മുല്ലപ്പെരിയാറിൽ അനുകൂലവിധി പ്രതീക്ഷിക്കുന്നു -മന്ത്രി റോഷി അഗസ്റ്റിൻ

അടിമാലി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന് അനുകൂലമായ കോടതിവിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറിലെ സുരക്ഷാവീഴ്ച സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകളെ ബാധിക്കില്ലെന്നും വിഷയത്തില്‍ വിശദമായ പൊലീസ് അന്വേഷണം നടന്നുവരുകയാണെന്നും മ​ന്ത്രി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കഴിഞ്ഞ 13നാണ് കുമളി സ്വദേശികളായ രണ്ട് റിട്ട. എസ്.ഐമാരും ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന്‍റെ മകനുമടങ്ങുന്ന സംഘം മുല്ലപ്പെരിയാറില്‍ അനധികൃത സന്ദര്‍ശനം നടത്തിയത്. ഇവര്‍ക്കെതിരെ വനംവകുപ്പും പൊലീസും കേസെടുത്തിരുന്നു. തമിഴ്നാടിന്‍റെ ബോട്ട് മുല്ലപ്പെരിയാറിലേക്ക്​ പോകുന്നതിന് അനുമതിയുണ്ട്. എന്നാല്‍, കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന നാലുപേര്‍ എന്തിന് പോയി എന്നതാണ് പ്രധാനം. മുല്ലപ്പെരിയാര്‍ വിഷയത്തിൽ രണ്ട് സംസ്ഥാനം തമ്മില്‍ അകല്‍ച്ചയുണ്ടാകേണ്ട കാര്യമല്ല. കേരളത്തിന്​ സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്​. സുരക്ഷയെക്കുറിച്ച് ഉയരുന്ന ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. രാജ്യത്ത് ഇതുവരെ ഡാം ഡീ കമീഷനിങ്​ നടന്നിട്ടില്ലാത്തതിനാല്‍ ഇതുസംബന്ധിച്ച് പഠനം നടത്തണമെന്ന ആവശ്യവും സുപ്രീംകോടതിയില്‍ ഉന്നയിക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.