്‍സിന്‍റെ പ്രധാന അന്വേഷണം. രുദ്രാക്ഷമാല മാറ്റി പകരം 72 മുത്തുകളുള്ള മറ്റൊരു മാലവെച്ചത് കണ്ടെത്തിയ വിജിലന്‍സ്, ക്രിമിനല്‍ സിവില്‍ നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. മുൻ മേൽശാന്തി കേശവൻ സത്യേഷിനെ കൂടാതെ തിരുവാഭരണങ്ങള്‍ സംബന്ധിച്ച്‌ കണക്കെടുപ്പ് നടത്തുന്നതില്‍ വീഴ്ചവരുത്തിയ ദേവസ്വം തിരുവാഭരണം കമീഷണര്‍ എസ്. അജിത് കുമാറിനെതിരെയും നടപടിക്ക് ശിപാര്‍ശയുണ്ട്. മാലയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 2021 ജനുവരി 17ന് ശ്രീകോവിലിലുണ്ടായ അഗ്​നിബാധ സംബന്ധിച്ച വിവരങ്ങള്‍ പുറത്താകുന്നത്. അഗ്​നിബാധയില്‍ മൂലബിംബത്തിനുണ്ടായ മങ്ങല്‍ മൂന്നുദിവസം തുടര്‍ച്ചയായി ഉരച്ചുകഴുകിയതിലൂടെയാണ് അല്‍പമെങ്കിലും മാറ്റിയെടുത്തതെന്ന് മുട്ടുശാന്തി അവകാശികള്‍ മൊഴിനല്‍കിയിരുന്നു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ ബാങ്ക് അക്കൗണ്ടും ക്ഷേത്ര ഉപദേശക സമിതിയുടെ 10 വര്‍ഷത്തെ പ്രവര്‍ത്തനവും വരവുചെലവ് കണക്കുകളും വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രത്യേക സാഹചര്യത്തില്‍ ഭക്തരുടെ യോഗം ശനിയാഴ്ച വൈകീട്ട് ഏഴിന്​ മഹാദേവ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെനടയിലുള്ള ക്ഷേത്രസംരക്ഷണ സമിതി ഓഫിസില്‍ നടക്കുമെന്ന് പ്രസിഡന്‍റും സെക്രട്ടറിയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.