കെ-സ്വിഫ്​റ്റ്​ ബസുകൾ സ്വകാര്യ ലിമിറ്റഡ്​ സ്​റ്റോപ്പുകളുടെ അന്തകനായേക്കും

കോട്ടയം: കെ.എസ്​.ആർ.ടി.സിയുടെ അനുബന്ധ സ്ഥാപനമെന്ന പേരിൽ നിലവിൽവന്ന കെ-സ്വിഫ്​റ്റ്​ കമ്പനി ദേശസാത്​കൃത റൂട്ടുകളിലെ സ്വകാര്യ ലിമിറ്റഡ്​ സ്​റ്റോപ്​ ബസുകളുടെ അന്തകനായേക്കും. ദേശസാത്​കൃത റൂട്ടുകളിലെ സ്വകാര്യ പെർമിറ്റുകൾ കെ.എസ്​.ആർ.ടി.സിക്ക്​ ഏറ്റെടുക്കാമെന്ന നിയമത്തിന്‍റെ ബലത്തിലാണ്​ ഇതിന്​ നീക്കം നടക്കുന്നത്​. ആയിരത്തോളം പുതിയ ബസുകളാണ്​ കെ-സ്വിഫ്​റ്റിന്​ വാങ്ങുന്നത്​. ഇതിൽ 800 ബസെങ്കിലും സ്വകാര്യ പെർമിറ്റുകൾ ഏറ്റെടുത്ത്​ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്​. ചെലവ്​ കുറച്ച്​ പ്രതിദിനം 500 കി.മീ. വരെ സർവിസ്​ നടത്താനാകുമെന്നതാണ്​ പുതിയ സംവിധാനത്തിന്‍റെ മെച്ചം. ഏതൊക്കെ പെർമിറ്റുകൾ ഏറ്റെടുക്കണമെന്നത്​ സംബന്ധിച്ച്​ പ്രാഥമിക വിവരശേഖരണവും നടക്കുന്നുണ്ട്​. കോട്ടയം-കുമളി, കോട്ടയം-എറണാകുളം, എറണാകുളം-ഗുരുവായൂർ, തൃശൂർ-കോഴിക്കോട്​, തൃശൂർ-പാലക്കാട്​, പാലക്കാട്​-കോഴിക്കോട്​, കോഴിക്കോട്​-കണ്ണൂർ-കാസർകോട്​​ റൂട്ടുകളിലാണ്​ കെ-സ്വിഫ്​റ്റ് പ്രധാനമായും കണ്ണുവെച്ചിരിക്കുന്നത്​. 2014ൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫാസ്റ്റ്​ മുതൽ ഡീലക്സ്​ വരെയുള്ള സ്വകാര്യ സൂപ്പർക്ലാസ്​ ബസുകൾ കെ.എസ്​.ആർ.ടി.സി ഏറ്റെടുത്തിരുന്നു. അന്ന്​ ഗതാഗതമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈയെടുത്ത്​ പെർമിറ്റ്​ നഷ്ടപ്പെട്ട സ്വകാര്യബസുകൾക്ക് അതേ റൂട്ടുകളിൽതന്നെ ലിമിറ്റഡ് ​സ്​റ്റോപ്പായി സർവിസ്​ നടത്താൻ അനുമതി നൽകി. സ്വകാര്യബസ്​ പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ ഈ പെർമിറ്റുകൾ നേടാനാകുമോയെന്നാണ്​ കെ-സ്വിഫ്​റ്റ്​ പരിശോധിക്കുന്നത്​. പെർമിറ്റുകൾ കൈവശംവെച്ച്​ സമരം ചെയ്യാൻ സ്വകാര്യ ബസുടമകൾക്ക്​ അവകാശമില്ലെന്ന്​ ഹൈകോടതി വിധിയുണ്ട്​. ഇതേ കാരണത്താലാണ്​ തിരുവനന്തപുരം നഗരത്തിലെ സ്വകാര്യബസുകൾ പണിമുടക്കിൽ പങ്കെടുക്കാത്തത്​. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ സമരം നേരിടാനാണ്​ സ്വകാര്യബസുകൾക്ക്​ അവിടെ പെർമിറ്റ്​ അനുവദിച്ചത്​. നഗരത്തിലെ യാത്രക്കാർ ആവശ്യപ്പെട്ടതോടെ​ 100 ബസിനാണ്​ അനുമതി നൽകിയത്​. കെ.എസ്​.ആർ.ടി.സി ജീവനക്കാർ യാത്രക്കാരെ കഷ്ടപ്പെടുത്തിയാൽ ബദൽ മാർഗം എന്ന നിലയിലേക്ക്​ തലസ്ഥാന നഗരത്തിൽ സ്വകാര്യബസുകൾ മാറി. ഇവ പണിമുടക്കിയാൽ പെർമിറ്റുകൾ തിരിച്ചെടുത്ത്​ കെ.എസ്​.ആർ.ടി.സിക്ക്​ നൽകാൻ സർക്കാറിന്​ കഴിയും. സംസ്ഥാനത്ത്​ മുഴുവൻ ഈ സാഹചര്യമാണെങ്കിലും ആകെയുള്ള 6418 ബസിൽ 3626 എണ്ണം മാ​ത്രം ഓടിക്കാൻ കഷ്ടപ്പെടുന്ന കെ.എസ്​.ആർ.ടി.സിക്ക്​ സ്വകാര്യബസുകൾക്ക്​ പകരം നിൽക്കാനാവില്ല. ഈ സാഹചര്യത്തിലാണ്​ തിരുവനന്തപുരം നഗരത്തിലൊഴികെ ബസ്​ സമരവുമായി ഉടമകൾ മുന്നോട്ടുപോകുന്നത്​. ടി. ജുവിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.