പാറമ്പുഴയിൽ സമരപ്പന്തലുയർന്നു; മൂന്നാം ദിവസവും ജനകീയ പ്രതിരോധം ശക്തം

പൊലീസ് എത്തിയത്​ കണ്ണീർ വാതകവുമായി കോട്ടയം: പാറമ്പുഴ കുഴിയാലിപ്പടിയില്‍ സിൽവർലൈൻ പാതക്ക്​ സർവേക്കല്ലിടാനുള്ള മൂന്നാം ദിവസത്തെ ശ്രമവും ജനകീയപ്രതിരോധത്തിനു മുന്നിൽ പാഴായി. വ്യാഴാഴ്ച രാവിലെ കണ്ണീർ വാതകമടക്കം വന്‍ പൊലീസ് സന്നാഹത്തോടെയാണ് കല്ലിടാൻ കെ-റെയില്‍ അധികൃതര്‍ എത്തിയത്. എന്നാല്‍, സമരക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉച്ചയോടെ പാലാ ഡിവൈ.എസ്​.പി ഷാജ്​ ജോസിന്‍റെ നേതൃത്വത്തിലുള്ള പൊലീസും റവന്യൂ അധികൃതരും മടങ്ങി. ഇതിനിടെ കുഴിയാലിപ്പടിയില്‍ സമരക്കാർ സ്ഥിരം പ്രതിഷേധവേദിയൊരുക്കി. റോഡരികിലെ സമരപ്പന്തൽ നീക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. രാ​ത്രി സമരക്കാരില്ലാത്ത സമയത്ത്​ അധികൃതർ കല്ലിട്ടേക്കുമെന്ന സൂചനയുള്ളതിനാൽ രാപ്പകൽ സമരം നടത്താനാണ്​ തീരുമാനം. സമരപ്പന്തലിന്‍റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്​ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. കെ-റെയില്‍ കൊണ്ടുവരുമെന്നുള്ളത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന്​ എം.എൽ.എ ആരോപിച്ചു. മനുഷ്യര്‍ക്കല്ല, കല്ലുകള്‍ക്ക് സംരക്ഷണം നല്‍കാനാണ് മുഖ്യമന്ത്രി പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്​. മന്ത്രി സജി ചെറിയാൻ അലൈൻമെന്‍റ്​ മാറ്റുന്നതില്‍ ഇടപെട്ടു എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. അതല്ലെങ്കില്‍ നേരത്തേ ഈ അലൈൻമെന്‍റ്​ ആയിരുന്നോ എന്ന് കെ-റെയില്‍ എം.ഡി വ്യക്തമാക്കണം. കെ-റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കെ-റെയില്‍ പദ്ധതിക്ക് പിന്നില്‍ പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന കോടികളുടെ അഴിമതി ഇടപാടാണെന്ന് സമരസമിതി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ പി.സി. ജോര്‍ജ് പറഞ്ഞു. ജപ്പാന്‍ ഉപേക്ഷിച്ച ആക്രിസാധനങ്ങള്‍ കൊണ്ടുവന്നു കെ-റെയില്‍ സ്ഥാപിക്കാനാണ് പിണറായിയുടെ നീക്കമെന്നും പി.സി. ജോര്‍ജ് കുറ്റപ്പെടുത്തി. പി.സി. തോമസ്​, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യന്‍, അഡ്വ. പി.എ. സലീം, ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിന്‍ ലാല്‍, നഗരസഭ ചെയര്‍പേഴ്‌സൻ ബിന്‍സി സെബാസ്റ്റ്യൻ, കൗൺസിലർമാരായ സാബു മാത്യു, ലിസി കുര്യൻ തുടങ്ങി ഒട്ടേറെ പേർ പിന്തുണയുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം കല്ലിടല്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് കുഴിയാലിപ്പടിയില്‍ കണ്ടാലറിവുന്ന നൂറുപേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്​. തിങ്കളാഴ്ച മുതലാണ്​ റവന്യൂ അധികൃതർ കുഴിയാലിപ്പടിയിൽ കല്ലിടാൻ നീക്കം തുടങ്ങിയത്​. അന്നുമുതൽ നാട്ടുകാരും ബാബു കുട്ടൻചിറയുടെ നേതൃത്വത്തിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.